തിരുവല്ല: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുക ലഭിക്കാനുള്ള അപേക്ഷയോടൊപ്പം മെഡിക്കല്‍ രേഖകളും നിര്‍ബന്ധമാക്കി. എന്നാല്‍, മെഡിക്കല്‍ രേഖകള്‍ നല്കാന് ബാധ്യസ്ഥരായ ആരോഗ്യ വിഭാഗത്തിന് ഉത്തരവിന്റെ പകര്‍പ്പ് നല്‍കാത്തത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് വിമര്‍ശനം.
സിഎംഡിആര്‍എഫ് പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ ഉള്‍ക്കൊള്ളിക്കുന്ന രേഖകള്‍, വിവരങ്ങള്‍ എന്തെല്ലാമായിരിക്കണമെന്ന് നിഷ്കര്‍ഷിച്ച് നേരത്തെ നിരവധി സര്‍ക്കുലറുകള്‍ റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ഭൂരിഭാഗം കേസുകളിലും ഇവ പാലിക്കപ്പെടുന്നില്ലെന്ന് ബോധ്യപ്പെട്ടാണ് പുതിയ ഉത്തരവ്. വലിയ തുക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും അതിന് ആധാരമായി ആശുപത്രികളില്‍ നിന്നുള്ള ബില്ലുകളോ ട്രീറ്റ്മെന്റ് വിവരങ്ങളോ അറ്റാച്ച് ചെയ്യാതെ വരുന്ന അപേക്ഷകളിലാണ് ഇത് ബാധകമാക്കിയത്.
ഈ സ്വഭാവത്തിലുള്ള അപേക്ഷകള്‍ തിരികെ അയച്ച് വിശദാംശങ്ങള്‍ വാങ്ങേണ്ട സ്ഥിതിയിലാണ് റവന്യൂ വകുപ്പ്. ഇതുകാരണം അര്‍ഹതപ്പെട്ട കേസുകളില്‍ ധനസഹായം അനുവദിക്കുന്നതിന് കാലതാമസവും നേരിടുന്നു. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഉത്തരവിറക്കിയത്. ഇതിന് പ്രകാരം നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും അപേക്ഷ സമര്‍പ്പിക്കുന്ന തീയതിക്ക് ആറു മാസത്തിനകം ഉള്ളതായിരിക്കണം.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചെലവായ തുക ഒരു ലക്ഷത്തിന് മുകളിലുള്ള കേസുകളില്‍ നിര്‍ബന്ധമായും മെഡിക്കല്‍ ബില്ലുകളും ട്രീറ്റ്മെന്റ് വിശദാംശങ്ങളും ഡിസ്ചാര്‍ജ് സമ്മറിയും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. തീയതിയടക്കം ഐപി, ഒപി നമ്പര്‍ വേണം. അപകടമരണ കേസുകളില്‍ മരിച്ച സ്ത്രീ 18 വയസിനും പുരുഷന് 21 വയസിനും മുകളിലാണെങ്കില്‍ വിവാഹിതരാണോ എന്നും റിപ്പോര്‍ട്ട് ചെയ്യണം. ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ അപേക്ഷകന്റെ പേര് ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡ് നമ്പറും ആധാര്‍ നമ്പറും നിര്‍ബന്ധമായും നല്‍കാനും നിഷ്കര്‍ഷിക്കുന്നു. ദുരിതാശ്വാസനിധി സഹായത്തിനുള്ള അപേക്ഷകള്‍ കൈകാര്യം ചെയ്യുമ്പോള്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒട്ടേറെ ആശയക്കുഴപ്പങ്ങളുണ്ടാകുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ഇതില്‍ വ്യക്തത വരുത്തിയും കൃത്യമായ നിര്‍ദേശം നല്‍കിയും സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
പ്രകൃതിക്ഷോഭത്തില്‍ ഇരയായവര്‍, വിവിധതരം വൈദ്യചികിത്സകള്‍ തേടുന്നവര്‍, ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് മുഖ്യമന്ത്രി അനുയോജ്യമെന്ന് കരുതുന്ന പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് ആശ്വാസ ധനസഹായം നല്‍കുന്നത്. ഇതുകൂടാതെ വാര്‍ധക്യം, ശാരീരിക അവശതകള്‍ എന്നിവ കാരണം ബുദ്ധിമുട്ടുന്നവര്‍ക്കും ബിപിഎല്‍ വിഭാഗകാര്‍ക്കും ധനസഹായം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: