കൊല്ലം : ഡോ. വന്ദനദാസിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍. ജയിലില്‍ കഴിയുന്ന സന്ദീപിനെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അരുണ്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസിന് കൈമാറിയിട്ടുണ്ട്.
സന്ദീപ് എല്ലാ കാര്യങ്ങളിലും കൃത്യമായി പ്രതികരിക്കുന്നുണ്ട്. ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്നങ്ങള്‍ ഇയാള്‍ക്കില്ലെന്നും ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
താന്‍ ലഹരിക്ക് അടിമയല്ലെന്ന് ജയില്‍ ഉദ്യോഗസ്ഥരോടും വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവ ദിവസം താന്‍ മദ്യപിച്ചിരുന്നു. കരാട്ടെ പഠിച്ചിട്ടുള്ള തന്നെ നാട്ടുകാര്‍ മര്‍ദ്ദിച്ചുവെന്ന് ജയില്‍ ഉദ്യോഗസ്ഥരോട് സന്ദീപ് പറഞ്ഞു. നാട്ടുകാര്‍ പിന്തുടര്ന്നപ്പോള് പോലിസിനെ വിളിക്കുകയായിരുന്നു. പിന്നെ സ്വിച്ച് ഓഫ് ചെയ്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകായിരുന്നു എന്നാണ് സന്ദീപ് അറിയിച്ചത്.
അതേസമയം പ്രതിയെ കസ്റ്റഡിയില്‍ കിട്ടാനായി അന്വേഷണ സംഘം കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ നല്‍കും. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നടത്തുന്നത്. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്കുകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കൊല്ലം റൂറല്‍ ഡിവൈഎസ്പി എം.എം. ജോസിനാണ് അന്വേഷണ ചുമതല. പ്രതിയുടെ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ലഹരി ഉപയോഗം സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പ്രതി ആക്രമണത്തിന് മുമ്പ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: