മുംബൈ : ദ കേരള സ്റ്റോറി യുകെയിലും റിലീസ് ചെയ്യുന്നു. മെയ് 12 ന് ചിത്രം യുകെയില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ലഭിക്കാന്‍ താമസിച്ചതോടെ ഇത് നീണ്ട് പോവുകയായിരുന്നു. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് വരുമാനം 150 കോടിയില്‍ എത്തിയതിന് പിന്നാലെയാണ് യുകെയിലും ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സംവിധായകന് സുദീപ്തോ സെന്നാണ് ചിത്രത്തിന്റെ റിലീസിങ് സംബന്ധിച്ച വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ‘അഭിനന്ദനങ്ങള്‍, ഗ്രേറ്റ് ബ്രിട്ടണ്, നിങ്ങള്‍ ജയിച്ചിരിക്കുന്നു. ഭീകരവാദം പരാജയപ്പെട്ടു. നിങ്ങളുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു. തീവ്രവാദത്തിനെതിരായ വലിയ വിപ്ലവത്തിന് ബ്രിട്ടീഷ് ജനതയ്ക്ക് ഇനി സാക്ഷിയാകാം’. എ്നനായിരുന്നു സെന്നിന്റെ പ്രതികരണം.
മെയ് 5 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 20 കോടി രൂപ ബജറ്റില്‍ ഒരുക്കിയ ചിത്രം ബോളിവുഡില്‍ വിപുല്‍ ഷായാണ് നിര്‍മിച്ചത്. ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് നികുതിയിളവും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ കൂടാതെ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലും ചിത്രം കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു. 200ല്‍ അധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: