പത്തനംതിട്ട : ശബരിമല പൊന്നമ്പലമേട്ടില്‍ അനധികൃതമായി കടന്നുകയറി പൂജ നടത്തിയ നാരായണന് നമ്പൂതിരിക്കായി പോലീസ് തെരച്ചിലില്‍. പൂജ നടത്തിയ നാരായണ്‍ നമ്പൂതിരി, കുമളി സ്വദേശി എന്നിവര്‍ അടക്കം ഏഴ് പേര്‍ക്കായാണ് പോലീസ് അന്വേഷണം നടത്തുന്നത്. അഞ്ച് പേര് തമിഴ്നാട് സ്വദേശികളാണ്. അതിക്രമിച്ച് കടന്നതില്‍ ഇവര്‍ക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മേയ് എട്ട് തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് വനം വകുപ്പ് താത്കാലിക ജീവനക്കാര്‍ ഉള്‍പ്പടെ ഒമ്പത് പേര് ഇതിനോടകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നാരായണന് നമ്പൂതിരിക്ക് അറസ്റ്റിലായവരുമായി മുന്‍ പരിചയമുണ്ടായിരുന്നു. സംഘത്തെ കൊണ്ടുപോയത് വനംവികസന കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരായ രാജേന്ദ്രന് കറുപ്പയ്യയും സാബു മാത്യൂസുമാണെന്നുമാണ് വിവരം. തൃശ്ശൂര്‍ സ്വദേശിയായ നാരായണന് നമ്പൂതിരി എറെക്കാലമായി ചെന്നൈയിലാണ് താമസിച്ചുവരുന്നത്.
കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ക്ക് പണം നല്കി അകത്ത് കടക്കുകയായിരുന്നു. നാരായണന് നമ്പൂതിരി ശബരിമല കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ശബരിമല ദര്‍ശനത്തിയപ്പോഴാണ് കറുപ്പയ്യയും സാബു മാത്യൂസുമായും പരിചയത്തിലാകുന്നത്. ആറുപേര്‍ക്കൊപ്പമാണ് നാരായണന് നമ്പൂതിരി വള്ളക്കടവില്‍ എത്തിയത്. പൊന്നമ്പലമേട്ടിലേക്ക് എത്തിക്കാന്‍ കറുപ്പയ്യയ്ക്കും സാബു മാത്യൂസിനും 3,000 രൂപ നല്കി പൊന്നമ്പലമേട്ടിലെത്തുകയായിരുന്നു. പത്തനംതിട്ട മൂഴിയാര്‍ പോലീസുകൂടി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ദേവസ്വം ബോര്‍ഡിന്റെ കൈവശത്തിലും നടത്തിപ്പിലുമുള്ള ഹിന്ദു മതവിശ്വാസികള്‍ പവിത്രവും പരിപാവനവും ശബരിമല ശാസ്താവിന്റെ മൂലസ്ഥാനവുമായി കരുതുന്ന പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പരിപാവനതയെ കളങ്കപ്പെടുത്തണമെന്നും അയ്യപ്പഭക്തരെ അവഹേളിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ആചാരവിരുദ്ധമായ പൂജ നടത്തി വിശ്വാസികളെ അവഹേളിച്ചുവെന്നാണ് പോലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 295, 295-എ, 447, 34 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെങ്കിലും കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിക്കാരുടെ സഹായി ആയിരുന്ന സമയത്ത് പ്രതി നാരായണനെതിരെ ചില തട്ടിപ്പ് ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: