ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനായി മറ്റന്നാള്‍ യാത്ര തിരിക്കും. ജി-7 ഉച്ചകോടിക്കുള്ള ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ ക്ഷണപ്രകാരം 19 മുതല്‍ 21 വരെ മോദി ജപ്പാനിലെ ഹിരോഷിമ സന്ദര്‍ശിക്കും. ഉച്ചകോടിക്കിടെ അംഗ രാജ്യങ്ങളുമായുള്ള ജി-7 യോഗങ്ങളില്‍, സമാധാനം, സ്ഥിരത, ഭക്ഷണം, വളം, ഊര്‍ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി സംസാരിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും.
ഇന്ത്യ-പസഫിക് ദ്വീപ് സഹകരണ ഫോറത്തിന്റെ മൂന്നാമത് ഉച്ചകോടിക്ക് സംയുക്തമായി ആതിഥേയത്വം വഹിക്കാന്‍ പ്രധാനമന്ത്രി പിന്നീട് പാപുവ ന്യൂ ഗിനിയയിലെ പോര്‍ട്ട് മോറെസ്ബിയിലേക്ക് പോകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ കൂട്ടായ്മയില്‍ ഇന്ത്യയും പതിനാലു പസഫിക് ദ്വീപ് രാജ്യങ്ങളും ഉള്‍പ്പെടുന്നു. ഫിജി, പാപുവ ന്യൂ ഗിനിയ, ടോംഗ, തുവാലു, കിരിബാത്തി, സമോവ, വനുവാട്ടു, നിയു, ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ, റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ദ്വീപുകള്‍, കുക്ക് ദ്വീപുകള്‍, പലാവു, നൗറു, സോളമന്‍ ദ്വീപുകള്‍ എന്നിവയാണവ.
ഗവര്‍ണര്‍ ജനറല്‍ ബോബ് ഡാഡെ, പ്രധാനമന്ത്രി ജെയിംസ് മറാപെ എന്നിവരുമായി പ്രധാനമന്ത്രി മോദി പാപുവ ന്യൂ ഗിനിയയില്‍ കൂടിക്കാഴ്ചകള്‍ നടത്തും. പാപ്പുവ ന്യൂഗിനിയയില്‍ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്.അന്നേ ദിവസം പ്രധാനമന്ത്രി ഓസ്ട്രേലിയയിലെ സിഡ്നി സന്ദര്‍ശിക്കും.24 ന് മോദി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. 23 ന് സിഡ്നിയില്‍ നടക്കുന്ന പരിപാടിയില്‍ ഓസ്ട്രേലിയന്‍ സിഇഒമാരുമായും ബിസിനസ് മേധാവികളുമായും പ്രധാനമന്ത്രി സംവദിക്കുകയും ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്യുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക