കേരളത്തിലെ പാലക്കാട് ജില്ലയിലെ ഗ്രാമമായ ചെത്തല്ലൂരില്‍ നിന്നും 1982ലാണ് സംഘപ്രചാരക് ആയി എം.എം അശോകന്‍ മണിപ്പൂരിലേക്ക് എത്തുന്നത്. കഴിഞ്ഞ 41 വര്‍ഷമായി മണിപ്പൂര്‍ സംസ്ഥാനം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഏഴു വര്‍ഷത്തോളം മണിപ്പൂര്‍ പ്രാന്ത പ്രചാരക് ആയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഉത്തര പൂര്‍വ്വക്ഷേത്ര(അസം ക്ഷേത്രം) ത്തിന്റെ പ്രചാരക് പ്രമുഖ് എന്ന ചുമതലയിലാണ് പ്രവര്‍ത്തിക്കുന്നത്. 29-ാമത് വയസ്സില്‍ മണിപ്പൂരില്‍ എത്തിയതു മുതല്‍ നോര്‍ത്തീസ്റ്റ് കേന്ദ്രീകരിച്ചു നടന്ന നിരവധി വംശീയ സംഘര്‍ഷങ്ങളും വിഘടനവാദ പോരാട്ടങ്ങളും സംഘടിത മതപരിവര്‍ത്തന നീക്കങ്ങളും കണ്ടുകഴിഞ്ഞു. മണിപ്പൂരിന്റെ മണ്ണില്‍ നാലുപതിറ്റാണ്ടിലേറെയായി സംഘപ്രചാരകനായി അശോകന്‍ജി ഉണ്ട്. ദേശീയ ശക്തികള്‍ മണിപ്പൂരില്‍ അധികാരത്തിലെത്തുന്നതടക്കമുള്ള വലിയ മാറ്റങ്ങള്‍ക്ക് ദൃക്‌സാക്ഷിയായി. എഴുപതാം വയസ്സിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ദൗത്യം അഭംഗുരം നിര്‍വഹിക്കുകയാണ് അദ്ദേഹം. മണിപ്പൂര്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എം. എം അശോകന്‍ജിയുമായി ജന്മഭൂമി പ്രതിനിധി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
എന്താണ് മണിപ്പൂരില്‍ സംഭവിക്കുന്നത്? കുക്കികളും മൈതീയികളും തമ്മിലുണ്ടായ സംഘര്‍ഷം ഏതു തരത്തിലാണ് സംസ്ഥാനത്തെ ബാധിച്ചിരിക്കുന്നത്?
മണിപ്പൂരിലെ ഭൂമിശാസ്ത്രപരമായ സ്ഥിതിവിശേഷങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് ഒരു കാരണമാണ്. സംസ്ഥാനത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ പത്തുശതമാനം മാത്രമാണ് സമതല ഭൂമി. ബാക്കി പ്രദേശങ്ങള്‍ മലകളാല്‍ നിറഞ്ഞതാണ്. മലനിരകളിലാണ് ജനസംഖ്യയുടെ നാല്‍പ്പതു ശതമാനവും താമസിക്കുന്നത്. ഇവര്‍ ഭൂരിപക്ഷവും െ്രെകസ്തവ വിശ്വാസികളാണ്. തലസ്ഥാനമായ ഇംഫാല്‍ അടങ്ങുന്ന സമതല പ്രദേശത്താണ് ബാക്കി അറുപത് ശതമാനം ജനങ്ങളും അധിവസിക്കുന്നത്. മലമ്പ്രദേശങ്ങളില്‍ കുക്കി നാഗാ ഗോത്രവര്‍ഗ്ഗ ജനങ്ങളാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ സമതലത്തില്‍ മണിപ്പൂരികളായ വൈഷ്ണവികളും മൈതീയികളുമാണ് ഭൂരിപക്ഷം. ഗ്രാമദേവതയെ പൂജിക്കുന്നവരാണ് മൈതീയികളെങ്കില്‍ വൈഷ്ണവികള്‍ ഗ്രാമദേവതയേയും ഹിന്ദുമതത്തിലെ മറ്റു ദൈവങ്ങളെയും ആരാധിക്കുന്നവരുമാണ്. സമതല പ്രദേശത്താണ് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും മറ്റും നടക്കുന്നത് എന്നതിനാല്‍ തന്നെ കുക്കികള്‍ അടക്കമുള്ളവരും ഇംഫാലിനും സമീപ സ്ഥലങ്ങളിലുമായി വര്‍ഷങ്ങളായി കുടിയേറി താമസിക്കുന്നുണ്ട്. കൂടാതെ പട്ടികവര്‍ഗ്ഗ സംവരണമുള്ളതിനാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലും മറ്റും കുക്കികളുടെ പ്രാതിനിധ്യം താരതമ്യേന ഉയര്‍ന്നതാണ്. പോലീസ് മേധാവിമാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം കുക്കി സമുദായത്തില്‍ നിന്നാണ്. സമതലത്തിലെ അധികാര കേന്ദ്രങ്ങളില്‍ ബഹുഭൂരിപക്ഷമുള്ള മൈതീയികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നതടക്കം നിരവധി പ്രശ്‌നങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. സമതല മേഖലയില്‍ ജനസംഖ്യയുടെ 90 ശതമാനം ഉണ്ടായിരുന്ന മൈതീയികള്‍ 60 ശതമാനത്തിനും താഴേക്ക് എത്തിയിട്ടുണ്ട്.
മണിപ്പൂരിലെ ചന്ദേല്‍, തെങ്ന്‍പോല്‍, ചുരാചന്ദ്പൂര്‍, സേനാപതി എന്നീ നാലു ജില്ലകള്‍ ഗ്രേറ്റര്‍ നാഗാലാന്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെടുന്ന എന്‍എസ്ജിഎന്‍ നേരത്തെ തന്നെ മണിപ്പൂരികളുമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചുരാചന്ദ്പൂരില്‍ മാത്രമായിരുന്ന കുക്കികള്‍ സേനാപതി ജില്ലയിലും മറ്റു സമീപ ജില്ലകളിലും ക്രമാതീതമായി ഉയര്‍ന്നു. കുക്കി ലാന്റിന് വേണ്ടി കുക്കികളില്‍ ചിലര്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മ്യാന്മറില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കുക്കികളില്‍ കൂടുതലും. കുക്കി ലാന്റ് ആവശ്യം ഉയര്‍ന്നതും മണിപ്പൂരികളും കുക്കികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാക്കി.
കുക്കികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം മലമുകളിലെ പോപ്പി കൃഷിയാണ്. ഈ വര്‍ഷം പോപ്പി കൃഷിക്കെതിരെ മുഖ്യമന്ത്രി വലിയ നടപടികളാണെടുത്തത്. പോലീസിനെ അയച്ചും മറ്റും പോപ്പി കൃഷി നശിപ്പിച്ചു. ആയിരക്കണക്കിന് ഹെക്ടര്‍ പ്രദേശത്തെ പോപ്പി കൃഷിയാണ് സര്‍ക്കാര്‍ തടഞ്ഞത്. കുക്കികളില്‍ വിഘടനവാദികളുണ്ട്. വംശീയ സംഘര്‍ഷത്തില്‍ അവരെ നേരിടാനായി ഉണ്ടാക്കിയ സേനകള്‍ കുക്കികള്‍ക്കുമുണ്ട്. പിന്നീട് സര്‍ക്കാര്‍ സമാധാന ചര്‍ച്ച നടത്തിയാണ് ഈ വിഘടനവാദ ഗ്രൂപ്പുകളെ യുദ്ധത്തില്‍ നിന്ന് പിന്‍വലിപ്പിച്ചത്.
നിലവിലെ പ്രകോപന കാരണം?
ഗിരിവര്‍ഗ്ഗ പദവി മണിപ്പൂരികള്‍ക്കും നല്‍കണം എന്ന ആവശ്യം അടുത്തിടെ ശക്തമായി ഉയര്‍ന്നുവന്നതാണ് കുക്കികളെ പ്രകോപിപ്പിച്ച പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. വിരോധമില്ലെങ്കില്‍ സര്‍ക്കാരിന് ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു കോടതി വിധി. വിധിക്ക് പിന്നാലെ നാഗ സംഘടനകളും കുക്കികളും െ്രെടബല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനുമെല്ലാം ചേര്‍ന്ന് പീസ് മാര്‍ച്ച് എന്ന പേരില്‍ എല്ലാ ജില്ലകളിലും വലിയ മാര്‍ച്ചുകള്‍ നടത്തി. മൈതീയികള്‍ക്കും വൈഷ്ണവികള്‍ക്കും ഗിരിവര്‍ഗ്ഗ പദവി നല്‍കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. മേയ് 3ന് നടന്ന പീസ് മാര്‍ച്ചുകളിലാണ് സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്. പോപ്പി കൃഷി വന്‍തോതില്‍ നശിപ്പിച്ചതും മ്യാന്മറില്‍ നിന്നുള്ള ലഹരി, ആയുധ കടത്ത് തടഞ്ഞതും ഇന്നര്‍ലൈന്‍ പെര്‍മിറ്റ് നടപ്പാക്കിയതുമെല്ലാം കുക്കി, നാഗാ വിഭാഗങ്ങളുടെ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. 1961ന് മുമ്പ് സംസ്ഥാനത്തേക്ക് എത്തിയവരെ മാത്രമേ മണിപ്പൂരി ജനതയായി കണക്കാക്കാനാവൂ എന്നതായിരുന്നു ഇന്നര്‍ലൈന്‍ പെര്‍മിറ്റിന്റെ കാതല്‍. കുക്കികള്‍ക്ക് അതിലും എതിര്‍പ്പുണ്ടായിരുന്നു. മ്യാന്മറിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം അവിടെ നിന്ന് പോന്നവരാണ് കുക്കികളില്‍ വലിയൊരു വിഭാഗം. എന്‍ആര്‍സി നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും കുക്കികള്‍ക്ക് വിദ്വേഷം ഉണ്ടാക്കി.
മേയ് നാലിന് മൈതീയികളുടെ കേന്ദ്രങ്ങളിലാണോ ആക്രമണങ്ങള്‍ക്ക് തുടക്കം?
അങ്ങനെയല്ല സംഭവിച്ചത്. കുക്കികളുടെ ശക്തികേന്ദ്രമായ ചുരാചന്ദ്പൂര്‍ ജില്ലയില്‍ മേയ് 3ന് നടന്ന പീസ് മാര്‍ച്ചിന് മുമ്പായി സമീപത്തെ ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്‌റാങ്ങില്‍ മൈതീയികളുടെ ഒരു റാലി നടന്നിരുന്നു. മൈതീയികള്‍ക്ക് ഗിരിവര്‍ഗ്ഗ പദവി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. എന്നാല്‍ തൊട്ടു തലേദിവസം മേയ് 1ന് ചുരാചന്ദ്പൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ഒരു ജിംഖാന കുക്കികള്‍ തീയിട്ടു നശിപ്പിച്ചതു മുതല്‍ ആ ജില്ലയില്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. മേയ് 3ന് നടന്ന പീസ് റാലിയില്‍ വിഘടനവാദികള്‍ ആയുധങ്ങളുമായാണ് എത്തിയത്. ചുരാചന്ദ്പൂര്‍ നഗരത്തിലെ എട്ട് മണിപ്പൂരി കോളനികള്‍ വിഘടനവാദികള്‍ ആക്രമിച്ചു. മൈതീയികള്‍ കൂട്ടമായി ബിഷ്ണുപൂര്‍ ജില്ലയിലേക്ക് ഓടേണ്ടിവന്നു. ചുരാചന്ദ്പൂരിലെ സനാമയി ക്ഷേത്രവും മേയ് 3ന് തകര്‍ക്കപ്പെട്ടു. മ്യാന്മാര്‍ അതിര്‍ത്തിയിലെ മോറയിലും അന്ന് തന്നെ മൈതീയികള്‍ക്കെതിരെ ആക്രമണം നടന്നു. മോറയിലെ പ്രശസ്തമായ പുണ്ടോമാങ്ബി എന്ന ക്ഷേത്രവും തകര്‍ക്കപ്പെട്ടു. ഈ വിവരങ്ങള്‍ പരന്നതോടെ മേയ് നാലിന് മൈതീയികളും ആക്രമണം ആരംഭിച്ചു. മലമ്പ്രദേശത്തെ എല്ലാ മൈതീയി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്കും താഴ്‌വാരത്തെ എല്ലാ കുക്കി കേന്ദ്രങ്ങളിലും ആക്രമണം പടര്‍ന്നു. ഇരുവിഭാഗത്തും വലിയ തോതില്‍ ആള്‍നാശമുണ്ടായി. ഇംഫാലിലെ കുക്കി കേന്ദ്രങ്ങള്‍ മുഴുവന്‍ തകര്‍ക്കപ്പെട്ടു. മലമുകളിലെ മൈതീയികളുടെ എല്ലാ ഗ്രാമങ്ങളും കത്തിച്ചു. ആയിരക്കണക്കിന് പേരാണ് മലമുകളിലെ ഗ്രാമങ്ങളില്‍ നിന്ന് ജീവനും കൊണ്ട് പലായനം ചെയ്തത്. കുക്കി-മൈതീയി വംശീയ ആക്രമണം ക്രമസമാധാന നിലയെ പൂര്‍ണ്ണമായും ബാധിച്ചു. മേയ് 3 മുതല്‍ എട്ടാം തീയതി വരെ ആക്രമണങ്ങള്‍ ശക്തമായി. സമതല മേഖലയിലെ കുക്കികളുടെ കേന്ദ്രങ്ങള്‍ക്ക് നേരെയും പ്രത്യാക്രമണങ്ങള്‍ നടന്നു.
മേയ് 1നും മൂന്നിനും നടന്ന ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെടാതിരുന്നതാണ് സംഘര്‍ഷം വ്യാപിക്കാന്‍ കാരണമായതെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ ഇരുവിഭാഗത്തിലുമുള്ള അറുപതോളം പേരാണ് മരിച്ചത്. 1,700ലധികം വീടുകളാണ് നശിപ്പിക്കപ്പെട്ടതെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവിഭാഗത്തും നിരപരാധികളാണ് മരിച്ചവരില്‍ അധികവും. സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് കുക്കികളാണ്. സേനാപതി ജില്ലയിലെ നേപ്പാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലത്തെ കാബൂര്‍ലൈക ക്ഷേത്രവും നശിപ്പിച്ചു. നേപ്പാളി ആരാധനാലയമാണെന്ന് പറഞ്ഞിട്ടും പൂജാരി മണിപ്പൂരിയാണെന്ന് പറഞ്ഞായിരുന്നു ക്ഷേത്രം നശിപ്പിച്ചത്. പൂര്‍ണ്ണമായും നശിപ്പിക്കപ്പെടാത്ത ആ ക്ഷേത്രം പിറ്റേ ദിവസം ആയുധ ധാരികളായ കുക്കികളെത്തി ബുള്‍ഡോസര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായും തകര്‍ത്തു. ആ പ്രദേശത്തെ മണിപ്പൂരി വീടുകളും നശിപ്പിച്ചു. ഒടുവില്‍ അര്‍ദ്ധസൈനിക വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് വിരാമമായത്. സംഘര്‍ഷ മേഖലകളില്‍ സൈന്യമിറങ്ങിയതോടെ ആക്രമണകാരികള്‍ പിന്‍മാറി.
മൈതീയികള്‍ ഏറെ വികാരത്തിലാണ്. അവരുടെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചത് അവര്‍ പൊറുക്കില്ല. മ്യാന്മാര്‍ സര്‍ക്കാരിനെതിരെ പോരാടുന്ന കുക്കി വിഭാഗങ്ങള്‍ അതിര്‍ത്തി കടന്ന് മണിപ്പൂരിലെത്തി മൈതീയികള്‍ക്ക് നേരെ ആക്രമണം നടത്തിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
സമാധാന അന്തരീക്ഷം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ടോ?
സംസ്ഥാനം പതിയെ സമാധാന അന്തരീക്ഷത്തിലേക്ക് തിരികെ പോവുകയാണ്. മടങ്ങിയെത്തുന്നവരെ ചിലയിടങ്ങളില്‍ മറുവിഭാഗം തടയുന്നുണ്ട്. ഇംഫാലിലും മറ്റും നിരവധി വര്‍ഷങ്ങളായി സമാധാനത്തോടെ ജീവിച്ചിരുന്ന കുക്കികള്‍ക്കും വലിയ തോതില്‍ ആക്രമണം നേരിടേണ്ടിവന്നു. സമതല മേഖലയിലെ പള്ളികള്‍ വലിയ തോതില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസമില്ലായ്മ ഇരു സമുദായത്തിലും ശക്തമാണ്. ഇരുവിഭാഗത്തെയും നേതാവാരാണ് എന്നറിയാന്‍ കഴിയാത്തതിനാല്‍ ചര്‍ച്ചകള്‍ക്ക് പുരോഗതി ഉണ്ടാവുന്നില്ല.
മൈതീയികളെ ഗിരിവര്‍ഗ്ഗ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം മാത്രമല്ല പ്രശ്‌ന കാരണം. മ്യാന്മറില്‍ നിന്ന് വന്‍തോതില്‍ കുക്കികളുടെ കുടിയേറ്റം നടക്കുന്നത് പ്രശ്‌നം രൂക്ഷമാക്കുകയാണ്. 125 പുതിയ കുടിയേറ്റ ഗ്രാമങ്ങളാണ് അതിര്‍ത്തി ജില്ലകളില്‍ ഉണ്ടായിരിക്കുന്നത്. മതംമാറി ക്രിസ്ത്യാനിയായ രാമാനന്ദന്‍ എന്ന മൈതീയി വിഭാഗക്കാരന്റെ ചില പ്രസംഗങ്ങള്‍ മൈതീയി ജനങ്ങള്‍ക്കിടയില്‍ വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം അയാള്‍ മാപ്പു പറഞ്ഞെങ്കിലും ഇപ്പോള്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ആ പ്രശ്‌നവും ആക്രമണങ്ങള്‍ക്ക് കാരണമായി. മണിപ്പൂരിലെ ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങളെല്ലാം തന്നെ റദ്ദാക്കിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ല. സംഘര്‍ഷാവസ്ഥ അവസാനിച്ച് പൂര്‍വ്വ സ്ഥിതിയിലെത്താന്‍ കുറേ മാസങ്ങള്‍ തന്നെ എടുക്കും എന്നതാണ് നിലവിലെ സ്ഥിതി. എങ്കിലും സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരും സൈന്യവും മറ്റു സംഘടനകളും അടക്കം എല്ലാവരും മുന്‍കൈ എടുക്കുന്നുണ്ട്. മണിപ്പൂര്‍ വേഗത്തില്‍ തന്നെ ശാന്തമാവട്ടേയെന്ന് പ്രാര്‍ത്ഥിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: