കാടാമ്പുഴ: ‘മാനവസേവയാണ് യഥാര്‍ത്ഥ മാധവസേവ’ എന്ന് വിശ്വസിക്കുന്നവരാണ് കാടാമ്പുഴ ക്ഷേത്രത്തിന്റെ ദേവസ്വം ഭാരവാഹികള്‍. അതുകൊണ്ട് തന്നെയാണ് ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ചെറിയ ക്ലിനിക്കിന് പകരം ഒരു ഡയാലിസിസ് കേന്ദ്രം തുടങ്ങാന്‍ ആലോചിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു അത്യാധുനിക കിഡ്നി മാറ്റിവെയ്ക്കല്‍ കേന്ദ്രമായി(നെഫ്രോളജി സെന്‍റര്‍) ഇതിനെ മാറ്റുകയാണ് ലക്ഷ്യം.
ദിവസേന 100 പേര്‍ക്ക് സൗജന്യ ഡയാലിസിസ്
1988 മുതല്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ധര്‍മ്മാശുപത്രിയുടെ തുടര്‍ച്ചയായി നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നല്‍കുകയാണ് ലക്ഷ്യം. 25 മെഷീന്‍ ഉള്‍പ്പെടുന്ന ഡയാലിസിസ് സംവിധാനമാണ് ഉള്ളത്. ഇത് നാല് ഷിഫ്റ്റിലായി പ്രവര്‍ത്തിപ്പിച്ച് ദിവസേന 100 പേര്‍ക്ക് ഡയാലിസിസ് സേവനം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.
കാടാമ്പുഴ ക്ഷേത്രത്തെപ്പറ്റി ഒരല്‍പം
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള 134 ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വരുമാനം കിട്ടുന്ന ക്ഷേത്രമാണ് കാടാമ്പുഴ ക്ഷേത്രം. മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് മാറാക്കര പഞ്ചായത്തിലാണ് കാടാമ്പുഴ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള പാർവ്വതി ആയി ഇവിടെ ആരാധിയ്‌ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല. പകരം, ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ക്ഷേത്രത്തിൽ ദേവീപ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിക്കപ്പെടുന്നു. കിരാതപാർവ്വതീദേവിയുടെ ഉഗ്രഭാവം കുറയ്‌ക്കുവാൻ വേണ്ടി പ്രതിഷ്ഠാവേളയിൽ സുദർശനമന്ത്രവും നരസിംഹമന്ത്രവും ജപിച്ചു പ്രീതിപ്പെടുത്തുകയും ദേവിയുടെ അമിതതേജസ്സിനെ നിയന്ത്രിച്ച് ശ്രീകോവിലിന്റെ മദ്ധ്യത്തിൽ കാണുന്ന ദ്വാരത്തിലേക്ക് സന്നിവേശിപ്പിച്ച് ശാന്തസ്വരൂപിണി ആക്കിത്തീർക്കുകയും ചെയ്തു എന്നാണു വിശ്വാസം.ഇവിടത്തെ ‘പൂമൂടൽ’, ‘മുട്ടറുക്കൽ’ എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്. ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നത്.
ക്ഷേത്ര ഭരണസമിതിയും ഭക്തരും ചേര്‍ന്ന് ഉയര്‍ത്തിയത് 10 കോടിയുടെ ഡയാലിസിസ് സെന്‍റര്‍
ക്ഷേത്ര ഭരണസമിതിയും ഭക്തരും ചേര്‍ന്നാണ് ഡയാലിസിസ് സെന്‍ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കൂടാതെ ചില ബിസിനസ് സ്ഥാപനങ്ങളുടെയും സഹായം ലഭിച്ചു. സാധാരണ ഭക്തര്‍ പോലും വന്‍തോതില്‍ സംഭാവന ചെയ്തു. ഒരു ഭക്തന്‍ ആംബുലന്‍സ് നല്‍കി. മറ്റൊരു ഭക്തന്‍ ഡയാലിസിസ് യന്ത്രം നല്‍കി.
തിരുവനന്തപുരത്തെ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് വലിയ സഹായം വാഗ്ദാനം ചെയ്തു. ശോഭാഗ്രൂപ്പും ധനസഹായം നല്‍കി. സാധാരണഭക്തരും വലിയൊരു സഹായമാണ് ചെയ്തതെന്ന് കാടാമ്പുഴ ദേവസ്വം ഭാരവാഹികള്‍ പറയുന്നു.
ഒരു കിഡ്നിയുെട രൂപത്തിലാണ് ഡയാലിസിസ് സെന്‍റര്‍ പണിതിരിക്കുന്നത്. പത്ത് കോടി രൂപയാണ് ആദ്യഘട്ടത്തില്‍ ചെലവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: