തൃശൂര്‍: വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ ഉള്‍പ്പെടെ പൊതു പരിപാടികള്‍ നടത്തുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി ഉത്തരവ്. തൃശൂര്‍ പൂരത്തിന്റെയും ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളുടെയും കാര്യത്തിനായല്ലാതെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ മറ്റ് പരിപാടികളൊന്നും അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്.
ക്ഷേത്ര മൈതാനിയില്‍ പ്ലാസ്റ്റിക്കും ജൈവ – അജൈവ മാലിന്യങ്ങളും നിക്ഷേപിക്കുന്നത് കര്‍ശനമായി തടയണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവര്‍ ഉത്തരവില്‍ പറയുന്നു. ക്ഷേത്ര മൈതാനിയിലോ നടപ്പാതകളിലോ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഭക്തരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതാണെന്നും ഇത് ദേവസ്വം ബോര്‍ഡ് അനുവദിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിയായ കെ.ബി. സുമോദ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. തൃശൂര്‍ പൂരത്തിനും അതോടനുബന്ധിച്ച് നടക്കുന്ന പൂരം പ്രദര്ശനത്തിനുമാ യല്ലാതെ മറ്റൊരു പരിപാടികള്‍ക്കും ക്ഷേത്രഭൂമി അനുവദിക്കരുതെന്ന് 2013 ല്‍ തന്നെ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളതാണെന്നും ഈ ഉത്തരവ് പാലിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് ശ്രദ്ധ കാണിക്കണമെന്നുമാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്.
ഏതെങ്കിലും സംഘടനകളോ സ്ഥാപനങ്ങളോ പരിപാടികള്‍ നടത്താന്‍ അപേക്ഷ നല്കുന്ന പക്ഷം അക്കാര്യം ഹൈക്കോടതിയുടെ പരിഗണനക്ക് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശപ്രകാരം മാത്രമേ തീരുമാനം എടുക്കാവൂ എന്നും ഉത്തരവില്‍ കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോര്‍ഡിനാണ്. സ്വകാര്യവ്യക്തികള്‍ തങ്ങളുടെ സ്വത്ത് സംരക്ഷിക്കുന്നതുപോലെ ദേവസ്വം ഭൂമി ദേവസ്വം ബോര്‍ഡ് സംരക്ഷിക്കണം. അതില്‍ വീഴ്ച വരുത്തുന്നത് ഗൗരവമായ കുറ്റമായി കണക്കാക്കുമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഗവ. ചീഫ് സെക്രട്ടറി, ദേവസ്വം വകുപ്പ് സെക്രട്ടറി, കൊച്ചിന് ദേവസ്വം ബോര്‍ഡ്, തൃശൂര്‍ ജില്ലാ കളക്ടര്‍, തൃശൂര്‍ പോലീസ് കമ്മീഷണര്‍, മുനിസിപ്പല്‍ കോര്പറേഷന് എന്നിവരെ എതിര്‍കക്ഷികള്‍ ആക്കിയുള്ള ഹര്‍ജിയിലാണ് വിധി.
തുടര്‍ച്ചയായി വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ ഹൈക്കോടതിവിധി ലംഘിക്കപ്പെടുന്നു എന്നും പൊതു പരിപാടികള്‍ നടത്തുന്നതിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ ക്ഷേത്രഭൂമി കയ്യേറി ഭക്തര്‍ക്കും മറ്റും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേത്രഭൂമിയില്‍ രാത്രികാലങ്ങളില്‍ സംഗീത നിശകള്‍ നടത്തുന്നതും ഹൈക്കോടതി ഉത്തരവില്‍ കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ഇത്തരം പരിപാടികള്‍ ക്ഷേത്ര അന്തരീക്ഷത്തിന് വിരുദ്ധമാണെന്നും അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. 2013 ലെ ഉത്തരവില്‍ കോടതി അനുവദിച്ച കാര്യങ്ങള്‍ക്ക് പുറമേ മറ്റൊരു കാര്യങ്ങള്‍ക്കും ക്ഷേത്രഭൂമി ഉപയോഗിക്കരുത്.
രാത്രികാലങ്ങളില്‍ അനധികൃത പാര്‍ക്കിംഗും അതിന്റെ മറവില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യവും തടയാന്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. തൃശൂര്‍ നഗരത്തിന്റെ ഹൃദയമാണ് വടക്കുന്നാഥ ക്ഷേത്രഭൂമി. ക്ഷേത്ര മൈതാനം ഹരിതാഭമായി സംരക്ഷിക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ കര്ത്തവ്യമാണ.് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരില്‍ ക്ഷേത്രഭൂമിയില്‍ ഒരുതരത്തിലുള്ള നിര്‍മാണവും നടത്താന്‍ അനുവദിക്കില്ല. ക്ഷേത്ര മൈതാനിയില്‍ പൂരത്തിന് ഉപയോഗപ്പെടുത്തുന്ന സ്ഥലം ഒഴികെ ബാക്കി എല്ലാ ഭാഗത്തും മരങ്ങള്‍ വച്ചുപിടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത കൊച്ചിന് ദേവസ്വം ബോര്‍ഡിനും ജില്ലാ കളക്ടര്ക്കുമാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകരായ ഷീലാദേവി, കെ.ആര്. സുനില്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: