കൊച്ചി : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച യുവാവിന്റെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ നാട്ടുകാരനായ ഇതരസംസ്ഥാനക്കാരന് മുഹമ്മദ് ഷഫീഖിനെ(46)യാണ് കൊച്ചിയിലെ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷഫീഖിന്റെ മകന് മോനിക്കൊപ്പം എന്‍ഐഎയുടെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എത്തിയതാണ് ഇയാള്‍. ചൊവ്വാഴ്ചയാണ് ഇയാള്‍ കൊച്ചിയില്‍ എത്തി മുറിയെടുത്തത്. മോനിയെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചതാണെന്നാണ് ഹോട്ടല്‍ അധികൃതരോട് ഇയാള്‍ പറഞ്ഞത്.
വെള്ളിയാഴ്ച പുലര്‍ച്ചെ കുളിമുറിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഫീഖിനെ പലപ്പോഴും അസ്വസ്ഥനായിരുന്നെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു. മോനിയെ കഴിഞ്ഞദിവസം എന്‍ഐഎ ചോദ്യം ചെയ്തെന്നാണ് സൂചന. ഷഹീന് ബാഗില്‍ നേരത്തെ എത്തിയ അന്വേഷണ സംഘം മോനിക്കായി തെരച്ചില്‍ നടത്തുകയും, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവയപ്പ് കേസുമായി ബന്ധപ്പെട്ട സംഭവമായതിനാല്‍ വിശദമായ ഫൊറന്‍സിക് പരിശോധനകള്‍ക്കു ശേഷമേ യഥാര്‍ഥ മരണകാരണം വെളിപ്പെടുകയുള്ളു. അതേസമയം വിഷയത്തില്‍ എന്‍ഐഎ ഇതുവര പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: