ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നതിന് പിന്നില്‍ കൃത്രിമവ്യാപാരം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. അദാനിയെ ഗ്രൂപ്പിന്റെ സത്യസന്ധത ഉയര്‍ത്തിക്കാട്ടുന്ന ഈ സുപ്രീംകോടതി വിദഗ്ധ സമിതി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദാനി ഓഹരികളുടെ വില കുതിച്ചുയര്‍ന്നു.
അദാനി ഗ്രൂപ്പിന്റെ നട്ടെല്ലായ അദാനി എന്റര്‍പ്രൈസസിന്റെ വില 88 രൂപ കുതിച്ചുയര്‍ന്ന് 1950 രൂപയില്‍ എത്തി. അദാനി പോര്‍ട്സിന്റെ ഓഹരി വിലയിലും കുതിപ്പുണ്ടായി. അദാനി ഓഹരികളുടെ വില സ്വാഭാവികമായി ഉയര്‍ന്നതാണ്. കൃത്രിമ വ്യാപാരത്തിലൂടെ ഓഹരി വില ഉയര്‍ത്തിയതായുള്ള ഒരു ലക്ഷ്ണവും പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്റ്റിസ് എ.എ. സാപ്രെയുടെ നേതൃത്വത്തിലുള്ള ആറംഗ സമിതിയാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപണം പരിശോധിച്ചത്. കൃത്രിമ വ്യാപാരത്തിലൂടെ അദാനി ഓഹരി വില ഉയര്‍ത്തി എന്നതായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ഒരു ആരോപണം. ഇത് തെറ്റാണെന്ന് സുപ്രീംകോടതി വിദഗ്ധ സമിതി കണ്ടെത്തി.
അതേ സമയം രണ്ട് ഫോറിന് പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് ഉള്‍പ്പെടെ ആറ് കമ്പനികള്‍ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി കമ്പനികളുടെ ഓഹരികള്‍ വിറ്റഴിച്ച് ലാഭമുണ്ടാക്കി. ഇവര്‍ ഓഹരികള്‍ വിറ്റതിന് തൊട്ടുപിന്നാലെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്ന ബോംബ് പൊട്ടുന്നതും അദാനി ഓഹരികള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞതും. ഇവരുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ഓഹരി വിപണി നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയ്ക്ക് സാധിക്കും. കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവരാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് അദാനി ഓഹരികള്‍ വിറ്റ് പണമുണ്ടാക്കിയതെന്ന് കണ്ടെത്തണമെന്ന ആവശ്യവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: