കൊച്ചി: കൊച്ചിയില്‍നിന്ന് മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേയ്ക്ക് പോയ കോര്‍പറേഷന്റെ ലോറി ചെമ്പുമുക്കില്‍ തടഞ്ഞു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കൊച്ചി കോര്പറേഷന് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നതെന്ന് അജിത പറഞ്ഞു.
കൊച്ചി കോര്‍പ്പറേഷനെതിരെ പോലീസ് കേസെടുക്കണമെന്ന് അജിത തങ്കപ്പന് ആവശ്യപ്പെടുന്നു. കോര്പറേഷന് മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയിലെ മാലിന്യവും കൊണ്ടുപോകണമെന്ന് അജിത വ്യക്തമാക്കി. കൊച്ചി കോര്‍പറേഷന്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത പ്രതികരിച്ചു. സ്ഥലത്ത് ഭരണസമിതി അംഗങ്ങളും പോലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്.
തീപിടുത്തത്തിനുശേഷം ബ്രഹ്മപുരത്തേക്ക് കൊച്ചി കോര്പ്പറേഷന് ഒഴികെയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യം കൊണ്ടു പോകുന്നില്ല. ഇതാണ് തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തിന് കാരണമായത്. മാലിന്യ പ്രശ്നം പരിഹരിക്കുംവരെ സമരം തുടരുമെന്നും അജിത പറഞ്ഞു.
ഞങ്ങളുടെ പ്രതിഷേധത്തില്‍ രാഷ്ട്രീയമില്ലെന്നും ജനങ്ങളുടെ ആശങ്കയാണ് തങ്ങള്‍ ഈ പ്രതിഷേധത്തിലൂടെ അറിയിക്കാന്‍ ശ്രമിക്കുന്നതെന്നും അജിത തങ്കപ്പന് പറഞ്ഞു. ഇപ്പോള്‍ ബയോബിന്നാണ് മാലിന്യനിക്ഷേപത്തിനായി തൃക്കാക്കരയില്‍ ഉപയോഗിക്കുന്നത്. റോഡുകളിലേക്കും തോടുകളിലേക്കും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: