ധര്‍മ്മശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ലെ മലയാളി നായകന് സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സും പഞ്ചാബ് കിങ്സും ഇന്ന് സീസണിലെ രണ്ടാം നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. രാത്രി 7.30ന് ധര്‍മ്മശാലയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇരുവര്‍ക്കും കാര്യമായ പ്രതീക്ഷയ്ക്ക് വകയില്ല. പക്ഷെ നിലവിലെ സ്ഥിതിയനുസരിച്ച് തോല്‍ക്കാതിരുന്നാല്‍ ഒരുപക്ഷേ അവസാന നിമിഷം പ്ലേഓഫില്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.
സ്ഥിതിഗതികള്‍ അങ്ങനെയാണെന്നിരിക്കെ രാജസ്ഥാനും പഞ്ചാബും ഇന്ന് ഫൈനലിന് സമാനമായ പോരാട്ടത്തിനായിരിക്കും ഇറങ്ങുക. പട്ടികയില്‍ 12 പോയിന്റുമായി ആറാം സ്ഥാനത്താണ് സഞ്ജു നയിക്കുന്ന രാജസ്ഥാന്. ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ എട്ടാം സ്ഥാനത്താണ്. പക്ഷെ ഇന്ന് രാജസ്ഥാനെ തോല്‍പ്പിച്ചാല്‍ കാര്യങ്ങള്‍ മാറും.
ഇരുവരും തമ്മില്‍ സീസണില്‍ ആദ്യം കൊമ്പുകോര്‍ത്തപ്പോള്‍ ഇടിമിന്നല്‍ പോരാട്ടമാണ് കണ്ടത്. ഏപ്രില്‍ അഞ്ചിന് നടന്ന ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് കിങ്സ് 197 റണ്‍സെടുത്തു. വാശിപ്പോരില്‍ രാജസ്ഥാന് കിണഞ്ഞു ശ്രമിച്ചെങ്കിലും 192 റണ്‍സ് വരെയെ എത്തിപ്പിടിക്കാന്‍ സാധിച്ചുള്ളൂ. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരമായിരുന്നു അത്.
ഭാഗ്യപരീക്ഷണങ്ങള്‍ക്കൊടുവില്‍ പ്ലേ ഓഫിലേക്ക് ജീവന് നീട്ടിക്കിട്ടിയേക്കും എന്ന പ്രതീക്ഷയില്‍ ഇരുകൂട്ടരും ഇറങ്ങുമ്പോള്‍ ഇന്നത്തെ മത്സരം തീ പാറുമെന്ന് ഉറപ്പാണ്. തുടക്കത്തിലെ പോരായ്മകള്‍ക്ക് ശേഷം രാജസ്ഥാന് നായകന് സഞ്ജു ഫോമിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്. മുമ്പത്തെ രണ്ട് സീസണുകളില്‍ തുടക്കത്തിലേ മിന്നും ഫോമില്‍ കളിച്ച നായകന് ഇക്കുറി ആദ്യ മത്സരങ്ങളില്‍ ഫോമൗട്ട് ആകുകയും ഇപ്പോള്‍ സ്വതസിദ്ധമായ താളം കണ്ടെത്തുകയും ചെയ്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: