ദില്ലി: ഹിൻഡർബർഗ് റിപ്പോർട്ടിൽ അദാനിക്കെതിരായ അന്വേഷണത്തിന് മൂന്ന് മാസം പോരെന്ന് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അഭ്യര്‍ത്ഥിച്ചു. ആറുമാസമെങ്കിലും സമയം ആവശ്യമാണെന്നും തിരക്കുപിടിച്ചുള്ള അന്വേഷണം വഴി അപക്വമായ നിഗമനങ്ങളില്‍ എത്തുന്നത് നീതിനിഷേധമാകുമെന്നും സെബി(SEBI- സെക്യൂരിറ്റീസ് ആന്‍റ് എക്സ് ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അഭിപ്രായപ്പെട്ടു
അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെക്കുറിച്ചാണ് സെബി അന്വേഷിക്കേണ്ടത്. കണക്കുകളില്‍ കൃത്രിമം കാണിച്ചെന്നും ഓഹരികളില്‍ വിലകൂട്ടിക്കാണിച്ചെന്നും കമ്പനിയുടെ ഭരണനിര്‍വ്വഹണത്തില്‍ ഒട്ടേറെ വീഴ്ചകള്‍ വരുത്തിയെന്നതും ഉള്‍പ്പെടെ ഒട്ടേറെ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ചിട്ടുണ്ട്. സമയം നീട്ടി ചോദിച്ചുള്ള സെബിയുടെ അപേക്ഷയിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള 51 കമ്പനികള്‍ക്കെതിരെ ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീറ്റുകള്‍ (GDR or Global Depository Receipts) ദുരുപയോഗം ചെയ്തെന്ന കേസില്‍ സെബി അന്വേഷണം നടക്കുന്നുണ്ട്. വിദേശ കമ്പനികളുടെ ഓഹരികളെ പ്രതിനിധീകരിക്കുന്ന ഒരു തരം ബാങ്ക് സര്‍ട്ടിഫിക്കറ്റാണ് ഗ്ലോബല്‍ ഡെപ്പോസിറ്ററി റെസീപ്റ്റ്. ഇത് ബാങ്കുകള്‍ നല്‍കുന്ന, കൈമാറ്റം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റാണ്. ഈ കമ്പനികളുടെ 2016 മുതലുള്ള വിവരങ്ങള്‍ സെബി അന്വേഷിച്ചുവരുന്നുണ്ട്. എന്നാല്‍ ഈ 51 കമ്പനികളില്‍ അദാനി ഗ്രൂപ്പിന്റെ ഒരു കമ്പനിയും ഉള്‍പ്പെട്ടിട്ടില്ലെന്ന് സെബി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഈ വിഷയത്തിൽ ഉത്തരവ് നൽകാമെന്നായിരുന്നു കഴിഞ്ഞ വെളളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ വ്യക്തമാക്കിയിരുന്നത്. എന്നാൽ തിങ്കളാഴ്ച ജസ്റ്റീസ് എംആർ ഷാ വിരമിക്കുന്ന ദിവസമായതിനാല്‍ അദ്ദേഹത്തിന് സുപ്രീം കോടതി യാത്രയയപ്പ് നൽകുന്ന സാഹചര്യത്തിൽ കോടതികൾ നേരത്തെ പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച സെബിയുടെ അപേക്ഷയിൽ ഉത്തരവ് നൽകാമെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയത്.
ഈ കേസിലെ പരാതിക്കാരന്‍ ഗ്ലോബല്‍ ഡെപ്പോസിറ്ററി റസീറ്റുകള്‍ ദുരുപയോഗം ചെയ്ത 51 കമ്പനികളിൽ സെബി അന്വേഷണം നടക്കുന്നുണ്ടെന്നും ആ 51 കമ്പനികളില്‍ അദാനി ഗ്രൂപ്പ് കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഈ ആരോപണം സെബി തിങ്കളാഴ്ച നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: