പത്തനംതിട്ട: കോന്നി എംഎൽഎയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവുമായ കെ യു ജനീഷ്കുമാർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. മേൽമുണ്ട് പുതച്ചും കുറിതൊട്ടും പരമഭക്തശിരോമണിയായി എംഎൽഎ ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ഇതിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിഷേധം ഉയരുന്നുണ്ട്. കാരണം എംഎല്‍എയുടെ ക്ഷേത്രദര്‍ശനം പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തിരുത്തല്‍ രേഖയ്ക്കെതിരാണെന്ന് പറയുന്നു. പാര്‍ട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചരാനുഷ്ഠാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നതാണ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയുടെ തിരുത്തല്‍ രേഖയില്‍ പറയുന്നത്.
റാന്നിയിലെ കേരള കോൺഗ്രസ് (എം) എംഎൽഎ പ്രമോദ് നാരായണനും കൂടെയുണ്ടായിരുന്നു.
ക്ഷേത്ര ദർശനം നടത്തിയെന്ന് സ്ഥിരീകരിച്ച ജനീഷ് കുമാർ പാർട്ടിയുടെ വിലക്കോ നിർദേശമോ ഒന്നും തന്നെ ഇക്കാര്യത്തിൽ ഇല്ലെന്ന് വ്യക്തമാക്കി. “ക്ഷേത്രദർശനം നടത്തിയെന്നതു ശരിയാണ്. വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽനിന്നു വിട്ടുനിൽക്കണമെന്ന നിർദേശം പാര്‍ട്ടി നല്‍കിയിട്ടില്ല. പോയതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണോ എന്നതു വ്യക്തിപരമായ കാര്യമാണ്”- എംഎൽഎ പ്രതികരിച്ചു.
മുൻപ് കേന്ദ്രകമ്മിറ്റിയംഗം ഇ പി.ജയരാജന്റെ ക്ഷേത്രദര്‍ശനം വന്‍ വിവാദമാവുകയും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു മന്ത്രിയായിരുന്ന ഇവി ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം നഷ്ടമായപ്പോഴാണ് കണ്ണൂരിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: