മുഹമ്മ: തെങ്കാശിയില്‍ നടന്ന നാഷണല്‍ സബ്ജൂനിയര് പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ സ്വര്‍ണം ഉയര്‍ത്തി എം. ആര് ആശംസ. എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ്സ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ആശംസ 57 കിലോയിലാണ് സുവര്‍ണ നേട്ടം കൈവരിച്ചത്.ഏഷ്യന്‍ ക്ലാസ്സിക് പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടിയിരുന്നു. മുഹമ്മ എബിവി ജിംനേഷ്യത്തില്‍ കായികാധ്യാപകന് വി.സവിനയന്റെ ശിക്ഷണത്തില്‍ രണ്ട് വര്‍ഷമായി പരിശീലനം നേടുന്ന ആശംസ ഇതിനകം ദേശീയ – സംസ്ഥാന മത്സരങ്ങളിലായി ഏഴ് മെഡല്‍ നേടി. ദേശീയ തലത്തില്‍ രണ്ട് സ്വര്‍ണവും വെള്ളിയും സംസ്ഥാന തലത്തില്‍ നാല് സ്വര്‍ണ മെഡലുമാണ് കഠിന പരിശ്രമത്തിലൂടെ ഈ കായികതാരം സ്വന്തമാക്കി നാടിന്റെ അഭിമാനമായത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അത്ലറ്റിക്സില് ജില്ലാ തലത്തില്‍ മെഡലുകള്‍ നേടാനും ആശംസയ്ക്ക് കഴിഞ്ഞിട്ടുണ്ട്.മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡ് മൂപ്പന്പറമ്പ് രാജിയുടെയും ലേഖയുടെയും മകളാണ് ആശംസ.
സ്കൂളിലെ എ ബി വി ജിമ്മിലൂടെ ഇതുവരെ ഏഴു വിദ്യാര്‍ഥിനികള്‍ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുത്തു സ്വര്‍ണം ഉള്‍പ്പെടെയുള്ള മെഡലുകള്‍ നേടിയിട്ടുണ്ട്.സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപീകരിച്ച സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മികച്ച പരിശീലനം കായികതാരങ്ങള്‍ക്ക് നല്കി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: