ജ്യോതിഷഭൂഷണം
എസ് ശ്രീനിവാസ് അയ്യര്‍
ദക്ഷപ്രജാപതിയുടെ ഇരുപത്തിയേഴ് പെണ്‍കിടാങ്ങളായിരുന്നു, നക്ഷത്രകന്യകമാര്‍. അതുകൊണ്ട് അവരെ ലോകം പൊതുവേ ‘ദാക്ഷായണിമാര്‍’ എന്ന് വിളിച്ചുപോന്നു. കിടാങ്ങളില്‍ മൂത്തവള്‍ ജ്യേഷ്ഠാ. (കേട്ട അഥവാ തൃക്കേട്ട. അങ്ങനെ വിശ്വസിക്കപ്പെടുന്നു). യൗവനം വന്നുദിച്ചപ്പോള്‍ അവളെയും അവളുടെ അനുജത്തിമാരെയും ദേവലോകത്തെ സുന്ദരപുരുഷന്മാരില്‍ ഒരാളായ ചന്ദ്രമസ്സിന് (ചന്ദ്രന്) ദക്ഷന്‍ വിവാഹം കഴിച്ചുകൊടുത്തു. ത്രിമൂര്‍ത്തികളുടെ അനുഗ്രഹത്തോടെ ചന്ദ്രന്‍ തന്റെ പത്‌നിമാരുമായി സൗഖ്യപൂര്‍ണമായ കുടുംബജീവിതം സമാരംഭിക്കുകയും ചെയ്തു..
എല്ലാ പത്‌നിമാരോടും ചന്ദ്രന് തുല്യസ്‌നേഹവും സമഭാവനയും ഇല്ലെന്ന് ചന്ദ്രപത്‌നിമാരില്‍ ചിലര്‍ അധികം വൈകാതെ തന്നെ കണ്ടെത്തി. പരിഭവവും പരാതിയും പതിവായി, അവിടെ. രോഹിണിയുടെ വിശ്വസൗന്ദര്യമായിരുന്നു, ചന്ദ്രന്റെ വലിയ ദൗര്‍ബല്യം. രോഹിണിയെ കൂടുതല്‍ സ്‌നേഹിക്കുകയും മറ്റുള്ളവരെ തീരെ അവഗണിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം രോഹിണിയുടെ സഹോദരിമാര്‍ തെളിവുകള്‍ സഹിതം അച്ഛന്റെ മുന്നിലെത്തിച്ചു. തന്റെ മക്കളെ സ്‌നേഹിക്കുന്നതില്‍ വേര്‍തിരിവ് പാടില്ലെന്ന് വിവാഹവേളയില്‍ തന്നെ ദക്ഷപ്രജാപതി ചന്ദ്രനെ ഓര്‍മ്മിപ്പിച്ചിരുന്നതുമാണ്. കാര്യമറിഞ്ഞപ്പോള്‍ പുത്രീവത്സലനായ ദക്ഷന്‍ ക്രോധാവിഷ്ടനായി. ‘നീ രാജയക്ഷ്മാവ് (ക്ഷയം) വന്ന് കോലം കെട്ടുപോകട്ടെ’ എന്നായിരുന്നു, ദക്ഷന്റെ ശാപരൂപേണയുള്ള പ്രതികരണം. സ്വന്തം ദേഹകാന്തിയില്‍ എന്നും അളവറ്റ് അഹങ്കരിച്ചിരുന്ന ചന്ദ്രന് അത് ഏറ്റവും വലിയൊരു തിരിച്ചടിയായി! ആ നിമിഷം തന്നെ കരിഞ്ഞുണങ്ങിയ മരം പോലെ പ്രഭാവിഹീനനായി, ചന്ദ്രന്‍..നീണ്ടകാലത്തെ ശിവഭജനത്തിലൂടെ ചന്ദ്രന്‍, വരം നേടി. പശ്ചിമഭാരതത്തിലെ പ്രഭാസതീര്‍ത്ഥത്തില്‍ വേദവിധിപ്രകാരം, മന്ത്രോക്തപൂര്‍വം സ്‌നാനം ചെയ്താല്‍ ‘നിന്റെ ശാപം പകുതി കുറയും’ എന്നതായിരുന്നു ഭഗവാന്‍ നല്‍കിയ വരം. ശിവവചനം ഉള്‍ക്കൊണ്ട് ചന്ദ്രന്‍ പ്രഭാസതീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു. തേഞ്ഞുതേഞ്ഞ് ഇല്ലാതാകുന്ന കൃഷ്ണപക്ഷമെന്നും, വളര്‍ന്നുവളര്‍ന്ന് പൂര്‍ണതയിലെത്തുന്ന ശുക്ലപക്ഷമെന്നും ചന്ദ്രന്റെ ജീവിതകഥയ്‌ക്ക് രണ്ട് സ്ഥിരം അദ്ധ്യായങ്ങള്‍ മാറി മാറി തുടരുന്നത് അന്നുമുതല്‍ക്കാണ്. ‘വൃദ്ധിക്ഷയങ്ങള്‍ ഉള്ള ഗ്രഹം’ എന്ന് ചന്ദ്രന്‍ അപ്പോള്‍ തൊട്ട് പ്രശസ്തനോ കുപ്രശസ്തനോ ആവുകയും ചെയ്തു.
പ്രഭാസം, മഹാഭാരത, ഭാഗവതാദി ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പുണ്യതീര്‍ത്ഥമാണ് എന്ന് ഇവിടെ ഓര്‍ക്കാം.
അതിനുശേഷം ചന്ദ്രന്‍ എല്ലാ പത്‌നിമാരെയും ഒരുപോലെയാണോ സ്‌നേഹിച്ചത് എന്നറിയില്ല. അത് കാലത്തിന്റെ ഗര്‍ഭത്തില്‍ ചുരുണ്ടുറങ്ങുന്ന ഒരു കഥാരഹസ്യമാണ്.. എന്തായാലും താരാനാഥന്‍, നക്ഷത്രേശന്‍, ഉഡുപതി, രോഹിണീശന്‍ എന്നീ ചന്ദ്രനാമങ്ങള്‍ ഇവിടെ ഓര്‍മ്മിക്കാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: