കേരളത്തിലെ പുറംകടലില്‍നിന്ന് ഓപ്പറേഷന് സമുദ്രഗുപ്തയിലൂടെ 25,000 കോടി രൂപയുടെ ലഹരി മരുന്ന് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിടികൂടിയത് രാജ്യത്തെ മയക്കുമരുന്നു വേട്ടകളില്‍ ഏറ്റവും വലിയതാണ്. ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളില്‍നിന്നു ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ പുറംകടലില്‍നിന്ന് നാവിക സേനയുടെ സഹായത്തോടെ മെത്തഫെറ്റാമിന്‍, ഹാഷിഷ് ഓയില്‍, ഹെറോയിന്‍ എന്നിവയുടെ വന്‍ശേഖരം പിടികൂടിയത്. പാകിസ്ഥാനില്‍ വിതരണം ചെയ്യുന്ന ബസ്മതി അരിച്ചാക്കുകളില്‍ പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന ഈ ലഹരിമരുന്ന് പിടിച്ചെടുത്ത് കൊച്ചി തുറമുഖത്തെത്തിച്ച് വിശദമായ പരിശോധന നടത്തിയപ്പോഴാണ് ഇവയുടെ അതിഭീമമായ വില കണക്കാക്കാന്‍ കഴിഞ്ഞത്. പിടിയിലായ പാകിസ്ഥാന് സ്വദേശിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ച് മയക്കുമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനില്നിന്നാണെന്നും, കുപ്രസിദ്ധ ലഹരിക്കടത്തു സംഘമായ ഹാജി സലിം നെറ്റ് വര്‍ക്കിന്റെതാണ് ഇതെന്നും സ്ഥിരീകരിച്ചിട്ടുമുണ്ട്. സാധാരണ തുറമുഖങ്ങളില്‍ അടുക്കാന്‍ കഴിയാത്ത മദര്‍ഷിപ്പിലാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. ശ്രീലങ്കയ്ക്കും മാലദ്വീപിനും പുറമെ കേരളത്തിലും വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണ് ഇത്രയേറെ അളവില്‍ മയക്കുമരുന്ന് എത്തിച്ചതെന്നാണ് നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും മറ്റും കരുതുന്നത്. ഇത് പിടിച്ചെടുക്കാനായത് വലിയ നേട്ടമായി കണക്കാക്കാം. ഇതിന് കഴിഞ്ഞില്ലായിരുന്നെങ്കില്‍ വലിയൊരു വിഭാഗം ജനങ്ങളെ ലഹരിയുടെ മാരക വിപത്തില്‍ മുക്കാന്‍ ഈ ലഹരിവസ്തുക്കള്‍ക്ക് കഴിയുമായിരുന്നു. അതിന്റെ പ്രത്യാഘാതങ്ങള്‍ ഊഹിക്കാവുന്നതിനും അപ്പുറമായിരിക്കും.
കേരള തീരത്തുനിന്ന് ലഹരിവസ്തുക്കള്‍ പിടികൂടുന്നത് ഇത് ആദ്യമായല്ല. സമീപകാലത്തുതന്നെ ബോട്ടുകളിലും മറ്റും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ പലതവണ പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് ഉല്‍പ്പന്നങ്ങളെന്ന വ്യാജേന റോഡുമാര്‍ഗം കൊണ്ടുവരുന്ന ലഹരിവസ്തുക്കള്‍ സംസ്ഥാന അതിര്‍ത്തിയില്‍ വച്ചും മറ്റിടങ്ങളില്‍നിന്നും പിടികൂടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് വ്യക്തികളും സംഘങ്ങളും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിനകത്തേക്ക് യഥാര്‍ത്ഥത്തില്‍ എത്തിക്കുന്നതിന്റെ ചെറിയൊരു ശതമാനം മാത്രമാണ് പിടികൂടാന്‍ കഴിയുന്നതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. മയക്കുമരുന്നുകള്‍ പിടികൂടുന്ന സംഭവങ്ങള്‍ ലഹരിക്കടത്തുകാരെയും അതിന്റെ വിതരണക്കാരെയും പിന്തിരിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. ഇതില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ശക്തമായ രാഷ്ട്രീയ പിന്തുണ ഉള്ളതിനാല്‍ പലരെയും പിടികൂടാതിരിക്കുകയും, മയക്കുമരുന്നുമായി പിടികൂടിയാല്‍ തന്നെ ഇക്കൂട്ടര്‍ രക്ഷപ്പെടുകയും ചെയ്യുന്നു. ഇതിന് പറ്റിയ ഒരു രാഷ്ട്രീയ-ഭരണ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. അന്തരിച്ച ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകനുള്‍പ്പെട്ട ലഹരിക്കടത്തു കേസ് ഇതിന് ഉദാഹരണമാണല്ലോ. ഈ ഇടപാടിലെ ഒരു പ്രധാന കണ്ണി ഒളിവില്‍ പോയതിനാല്‍ ഈ കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയില്‍ ലഹരിക്കടത്തു കേസുമായി ബന്ധപ്പെട്ട് ഒരു സിപിഎം നേതാവിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പാര്‍ട്ടിതലത്തിലും ഭരണതലത്തിലും ഇയാളെ രക്ഷിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുടെപോലും സാമ്പത്തിക സ്രോതസ്സുകളായി ലഹരിക്കടത്തുകാരും അതിന്റെ വിതരണക്കാരും മാറുന്നതാണ് ഇതിനു കാരണം. സ്കൂള്‍ വിദ്യാര്‍ത്ഥികളെപ്പോലും മയക്കുമരുന്നുകളുടെ ഉപഭോക്താക്കളായും വിതരണക്കാരായും മാറ്റുകയാണ്. ഇത് പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളെ പോലീസിനെ ഉപയോഗിച്ച് വേട്ടയാടുകയും ചെയ്യുന്നു. ഏഴ് വര്‍ഷമായി തുടരുന്ന ഇടതുപക്ഷ ഭരണം കേരളത്തില്‍ സൃഷ്ടിച്ചിട്ടുള്ളത് ഇത്തരമൊരു ആവാസ വ്യവസ്ഥയാണ്.
മയക്കുമരുന്ന് കടത്തിന്റെ ആഗോള ശൃംഖലയുമായി കേരളം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തിന്റെ സിരാകേന്ദ്രമായ അഫ്ഗാനിസ്ഥനിലാണ് ഈ മയക്കുമരുന്നിന്റെ ഉല്‍പ്പാദനം ഏറെയും നടക്കുന്നത്. ഇവിടെ നിന്ന് പാകിസ്ഥാന് വഴി മറ്റ് രാജ്യങ്ങളിലേക്ക് ഇവ എത്തിക്കുകയാണ്. ജിഹാദി ഭീകരതയുടെ സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്നത് മയക്കുമരുന്ന് കടത്തിനെ ആശ്രയിച്ചാണല്ലോ. ലഹരി ഉപയോഗത്തിലൂടെ ലോകത്തിന് സംഭവിക്കുന്ന കെടുതികളില്‍ ജിഹാദി ശക്തികള്‍ക്ക് യാതൊരു ദുഃഖവുമില്ല. അനിസ്ലാമിക സമൂഹങ്ങളെ തകര്‍ക്കുന്നതിനുള്ള ആയുധമായി മയക്കുമരുന്നിനെയും ഈ ശക്തികള്‍ ഉപയോഗിക്കുകയാണ്. പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് കടല്‍ മാര്‍ഗം മയക്കുമരുന്ന് കടത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. ഗുജറാത്ത് കഴിഞ്ഞാല്‍ പാക് ബന്ധമുള്ള മയക്കുമരുന്ന് കടത്തുകാരുടെ വിഹാരരംഗമായി കേരളത്തിന്റെ കടല്‍ത്തീരം മാറിയിരിക്കുന്നു. നാര്‍കോട്ടിക് ജിഹാദ് ശക്തമായ സംസ്ഥാനമാണ് കേരളം. ഇപ്പോള്‍ മദര്‍ഷിപ്പില്‍ മയക്കുമരുന്ന് കൊണ്ടുവന്നവര്‍ ഒരാളൊഴികെ സ്പീഡ് ബോട്ടില്‍ രക്ഷപ്പെട്ടതായാണ് അറിയാന്‍ കഴിയുന്നത്. കപ്പല്‍ മുക്കിയശേഷമാണ് ഇവര്‍ കടന്നുകളഞ്ഞത്. വലിയ കപ്പലില്‍ മയക്കുമരുന്ന് മാത്രമാണോ ഉണ്ടായിരുന്നത് എന്ന സംശയം ബലപ്പെട്ടിരിക്കുന്നു. വിധ്വംസക ശക്തികളെ സഹായിക്കാനുള്ള ആയുധങ്ങളും മറ്റും ഇതില്‍ ഉണ്ടായിരുന്നില്ലെന്ന് എങ്ങനെ ഉറപ്പു പറയാന്‍ കഴിയും? സംഭവത്തെക്കുറിച്ച് എന്‍ഐഎ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രാജ്യാന്തര ബന്ധമുള്ളതിനാല്‍ എന്‍ഐഎ കേസ് ഏറ്റെടുക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്യണം. മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ആര്‍ക്കൊക്കെയാണ് ബന്ധമെന്നും, ആരൊക്കെയാണ് ഇവരുടെ സഹായികളെന്നും വെളിപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: