ഡോ.ദേവദാസ് മേനോന്‍/
ഡോ.സുകുമാര്‍ കാനഡ
യമദേവന് പുഞ്ചിരിച്ചു: ‘അത്തന്നെ! അനന്താവബോധത്തില്‍ നിന്നും ഭിന്നമായി നിനക്കൊന്നും അനുഭവിക്കാനാവില്ല. നിനക്കറിയാവുന്നതുപോലെ അതിന് പരിധികള്‍ ഇല്ല.’
പക്ഷേ എന്നിലപ്പോഴും ഒരു സന്ദേഹം പൊങ്ങിവന്നു. എനിക്ക് ദര്‍ശിക്കാവുന്നതിന്, സ്പര്‍ശിക്കാവുന്നതിന്, ഘ്രാണിക്കാവുന്നതിന്, കേള്‍ക്കാവുന്നതിന്, സ്വാദറിയാവുന്നതിന് ഒന്നും പരിധിയില്ലെന്നോ? അതെങ്ങിനെ സാധ്യമാവും?
ഗുരുപറഞ്ഞു:’നിനക്കിപ്പോള്‍ ഇന്ദ്രിയങ്ങളിലൂടെ അറിയാന്‍ കഴിയുന്ന പ്രതീതികള്‍ക്ക് നിയതമായ ചിലപരിമിതികള്‍ ഉണ്ട്. ഇന്ദ്രിയചോദനകള്‍ക്കതീതമായി വളരെ വലിയൊരു മണ്ഡലമുണ്ടെന്ന് അറിയുക. അതുപോലെ ഇപ്പോള്‍ നിനക്കറിയുന്ന ചിലകാര്യങ്ങള്‍ ഉണ്ടെന്നതുപോലെ നിനക്കറിയില്ലാത്ത അനേകം കാര്യങ്ങള്‍ ഉണ്ട്. നിനക്ക ്ഇപ്പോള്‍ അറിയാവുന്ന കാര്യങ്ങളെപ്പറ്റി നീ ബോധവാനാണെന്നതുപേ ാലെ നിനക്കറിവില്ലാത്ത ഇന്ദ്രിയാതീതകാര്യങ്ങളെക്കുറിച്ചും നിന്നില്‍ അവബോധമുണ്ടല്ലോ. എപ്പോഴൊക്കെ അക്കാര്യങ്ങള്‍ നിന്നില്‍ അറിവായി ഉണരുന്നുവോ അത് സംഭവിക്കുന്നത് നിന്റെ അവബോധത്തിലാണ്. അവയൊന്നും അവബോധത്തിനു വെളിയിലല്ല നിലകൊള്ളുന്നത്. എന്നാല്‍ ചിന്തിച്ചുനോക്കൂ, നിന്നിലെ അവബോധത്തില്‍ യാഥാര്‍ത്ഥ്യമായോ, താല്‍ക്കാലികമായോ, സ്ഥലസംബന്ധിയായോ ഏതെങ്കിലും തരത്തിലോ തലത്തിലോ ഉള്ള പരിമിതികള്‍ ഉണ്ടോ?’
ഞാനാ വെളിപ്പെടുത്തല്‍ കേട്ട് സ്തബ്ധനായിപ്പോയി. അവബോധം എന്നത് ആകാശത്തേക്കാള്‍ സൂക്ഷ്മമാണ്. ആകാശത്തിന് യാതൊരുവിധ പരിമിതികളും ഇല്ലല്ലോ. അച്ഛന്റെ ആശ്രമത്തില്‍ എനിക്കായി ഒരു മുറിയുണ്ട്. അത് എന്റെ ഇടമായി ഞാന്‍ കരുതിവന്നു. നാലുചുമരുകള്‍, ഒരുമേല്‍ക്കൂര, എന്നിവകൊണ്ട് പരിമിതപ്പെടുത്തിയതാണാ മുറി. എന്നാല്‍ ഒന്നുകൂടി ചിന്തിച്ചാല്‍ അറിയാനാവും അതൊരു സങ്കല്‍പ്പകല്‍പ്പനമാത്രമാണെന്ന്. കാരണം ആകാശം എല്ലാമുറികള്‍ക്കും അതീതമായി പരിമിതികളില്ലാതെയാണ് നിലകൊള്ളുന്നത്. ഒരുവീട്ടിലെ എല്ലാമുറികള്‍ക്കും ആകാശം ഒരേപോലെയാണ്. ചുവരുകള്‍കൊണ്ട ്മുറികളായി തിരിച്ച ഇടവും വീടിന് വെളിയിലെ ഇടവും എല്ലാംചേര്‍ന്നതാണ് ആകാശം. വീടുണ്ടാക്കുന്നതിനു മുന്‍പ് ആ സ്ഥലം, ആകാശം, തുറസ്സായ ഇടമായിരുന്നല്ലോ. ആ വീട് ഇടിച്ചുകളഞ്ഞാലോ, ആ ഇടം അതുപോലെ തന്നെ നിലകൊള്ളും. ശൂന്യമായആകാശമായിത്തന്നെ അവശേഷിക്കും. ആകാശത്ത് എന്തൊക്കെത്തന്നെ ഉണ്ടായാലും ഇല്ലെങ്കിലും ആകാശത്തിന് അതിരുകള്‍ ഇല്ല. എന്നാല്‍ ആകാശം അതിലുള്ള വസ്തുക്കളുടെ, അതായത് വീടിന്റെ ചുവരുകള്‍, അതില്‍ താമസിക്കുന്ന ആളുകള്‍, വീട്ടുസാമാനങ്ങള്‍, എന്നിവയുടെയൊക്കെ ആകൃതികള്‍ എടുത്താലും ആകാശം അങ്ങനെതന്നെ മാറ്റമേതുമില്ലാതെ നിലകൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: