ഡോ.ദേവദാസ് മേനോന്/
ഡോ.സുകുമാര്‍ കാനഡ
ഗുരു എന്നെ നോക്കി ആശ്ചര്യത്തോടെ പറഞ്ഞു. ”ശരിയാണ്. അവബോധം ആകാശമെന്നപോലെ തന്നെയാണ് – അനന്തമാണത്. അസ്തിത്വവും അവബോധത്തില്‍ നിന്ന് അന്യമല്ല. ആത്മാവിനെ അറിയാനുള്ള മറ്റൊരു മാര്‍ഗ്ഗം ശുദ്ധമായ അസ്തിത്വത്തെ, സാന്നിദ്ധ്യത്തെ സകല ചരാചരങ്ങളുടെയും ‘ആയിരിക്കുന്ന അവസ്ഥ’ എന്ന നിലനില്‍പ്പ് മാത്രമായി അറിയുക, എന്നതാണ്. ഈ സാന്നിദ്ധ്യത്തിന് അതീതമായി യാതൊരു വസ്തുക്കളോ ജീവജാലങ്ങളോ ഇല്ല. ഉള്ളത് അവബോധം മാത്രം. അത് മൂര്‍ത്തമോ അമൂര്‍ത്തമോ ആയ ഭാവങ്ങള്‍ കൈക്കൊള്ളാമെങ്കിലും ഭാവമാറ്റങ്ങള്‍ക്ക് വിധേയമല്ലാതിരിക്കുന്നു. ജലം നീരാവിയായാലും മഞ്ഞ് കട്ടയായാലും അതിന്റെ സഹജഭാവമായ ദ്രവരൂപത്തിലായാലും ഒരേ വസ്തുവാണ്. ഒരേ കളിമണ്ണ് പലവിധ പാത്രങ്ങളും ഇഷ്ടികകളും പല വലുപ്പത്തില്‍ ആകുന്നതു പോലെ, ഒരേ സ്വര്‍ണ്ണം പലവിധ ആഭരണങ്ങളായി, മോതിരങ്ങളും, കൈവളകളും, മാലകളുമായുള്ള നാമരൂപങ്ങള്‍ ആര്ജിക്കുന്നതുപോലെ, ഒരേ ഒരവബോധ സാന്നിദ്ധ്യമാണ് ഒന്നൊഴിയാതെ എല്ലാ രൂപഭാവങ്ങളിലും ഉള്ളത്. ഇക്കാര്യം കൃത്യമായി, തെളിച്ചത്തോടെ, അറിയുന്നവനാണ് ജ്ഞാനി. അതാണയാളെ സംസാരിയില് നിന്നും വ്യത്യസ്ഥനാക്കുന്നത്. സംസാരി കാണുന്നത് വൈവിദ്ധ്യമാര്‍ന്ന നാമരൂപങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും മാത്രമാണ്. എന്നാല്‍ ജ്ഞാനിയുടെ കാഴ്ച വിവേകത്തിന്റെ ഉള്ളുണര്വ്വോടെയാണ്. പലതില്‍ അയാള്‍ കാണുന്നത് ഏകസത്യത്തെയാണ്. അജ്ഞാനതിമിരം ബാധിച്ച കണ്ണുകള്‍ കാണുന്നത് പ്രപഞ്ചവിതാനത്തിലെ വ്യതിരിക്തതയെയാണ്. എന്നാല്‍ ജ്ഞാനിയുടെ പ്രബുദ്ധമായ ദൃഷ്ടികള്‍ നാനാത്വത്തിലെ ഏകത്വം, അതായത് അനേകത്തില്‍ ഏകത്തെയാണ്. ഈ രണ്ടു കാഴ്ചകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. പ്രത്യക്ഷപ്രപഞ്ചത്തിലെ വ്യതിരിക്തത മാത്രം കാണുന്നവന് അന്തമില്ലാത്ത സംസാരചക്രത്തില്പ്പെട്ടുഴറി മരണത്തില്‍ നിന്നും മരണത്തിലേയ്ക്ക് മാറിമാറി പൊയ്ക്കൊണ്ടേയിരിക്കും.”
ഒന്നു നിര്‍ത്തിയിട്ട് ഗുരുദേവന് തുടര്‍ന്നു. ”ആത്മാവ്, അല്ലെങ്കില്‍ പരമാത്മാവ്, ഒരിക്കലും ജനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മരിക്കുന്നുമില്ല. കാലദേശങ്ങളാകുന്ന അവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിച്ച്, സംരക്ഷിച്ച്, സംഹരിക്കുവാന്‍ പരമാത്മാവിന് സാധ്യമാണ്. സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും നിലനിര്‍ത്തുന്നത് ആത്മാവാണ്. എല്ലാത്തിലും എവിടെയും നിറഞ്ഞിരിക്കുന്നത് ആത്മാവ് തന്നെയാണ്. അത് നീയാണ്. നിനക്ക് ഏക സത്തയായ അതിന്റെ ദര്‍ശനം സദാ സാദ്ധ്യമാവട്ടെ. പ്രകടമാവുന്ന, വിശ്വം നിറഞ്ഞുനില്ക്കുന്ന വൈവിദ്ധ്യമാര്‍ന്ന ഭാവരൂപങ്ങളിലെല്ലാം നിനക്ക് ആത്മസ്വരൂപം സാക്ഷാത്ക്കരിക്കാന്‍ കഴിയട്ടെ.”
ഈ സത്യസാക്ഷാത്കാരദര്ശനം നല്കുന്ന ഉള്‍ക്കാഴ്ച അതിവിസ്മയകരമാണ്. ഉള്ളുണര്‍വ്വിന്റെ ജാജ്വല്യപ്രഭയില്‍ കാണുന്ന വൈവിദ്ധ്യമാര്‍ന്ന അനേകമനേകം ജീവ നിര്ജീവജാലങ്ങളുടെ ആധിക്യത്തിനും സങ്കീര്‍ണ്ണതയ്ക്കും അപ്പുറം ഇവയെല്ലാം സാധിതമാവുന്നത് അനന്താവബോധത്തില്‍ മാത്രമാണെന്ന തിരിച്ചറിവാണത്. മാത്രമല്ലാ, അത് തന്നെയാണ് ഉള്ളുണര്‍വ്വിന്റെ സാന്നിദ്ധ്യം. നിതാന്തമായ സാന്നിദ്ധ്യം. മാത്രമോ, അത് ഞാന്‍ തന്നെയാണ്. ഇത് ആകാശത്തിലെ നക്ഷത്രങ്ങള്‍ക്കും, ദേവതകള്‍ക്കും, അസുരന്മാര്ക്കും, സകലജീവികള്‍ക്കും, സസ്യജാലങ്ങള്‍ക്കും പക്ഷിമൃഗാദികള്‍ക്കും സുഹൃത്തുക്കള്‍ക്കും, അന്യരെന്നും ശത്രുക്കളെന്നും കരുതുന്നവര്ക്കുമെല്ലാം ഒരേപോലെ ബാധകമാണ്.
ഞാന്‍ കണ്ണുകളടച്ച് ആ സത്യസാക്ഷാത്ക്കാര നിറവ് എന്നില്‍ പ്രദീപ്തമായി ആഴ്ന്നിറങ്ങാന്‍ സ്വയമനുവദിച്ചു. പ്രഫുല്ലവും മഹത്തുമായ പ്രശാന്തിയെന്നെ വലയം ചെയ്തു. പൂര്‍ണ്ണതയുടെ നിറവും പരമപ്രേമത്തിന്റെ സ്നിഗ്ദ്ധതയും സഹജീവികളോടുള്ള കാരുണ്യവായ്പും എന്നില്‍ പ്രസ്ഫുരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: