ബോവിക്കാനം: മുളിയാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതപുനരധിവാസ ഗ്രാമത്തിന്റെ പണി മെല്ലെപ്പോക്കില്‍. 10 മാസത്തിനുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് 2020 ജൂലൈ 4ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പുനരധിവാസ ഗ്രാമത്തിന് തറക്കല്ലിട്ടത്. 10 മാസം കഴിഞ്ഞിട്ടും ഒരു കല്ല് പോലും അതിനോട് ചേര്‍ത്ത് വച്ചില്ല. 2022 മേയ് 25നാണ് കരാര്‍ ഒപ്പുവച്ച് നിര്‍മാണം തുടങ്ങിയത്. ഈമാസം 24നുളളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കരാറില്‍ വ്യവസ്ഥചെയ്തത്.
അതിനുള്ളില്‍ പണി തീരില്ലെന്നു തീര്‍ച്ചയാണ്. കൂടുതല്‍സമയം നീട്ടി നല്‍കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. കരാര്‍ കാലാവധി തീരാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ 50 ശതമാനം പണിപോലും പൂര്‍ത്തിയായില്ല. 6 മാസം കൂടി സമയം നീട്ടിക്കൊടുത്താലുംപണി പൂര്‍ത്തിയാക്കുന്ന കാര്യം സംശയമാണ്. കാസര്‍കോട് വികസനപാക്കേജില്‍ നിന്ന് അനുവദിച്ച 4.17 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിര്‍മാണം നടത്തുന്നത്. രാജ്യത്ത് തന്നെ മാതൃകയാകുന്ന രീതിയിലുള്ള പുനരധിവാസ ഗ്രാമം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ഇവിടെ ഒരുക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.
പ്ലാന്റേഷന് കോര്പറേഷന് വിട്ടു നല്കിയ മുളിയാര്‍ മുതലപ്പാറയിലെ 25 ഏക്കര്‍ സ്ഥലമാണ് ഇതിന് തിരഞ്ഞെടുത്തത്. ദുരിത ബാധിതരുടെ സമ്പൂര്‍ണ പുനരധിവാസം സാധ്യമാകുന്ന രീതിയില്‍ കെയര്‍ ഹോം, ലൈബ്രറി, ഫിസിയോ തെറപ്പി റൂം, റിക്രിയേഷന്‍ മുറികള്‍, ക്ലാസ് മുറികള്‍, നൈപുണ്യ വികസന കേന്ദ്രം, പരിശോധന മുറികള്‍, താമസ സൗകര്യം എന്നിവയോട് കൂടിയതാണ് പുനരധിവാസ ഗ്രാമം. 58 കോടിരൂപയാണ് മൊത്തം ചെലവ് കണക്കാക്കിയത്. ആദ്യഘട്ടത്തിനുളള 4.17 കോടി മാത്രമാണ് ഇതുവരെ അനുവദിച്ചത്. സമയത്ത് സ്ഥലം കൈമാറുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടും നിര്‍മാണം ഇഴയുന്നതിന് മറുപടി പറയേണ്ട ബാധ്യത അധികൃതര്‍ക്കുണ്ട്. ഊരാളുങ്കല്‍ ലേബര്‍കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് പണികരാറെടുത്തത്. പണി എവിടെ വരെയായി, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്സല്റ്റിങ്ആന്ഡ് ഹൈഡ്രോതെറപ്പി ബ്ലോക്ക് എന്നിവയാണ്ആദ്യ ഘട്ടത്തില്‍ നിര്‍മിക്കുന്നത്.
ഇതില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്കിന്റെ കോണ്ക്രീറ്റ്പൂര്ത്തിയായി. രണ്ടാമത്തെകെട്ടിടത്തിന്റെ തൂണ് നിര്‍മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ കോണ്‍ക്രീറ്റ്, ഭിത്തി നിര്‍മാണം, പ്ലാസ്റ്ററിങ്, വയറിങ്, പ്ലമിങ് തുടങ്ങിയ പണികള്‍ ബാക്കിയാണ്.എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും അവരുടെ കുടുംബങ്ങളും ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി അനന്തമായി നീളുമ്പോള്‍ ആപ്രതീക്ഷകള്ക്കും മങ്ങലേല്‍ക്കുകയാണ്.
തങ്ങളുടെ കാലശേഷം ദുരിതബാധിതരായ മക്കളെ ആര് നോക്കുമെന്ന മാതാപിതാക്കളുടെ ആശങ്കയ്ക്ക് ഉത്തരമായിരുന്നു ഈപുനരധിവാസ ഗ്രാമം. ഇത് യാഥാര്‍ഥ്യമാകുന്നതോടെ ദുരിതബാധിതരായ മക്കളെ ഇവിടേക്ക് മാറ്റാമെന്നു പ്രതീക്ഷിച്ച ഒട്ടേറെ മാതാപിതാക്കളുണ്ട്. നിര്‍മാണം വൈകുമ്പോള്‍ അവരുടെ കാത്തിരിപ്പും നീളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: