പാലക്കാട്: ചിട്ടയായ പരിശീലനവും പുറമെ മാതാപിതാക്കളുടെ കരുതലും സ്നേഹവും മാത്രം മതി, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെപ്പോലും സാധാരണ കുട്ടികളെക്കാള്‍ കഴിവുള്ളവരാക്കി മാറ്റിയെടുക്കാന്‍. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് അനന്തന് എന്ന 15 കാരന്. തിരുമല എഎംഎച്ച്എസി ലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈ കുട്ടി ഓട്ടിസം ബാധിത വിഭാഗത്തില്‍ പെടുന്നുണ്ടെങ്കിലും സമപ്രായക്കാരായ കുട്ടികളെക്കാള്‍ കലാ, കായിക പരിപാടികളിളെല്ലാം തന്നെ മുന്‍പന്തിയിലാണ്.
പെന്‍സില്‍ ഡ്രോയിങും കളറിങും അനന്തന് എന്നും പ്രിയപ്പെട്ടതാണ്. വീടിന്റെ ചുമര് മുഴുവന്‍ അനന്തന് വരച്ച ചിത്രങ്ങളാണെന്നാണ് മാതാപിതാക്കളും പറയുന്നത്. കടലും കടല്‍ക്കരയും പ്രകൃതിയുമാണ് ഈ കുട്ടിയുടെ വരകളില്‍ കൂടുതലും കാണാന്‍ കഴിയുക. പാറ്റൂരിലെ ഭിന്നശേഷിക്കുട്ടികളുടെ കൂട്ടായ്മയായ ഏഞ്ചല്‍സ് വേള്‍ഡിലെ മികച്ച പഠിതാക്കളില്‍ ഒരാള്‍ കൂടിയാണ് ഈ പതിനഞ്ചുകാരന്. ഒഴിവു സമയങ്ങളില്‍ വരകളും വര്‍ണങ്ങളുമാണ് കളിക്കൂട്ടുകാര്‍.
ആറ്റുകാലിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുമുള്ള കല്ച്ചുമരുകളില് കൊത്തിവെച്ച ദേവീ ദേവഗണങ്ങളുടെ പേരുകളെല്ലാം മുതിര്‍ന്നവര്‍ക്കു പോലും സാധിക്കാത്ത തരത്തില്‍ ഹൃദിസ്ഥമാണ് അനന്തന്റെ മനസില്‍. ശിവ – വിഷ്ണു അഷ്ടോത്തര ശതനാമാവലികളും മന:പാഠമാണ് ഈ കുട്ടിക്ക്. മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ ഹിന്ദിയും തമിഴും എഴുതുന്നതിലും വായിക്കുന്നതിലുമുള്ള അനന്തന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തും. നല്ലൊരു ബാറ്റ്മിന്റന്‍, ബാസ്കറ്റ്ബോള്‍ താരം കൂടിയാണ് ഈ കുട്ടി. പരിശീലനവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാമെന്നതിനു മറ്റു കുട്ടികള്‍ക്കും മാതൃകയാവുകയാണ് ഈ കുട്ടി. തിരുമല ഓടന്‍കുഴി ലൈനില്‍ താമസിക്കുന്ന റിട്ട. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ പ്രദീപ്കുമാറിന്റെയും ശ്രീചിത്തിര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ സുരേഖയുടെയും മകനാണ് അനന്തന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: