ദാനശീലനും ധര്‍മിഷ്ഠനുമായ ദധ്യംഗ മഹര്‍ഷി ദേവേന്ദ്രനില്‍ നിന്ന് മധുവിദ്യ അഭ്യസിച്ചു. ഈ വിദ്യ മറ്റാര്‍ക്കെങ്കിലും പകര്‍ന്നു കൊടുത്താല്‍ മഹര്‍ഷിയുടെ തല തെറിച്ചു പോകും എന്ന ശപഥവുമുണ്ടായിരുന്നു. അശ്വനീകുമാരന്മാര്‍ ഈ വിദ്യ പഠിക്കാന്‍ മഹര്‍ഷിയെ സമീപിച്ചു. മഹര്‍ഷി ശപഥകാര്യം ധരിപ്പിച്ചു. വൈദ്യന്മാര്‍ പരിഹാരം കണ്ടു പിടിച്ചു. അശ്വനീകുമാരന്മാര്‍ മഹര്‍ഷിയുടെ തല വെട്ടി മാറ്റി, കുതിരത്തല വച്ചു പിടിപ്പിച്ച് മധുവിദ്യ അഭ്യസിച്ചു. കുതിരത്തല തെറിച്ചു പോയി. അതിനു ശേഷം അവര്‍ മഹര്‍ഷിയുടെ യഥാര്‍ഥ തല വച്ചു പിടിപ്പിച്ച് ജീവന്‍ തിരിച്ചു നല്കി. എന്നാലിന്ന് എന്തു കര്‍ശന നിയമമുണ്ടാക്കിയാലും ഏതു ഹീന കാര്യമായാല്‍പ്പോലും ചെയ്യാന്‍ ഉന്നതന്മാര്‍ക്കു പോലും മടിയില്ല.
ആജന്മ ക്ഷത്രിയ വിരോധിയായിരുന്നു പരശുരാമ മഹര്‍ഷി. ബ്രാഹ്മണനാണെന്ന് നുണ പറഞ്ഞ് കര്‍ണന്‍ അദ്ദേഹത്തില്‍ നിന്ന് അസ്ത്രശസ്ത്ര വിദ്യകള്‍ നേടി. കര്‍ണന്‍, ബ്രാഹ്മണനല്ല, ക്ഷത്രിയനാണെന്ന് ഒരു സന്ദര്‍ഭത്തില്‍ പരശുരാമന് മനസ്സിലായി. അദ്ദേഹം കര്‍ണനെ ശപിച്ചു. ‘എന്നില്‍ നിന്ന് അഭ്യസിച്ച വിദ്യകളോരോന്നും നിനക്ക് സമയത്തു തോന്നാതെ പോകട്ടെ’ എന്നായിരുന്നു ശാപം. ഈ ശാപത്താല്‍ തന്നെ കര്‍ണന്റെ അന്ത്യവും സംഭവിച്ചു. ഗുരുവിനെ വഞ്ചിച്ച ശിഷ്യന്റെ അന്ത്യം അത്യന്തം ഖേദകരമായിരുന്നു.
ഗുരുവായ സൂര്യനില്‍ നിന്ന് ശിഷ്യനായ ഹനുമാന്‍ വിദ്യ അഭ്യസിച്ചത് അത്യന്തം ക്ലേശങ്ങള്‍ സഹിച്ചായിരുന്നു. അദ്ദേഹം എല്ലാ വിദ്യകളിലും കലകളില്‍ പോലും അദ്വിതീയനായിരുന്നു. ചിരഞ്ജീവിയുമായി. അതാണ് ഗുരുഭക്തിയുടെ മഹത്വം. തന്റെ ഗുരുവായ ബൃഹസ്പതിയോട് ചന്ദ്രന്‍ കാട്ടിയ ഒരു വികൃതിയുടെ ഫലമാണ് ഇന്ന് മുഖത്തു തെളിഞ്ഞു കാണുന്ന കളങ്കം. അത് ഒരിക്കലും മായുകയില്ല തന്നെ.
ഒരിക്കല്‍, ഗുരുക്കന്മാരായ സപ്തര്‍ഷികള്‍ ദ്വാരകയിലെത്തി. കൗമാരക്കാരായ യാദവന്മാര്‍ സാംബനെ ഗര്‍ഭിണിയുടെ വേഷം കെട്ടിച്ച് ഇവള്‍ പ്രസവിക്കുന്നത് ആരോ, പെണ്ണോ എന്ന് പരിഹാസ രൂപത്തില്‍ ആരാഞ്ഞു. ‘ഇവള്‍ ഒരു ഇരുമ്പുലക്ക പ്രസവിക്കും അത് നിങ്ങളുടെ വംശനാശം വരുത്തും’ എന്ന് സപ്തര്‍ഷികള്‍ അവരെ ശപിച്ചു.
ശാപം ഫലിച്ചു. സാംബന്‍, ഇരുമ്പുലക്ക പ്രസവിച്ചു. വംശനാശം ഭയന്ന് ഇരുമ്പുലക്ക രാകി പൊടിയാക്കി കടലില്‍ കലക്കി. എങ്കിലും അത് മുള്ളുകളുള്ള എരകപ്പുല്ലുകളായി തീരത്തു കിളിര്‍ത്തു. യുവാക്കളായ യാദവന്മാര്‍ മദ്യത്തിനടിമകളായി. ലഹരി മൂത്ത് ഈ പുല്ലു പറിച്ച് തമ്മില്‍ത്തല്ലി മരിച്ചു വീണു. എത്ര കഠിനമാണ് ഗുരുശാപത്തിന്റെ ഫലം! സ്ത്രീകളെയെല്ലാം കാട്ടാളന്മാര്‍ അപഹരിച്ചു. എങ്കിലും അവരെയൊന്നും അപായപ്പെടുത്താതെ സംരക്ഷിച്ചു. പിന്നീട് അധര്‍മം വര്‍ധിച്ച്, ദ്വാരക കടലില്‍ താഴ്ന്നു പോയതായി പറയുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക