ന്യൂദല്‍ഹി : കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ഡി.കെ. ശിവകുമാറിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ജന്‍പഥ് പത്തിലെ സോണിയാഗാന്ധിയുടെ വസതിയില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പട്ട് ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെയാണ് ഡി.കെ. ശിവകുമാറിന് മന്ത്രി സ്ഥാനം നല്‍കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്.
സിദ്ധരാമയ്യ കര്‍ണാടക മുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. ഇതുസംബന്ധിച്ചുള്ള ഔദ്യോഗീക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനമില്ലാതെ പിന്നോട്ടില്ലെന്നാണ് ഡി.കെ. ശിവകുമാറിന്റെ നിലപാട്. ഇരു വിഭാഗവും തമ്മില്‍ ഇതുസംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാന്‍ തുടങ്ങിയതോടെ രാഹുല്‍ വിളിച്ചത് പ്രകാരം ഡി.കെ ചര്‍ച്ചയ്‌ക്ക് എത്തിയിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ ഒൗദ്യോഗീക വസതിയിലാണ് ചര്‍ച്ച നടക്കുന്നത്. രാവിലെ സിദ്ധരാമയ്യയുമായും രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. സോണിയ സ്ഥലത്തില്ല.
ടേം അനുസരിച്ച് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സിദ്ധരാമയ്യയേയും ഡി.കെ. ശിവകുമാറിനേയും അറിയിച്ചത്. ഇത് പ്രകാരം ആദ്യം അവസരം സിദ്ധരാമയ്യയ്‌ക്കാണ്. പകരം ഉപമുഖ്യമന്ത്രി സ്ഥാനവും ശിവകുമാര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് മന്ത്രി സ്ഥാനവും വാഗ്ദാനംചെയ്തിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം കിട്ടാതെ പിന്നോട്ടില്ലെന്ന് തന്നെയാണ് ഡികെയുടെ നിലപാട്. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളതാണ്. സിദ്ധരാമയ്‌ക്ക് നേരത്തെ അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ചതാണ്. അധികാരത്തിലുള്ളപ്പോഴും പ്രതിപക്ഷ നേതാവായപ്പോഴും പാര്‍ട്ടി താല്‍പ്പര്യങ്ങളേക്കാള്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കാണ് സിദ്ധരാമയ്യ മുന്‍തൂക്കം നല്‍കിയത്. 76 കാരനായ അദ്ദേഹം മറ്റുള്ളവരുടെ വളര്‍ച്ചയ്‌ക്ക് തടസ്സമാകുന്നു. സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ 2018 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിട്ടില്ല. 2019 ല്‍ കൂറുമാറിയവര്‍ സിദ്ധരാമയ്യയുടെ അടുപ്പക്കാരാണെന്നും തുടങ്ങിയ വിമര്‍ശമങ്ങളാണ് ഡികെ ഉന്നയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: