അഡ്വ. ടി.പി. സിന്ധുമോള്‍
വികസന സിദ്ധാന്തവും നയരൂപീകരണങ്ങളും സാധാരണ മനുഷ്യന്റെ ജീവിത ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ്. അതിനായി ഭരണകര്‍ത്താക്കളുടെ വീക്ഷണത്തില്‍ ‘ഭരണ മോഡലുകള്‍’ സൃഷ്ടിക്കപ്പെടുന്നു. ‘യുപി മോഡല്‍’ എന്ന കേട്ടുകേള്‍വിക്കപ്പുറം അതറിയാനും കണ്ടനുഭവിക്കാനും 22 പേരടങ്ങുന്ന ഒരു സ്ഥലം പബ്ലിക് പോളിസി റിസേര്‍ച്ച് സെന്റര്‍ (പിപിആര്‍സി)യുടെ ക്ഷണം സ്വീകരിച്ച് ഏപ്രില്‍ 23 നാണ് കേരളത്തില്‍നിന്നും യാത്രതിരിച്ചത്. പിപിആര്‍സി ഉദ്യോഗസ്ഥന് രാഹുല്‍ ദുബേയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വാരാണസി എയര്‍പോര്‍ട്ടില്‍ ഞങ്ങളെ ഉപചാരപൂര്‍വം സ്വീകരിച്ചു.
യുപിയുടെ സദ്ഭരണ യാത്രയുടെ ആദ്യ സന്ദര്‍ശനം വാരാണസി സ്മാര്‍ട്ട് സിറ്റി കേന്ദ്രത്തിലായിരുന്നു. സമ്പൂര്‍ണ കാശിയെക്കുറിച്ച് മനസ്സിലാക്കാന്‍ ഒരു ഇന്റഗ്രേറ്റഡ് സംവിധാനം ഇവിടെ പ്രവര്‍ത്തിക്കുന്നു. ട്രാഫിക് നിയന്ത്രണം, ക്രമസമാധാന പാലനം, ആരോഗ്യപരിപാലനം മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങി വിവിധ മേഖലകളെ കൂട്ടിയിണക്കി ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ച് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നു. 5000 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ നാഗരികതയില്‍ 8 ലക്ഷം ആളുകള്‍ 90 യാര്‍ഡുകളിലായി ജീവിക്കുന്നു. ഒരു ശരാശരി കേരളീയന് ആദ്യം ശ്രദ്ധിക്കുന്നത് കാശിയിലെ മാലിന്യ സംസ്കരണ പദ്ധതിയും ട്രാഫിക് നവീകരണ പദ്ധതിയുമായിരിക്കുമെന്ന് സംശയലേശമന്യേ പറയാന്‍ സാധിക്കും. കെഐസിസിസിയുടെ കീഴില്‍ കാശി സോളിഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനം പ്രവര്‍ത്തനക്ഷമമാണ്. ഞങ്ങള്‍ എത്തിയതിന്റെ തലേന്നാള്‍ ശേഖരിച്ച മാലിന്യം 676 ടണ്‍ ആയിരുന്നു. ആവറേജ് 650 ടണ്‍ മാലിന്യം ദിനംപ്രതി ശേഖരിക്കപ്പെടുന്നു. സംസ്കരിക്കപ്പെടുന്നു. മാലിന്യ ശേഖരണത്തിനായി പ്രത്യേകം മൊബൈല്‍ ആപ്ലിക്കേഷനും നിലവിലുണ്ട്.
കേരളത്തില്‍ നാം അനുഭവിക്കുന്ന മാലിന്യപ്രശ്നത്തിനു കാരണം എച്ചില് പാത്രത്തില്പോലും കയ്യിട്ടുവാരുന്ന അഴിമതി അലങ്കാരമാക്കിയ ഭരണകൂടവും അതിന്റെ നയവൈകല്യങ്ങളുമാണല്ലോ. കാശിയിലെ ട്രാഫിക് സംവിധാനത്തെക്കുറിച്ച് വിശദീകരണം നല്കാന് ഉദ്യോഗസ്ഥന് തുനിഞ്ഞപ്പോള്‍ 726 എഐ ക്യാമറകള്‍ സ്ഥാപിക്കപ്പെട്ട കേരളത്തില്‍ നിന്നു വന്ന ‘ഞങ്ങളോടോ ബാലാ’ എന്നുള്ള അഹങ്കാരത്തില്‍ തലയുയര്‍ത്തിതന്നെ നിന്നു. വാരാണസിയില്‍ മാത്രം 465എഐ ക്യാമറകള്‍ മിഴിതുറന്നിരിക്കുന്നതു കണ്ടപ്പോള്‍ തല താഴ്ത്തേണ്ടി വന്നു. കാരണം മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തില്‍ 726 എഐ ക്യാമറകള്‍ എന്നുപറഞ്ഞ് അഹങ്കരിക്കുമ്പോഴാണ് കേവലം എട്ട് ലക്ഷം ജനങ്ങള്‍ മാത്രമുള്ള കാശിയില്‍ 465 എഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിലെ 726 എഐ ക്യാമറകള്‍ ഊരാളുങ്കല്‍ വഴി പലയിടത്തും കറങ്ങിത്തിരിഞ്ഞ് മുഖ്യമന്ത്രി….. കൂട്ടാളികളുടെയും അഴിമതിപ്പുസ്തകത്തിലെ അടുത്ത അദ്ധ്യായമായി രൂപമാറ്റം സംഭവിച്ചതിനെപ്പറ്റി പ്രബുദ്ധ കേരളം ചര്‍ച്ചചെയ്യുകയാണല്ലോ?
കാശിയിലെ കാഴ്ചകള്‍
അടുത്ത യാത്ര ഗംഗാതീരത്തെ നമോഘട്ടിലേക്കായിരുന്നു. 1780 ഇന്‍ഡോര്‍ രാജ്ഞിയായിരുന്ന അഹല്യ ബായി ഹോള്‍ക്കര്‍ ആണ് കാശി വിശ്വനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചത്. നരേന്ദ്ര മോദി അധികാരമേറ്റശേഷം നിര്‍മിച്ചതാണ് നമോഘട്ട്. ഭിന്നശേഷിക്കാര്‍ക്കുപോലും ഗംഗാനദി വരെ ഇറങ്ങാന്‍ പറ്റുന്ന രീതിയിലാണ് പടികള്‍ നിര്‍മിച്ചിരിക്കുന്നത്. അതിപുരാതനമായ 84 ഘട്ടുകളുടെ സമന്വയം. ഒരറ്റം മുല് മറ്റേ അറ്റം വരെ ഏഴര കിലോമീറ്റര്‍ ദൂരം. വരുണയും അസിയും യോജിക്കുന്ന ഗംഗാപ്രവാഹത്തിലൂടെ അലൗകികവും ആദ്ധ്യാത്മകവും ആധുനികവുമായ വികസനത്തിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ട് കാശി വിശ്വനാഥ കോറിഡോറില്‍ എത്തിച്ചേര്‍ന്നു. ബോട്ടില്‍ സഞ്ചരിക്കുന്ന സമയം കണ്ണുകള്‍ ഏറെ നേരം ഉടക്കിയത് മണികര്ണ്ണികാഘട്ടിലും ഹരിശ്ചന്ദ്രഘട്ടിലുമായിരുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെ ബോധ്യപ്പെടുന്നതിനായി അഗ്നിനാളങ്ങള്‍ എരിഞ്ഞുകൊണ്ടേയിരിക്കുന്നു. സമയപ്രതിബന്ധമില്ലാതെ ശവസംസ്കാരം നടത്തുന്ന രണ്ടു സ്ഥലങ്ങളില്‍ ഒന്ന് മണികര്ണ്ണികാഘട്ടും മറ്റൊന്ന് കാഠ്മണ്ഡുവുമാണ്. പ്രതിവര്‍ഷം 30,000 ശവസംസ്കാരങ്ങളാണ് മണികര്‍ണ്ണികാഘട്ടില്‍ മാത്രം നടത്തപ്പെടുന്നത്.
ഞങ്ങള്‍ പടികള്‍ കയറി കാശിവിശ്വനാഥ കോറിഡോറിലേക്കെത്തി ഉള്ളില്‍ പ്രവേശിച്ചു. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, എന്നാല്‍ ലോകത്തിന്റെ അഭിമാനമായ ആധ്യാത്മിക തേജസ്സ്, ആദിശങ്കരന്റെ പ്രതിഷ്ഠ, ഭാരതമാതാ ക്ഷേത്രം, അഹല്യാബായ് ഹോല്‍ക്കറുടെ പ്രതിഷ്ഠ, മറ്റനവധി ഉപദേവതകള്‍. എല്ലാവരേയും പ്രണമിച്ച്, കാശിവിശ്വനാഥനെ തൊട്ടുതൊഴുതിറങ്ങുമ്പോള് ശുഭസൂചകമായി ചാറ്റല്‍ മഴ പൊടിയുന്നുണ്ടായിരുന്നു. തുടര്‍ന്ന് അഭൗമമായ ഗംഗാ ആരതിയുടെ പ്രകാശവലയത്തില്‍ കാല-ദേശ-ഭാഷാ വ്യത്യാസങ്ങളില്ലാതെ തൊഴുകൈകളുമായി നില്ക്കുന്ന ആയിരങ്ങളെ കണ്ടുകൊണ്ട് തിരികെ നമോഘട്ടിലേക്ക്. വാരാണസിയില്‍ ദിനംപ്രതി ഒരു ലക്ഷം മുതല്‍ ഒന്നരലക്ഷം വരെ ആളുകള്‍ എത്തിച്ചേരുന്നു. വിശേഷ ദിവസങ്ങളില്‍ അത് മൂന്ന് മുതല്‍ അഞ്ചുലക്ഷം വരെ എത്തുന്നു എന്നാണ് കണക്ക്. ഇടുങ്ങിയ ഗലികളിലൂടെ നാനാവിധ മാലിന്യങ്ങളും ചവിട്ടി നടന്ന്, ദുര്‍ഗന്ധം പേറി കാശിവിശ്വനാഥനെ കണ്ടു തൊഴുതു മടങ്ങേണ്ടിവന്നിരുന്ന ദുരവസ്ഥ ഒരു ഭക്തനും ഇന്നിവിടെ അനുഭവിക്കുന്നില്ല. കാശി ക്ലീന്‍ സിറ്റിയാണ്, സ്മാര്‍ട്ടാണ്.
യാത്രയുടെ രണ്ടാം ദിനം വാരാണസി കോര്‍പ്പറേഷനിലെ സുന്ദര്‍പൂര്‍ നാലാം വാര്‍ഡിലെ അംഗനവാടി കേന്ദ്രം സന്ദര്‍ശിച്ചു. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും നല്ല പോഷകാഹാരവും ലഭ്യമാക്കാന്‍ ഇസിസിഇ പദ്ധതിയിലൂടെ 1,70,896 അംഗനവാടികള്‍ക്കാണ് യോഗിസര്‍ക്കാര്‍ തുടക്കമിട്ടത്. സര്‍ക്കാരിന്റെ ‘സക്ഷം’ യോജന മുഖേന പോഷകാഹാര കുറവു മൂലം ഉണ്ടാകുന്ന ശിശുമരണനിരക്ക് ഗണ്യമായി കുറഞ്ഞിരിക്കുന്നു. മാസത്തില്‍ ഒരു തവണ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. ആവശ്യമെങ്കില്‍ മള്‍ട്ടിവിറ്റാമിന്‍ ഗുളികകള്‍ കുഞ്ഞുങ്ങള്‍ക്കു നല്കിവരുന്നു. പോഷണ്‍ അഭിയാന്റെ ഭാഗമായി കേന്ദ്ര ഗവണ്മെന്റു നല്കുന്ന സേവനങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയുന്നു.
അംഗനവാടിയില്‍ നിന്നും നേരെപോയത് ബേല്‍പ്പൂര്‍ സോണിലെ മഹൂര്ഗഞ്ച് കോംപോസിറ്റ് സ്കൂളിലേക്കായിരുന്നു. ഒന്നുമുതല്‍ എട്ട് വരെ ക്ലാസ്സുകള്‍ ഉള്ള സര്‍ക്കാര്‍ വിദ്യാലയം. സ്കൂള്‍ യൂണിഫോം, വിദ്യാര്‍ത്ഥികളുടെ ഭക്ഷണം തുടങ്ങി പഠനവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും പൂര്‍ണമായും സൗജന്യമാണ്. സ്കൂള്‍ വര്‍ഷാരംഭത്തില്‍ ഓരോ കുട്ടിക്കും പഠനത്തിലേക്ക് ആവശ്യമായി വരുന്ന തുക ഡിബിറ്റി പ്രകാരം (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) വിദ്യാര്‍ത്ഥിയുടേയും രക്ഷിതാവിന്റെയും ജോയിന്റ് അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നു. ഏറ്റവും വൃത്തിയുള്ള അന്തരീക്ഷം, സ്മാര്‍ട് ക്ലാസുകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍ ഇതെല്ലാം കോംപോസിറ്റ് സ്കൂളുകളുടെ പ്രത്യേകതയാണെന്നു നേരിട്ടു ബോധ്യപ്പെട്ടപ്പോഴാണ് ഉത്തര്‍പ്രദേശിനെ അരികുവല്‍ക്കരിക്കുന്നതില്‍ കേരള ബുദ്ധിജീവികളുടെ മത്സരബുദ്ധിയോടെയുള്ള സമീപനത്തെക്കുറിച്ച് ഓര്മ വന്നത്. 1147 കോംപോസിറ്റ് സ്കൂളുകള്‍ വാരാണസിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ചുമരില്‍ സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും സാഹിത്യകാരന്മാരുടേയും ചിത്രങ്ങള്‍ അതിമനോഹരമായി വരച്ചു ചേര്‍ത്തിരിക്കുന്നു. ഇവിടെ നമ്മുടെ നാട്ടില്‍ മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാനുള്ള അവകാശ നിഷേധത്തെ കണ്ട് കൈരളി അപമാന ഭാരത്താല്‍ തലകുനിച്ചിരിക്കുന്നു.
സാരാനാഥിലെബുദ്ധപഥങ്ങള്
സാരാനാഥിലെ ബുദ്ധ കേന്ദ്രത്തിലെ കാഴ്ചകള്‍ ഏതൊരു ചരിത്രാന്വേഷിയിലും കൗതുകം സൃഷ്ടിക്കും. സാരാനാഥ് മ്യൂസിയത്തിനുള്ളില്‍ കാണപ്പെട്ട അശോക സ്തംഭം, വൈദേശിക ആക്രമണത്തില്‍ തകര്‍ക്കപ്പെട്ട ബുദ്ധന്റെ പ്രതിമകള്‍, മറ്റു പൗരാണിക വസ്തുക്കള്‍ തുടങ്ങി അറിവിന്റെ ഒരു അമൂല്യശേഖരം തന്നെ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. വൈദേശിക ഇസ്ലാമിക ആക്രമണകാരികള്‍ നാശം വിതച്ചത് കാശിയിലും മഥുരയിലും അയോദ്ധ്യയിലും മാത്രമല്ല സാരാനാഥും അതിനിരയായി എന്നു കാണാന്‍ സാധിക്കും.
ലുംബിനി വനത്തില്‍ ജനിച്ച്, ബോധഗയയില്‍ വച്ച് നിര്‍മാണം സിദ്ധിച്ച്, സാരാനാഥിലെത്തി സാധാരണ ജനങ്ങളുടെ ഭാഷയായ അര്ധമഗധിയില് ജ്ഞാനോപദേശം നല്കി കുശി നഗറില്‍ സമാധിയായ ശ്രീബുദ്ധന് ഏറ്റവും സുപ്രധാന കാലഘട്ടം ചെലവഴിച്ചത് സാരാനാഥിലായിരുന്നു. സാരാനാഥില്നിന്നും ഞങ്ങള്‍ എത്തിയത് വാരാണസി ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററിലാണ്. കരകൗശല ഉല്‍പ്പന്നങ്ങളുടെയും ബനാറസ് സാരികളുടെയും ഒരു മ്യൂസിയം കണ്ടു. യോഗി സര്‍ക്കാര്‍ ഒഡിഒപി എന്ന പദ്ധതിക്ക് (അതായത് വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രോഡക്ട്) നല്കുന്ന പ്രാധാന്യം മനസ്സിലാക്കാന്‍ സാധിച്ചു. ഓരോ ജില്ലയും അവരുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം നടത്തി തദ്ദേശീയമായി വില്‍പ്പന നടത്തിയും, കയറ്റുമതി നടത്തിയും വരുമാനം ഉണ്ടാക്കുന്നു. ഇതിനായി സര്‍ക്കാര്‍ സാമ്പത്തിക-സാങ്കേതിക സഹായം കയ്യയച്ചു നല്കുന്നു. ലക്ഷക്കണക്കിനാളുകള്‍ സ്വയംസംരംഭകത്വത്തിലൂടെ നേട്ടത്തിന്റെ പടവുകള്‍ താങ്ങുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ ഉള്‍പ്പെടെ 36 ഓളം വ്യവസായങ്ങള്‍ക്ക് അന്ത്യകൂദാശ അര്‍പ്പിച്ച നമ്മുടെ സ്വന്തം കേരളത്തിന് വടക്കോട്ടു നോക്കാന്‍ താല്‍പ്പര്യമുണ്ടായാല്‍ യുപി മോഡല്‍ കണ്ടും മനസ്സിലാക്കിയും പഠിച്ചും നാടിന്റെ വികസനത്തിനു മുതല്ക്കൂട്ടാക്കാം.
അയോദ്ധ്യയിലെ രാമസന്നിധിയിലേക്ക്
വാരാണസിയില്‍ നിന്നും അയോദ്ധ്യയിലേക്ക് ഏതാണ്ട് അഞ്ചര മണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു. സരയൂ ആരതിയില്‍ പങ്കെടുക്കാന്‍ വൈകാതെ എത്തണമെന്നുള്ളതായിരുന്നു ടീമിന്റെ ആഗ്രഹം. ഫൈസാബാദ് നഗരത്തിലേക്ക് കടന്നപ്പോള്‍ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഏഴര മണിയോടുകൂടി സരയൂ നദിയുടെ തീരമണഞ്ഞു. ചാറ്റല്‍ മഴയും തണുത്ത കാറ്റുമേറ്റും എല്ലാവരും വിറയ്ക്കുന്നുണ്ട്. എന്നാല്‍ അതൊന്നും കൂസാതെ സരയുവിനെ തൊട്ടു വന്ദിച്ച്, സരയൂ ആരതിയില്‍ പങ്കെടുത്ത്, രാമമന്ത്രം ഉരുവിട്ട് കുറച്ചധിക സമയം അവിടെ ചെലവഴിച്ചു. സരയൂ നദിക്കു കുറുകെയുള്ള പാലം ശ്രദ്ധിക്കാന്‍ അഡ്വ. ശ്രീപത്മനാഭന് ഞങ്ങളോടു പറഞ്ഞു. ഈ പാലത്തിലാണ് 1990 ഒക്ടോബര്‍ മാസം 30 ന് ഗോണ്ട ജില്ലയില്‍ നിന്നുള്ള ആയിരക്കണക്കിനു വരുന്ന കര്‍സേവകര്‍ പോലീസിന് പ്രതിരോധം സൃഷ്ടിച്ചുകൊണ്ട് വെല്ലുവിളി ഉയര്‍ത്തിയത്. ചരിത്രമുറങ്ങുന്ന ശ്രീരാമജന്മഭൂമിയെ സ്പര്‍ശിച്ചൊഴുകുന്ന സരയുവിനെ വന്ദിച്ച് ഞങ്ങള്‍ ഫൈസാബാദിലുള്ള ഗവണ്മെന്റ് സര്ക്യൂട്ട്ഹൗസിലേക്ക് രാത്രി താമസത്തിനായി തിരിച്ചു.
പിറ്റേന്ന് രാംലാല ദര്‍ശനത്തിനായി സരയുവില്‍ കുളിച്ച് യാത്രതിരിച്ചു. ശ്രീരാമജന്മഭൂമിയായ അയോദ്ധ്യ ലോകത്തിന്റെ തന്നെ ആത്മീയ തലസ്ഥാനമായി മാറ്റപ്പെടുമെന്ന് അയോദ്ധ്യ ഡെവലപ്മെന്റ് അതോറിറ്റി ഉദ്യോഗസ്ഥനായ വിനീത് പറഞ്ഞു. നൂറ്റാണ്ടുകളുടെ വൈദേശികാക്രമണത്തില്‍ തകര്‍ന്നുപോയ അയോദ്ധ്യയെ ജനകീയ സമരങ്ങളുടെ ഫല പ്രാപ്തിയിയിലൂടെ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുന്നു. 1800 കളില്‍ ആരംഭിച്ച കോടതിവ്യവഹാരത്തിന്റെ അന്തിമഫലമായി നഷ്ടപ്രതാപം വീണ്ടെടുത്ത് രാമക്ഷേത്ര നിര്‍മാണം തകൃതിയായി നടക്കുന്നു. രാംലാലാ ദര്‍ശനത്തിനു ശേഷം ഞങ്ങളെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ശ്രീരാമക്ഷേത്രത്തിലേക്ക് മുതിര്‍ന്ന പ്രചാരകനും രാമജന്മഭൂമിയുടെ മേല്‍നോട്ടക്കാരനുമായ ഗോപാല്‍ജി കൂട്ടിക്കൊണ്ടുപോയി. 300 മീറ്ററില്‍ അധികം നീളും 200 മീറ്ററിലധികം വീതിയുമുള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ജയ്ശ്രീറാം വിളികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ഒരു ജനതയുടെ നഷ്ടപ്പെട്ട ആത്മവീര്യവും ആത്മാഭിമാനവും വീണ്ടെടുക്കാന്‍ ഈ തെരുവീഥിയിലെവിടെയോ വെടിയുണ്ടയേറ്റു പിടഞ്ഞുവീണു മരിച്ച കോത്താരി സഹോദരന്മാരേയും കര്‍സേവകരേയും ഓര്‍ത്തുപോകുന്നു.
അയോദ്ധ്യാ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഓഫീസിലായിരുന്നു പിന്നീട് സന്ദര്‍ശനം. സിഇഒയും മറ്റു നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. അയോദ്ധ്യാ വിഷന്‍ 2047 പ്രകാരം മൂന്നു ഘട്ടങ്ങളിലായിട്ടാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നത്. സ്പിരിച്വല്‍ സിറ്റി, നോളജ് സിറ്റി, സിറ്റി ഓഫ് സെലിബ്രേഷന് തുടങ്ങി ഒന്‍പതു മേഖലകളിലായി 230 പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. 108 ജലാശയങ്ങള്‍ പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കപ്പെടുന്നു. അയോദ്ധ്യയുടെ 70 ശതമാനവും മറ്റു രണ്ടു ജില്ലകളായ ബസ്തിയും ഗോണ്ടയും പദ്ധതിയുടെ ഭാഗമായി വികസിച്ചുകൊണ്ടിരിക്കുന്നു. അയോദ്ധ്യാ ഡെവലപ്മെന്റ് അതോറിറ്റി വൈസ് ചെയര്മാന് വിശാല്‍ സിങ് പറഞ്ഞതനുസരിച്ച് 2047 ആകുമ്പോള്‍ അയോദ്ധ്യ ‘ഗ്ലോബല്‍ സ്പിരിച്വല്‍ സിറ്റി’ ആയി മാറിക്കഴിഞ്ഞിരിക്കും. അയോദ്ധ്യാ ദര്‍ശനത്തിനു ശേഷം യാത്രാ സംഘം ദര്ശന് നഗര്‍ പ്രദേശത്തെ ചൗദാ കോശി പരിക്രമ മാര്‍ഗില്‍ സ്ഥിതിചെയ്യുന്ന സൂരജ് കുണ്ഡ് സന്ദര്‍ശിക്കാനെത്തി. വളരെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ജലാശയം. ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും ഈ കുണ്ഡില്‍ കുളിക്കുകയും, സൂര്യഭഗവാനെ ആരാധിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. ഇവിടുത്തെ ചരിത്രവും സംസ്കാരവും പൗരാണികതയുമെല്ലാം ‘രാമന്’ എന്ന ഒരൊറ്റ പേരില്‍ വിലയം പ്രാപിച്ചു നില്ക്കുന്നു. ഒപ്പം അയോദ്ധ്യ ഭാരതീയ സംസ്കാരത്തിന്റെ അഭിമാന സ്തംഭമായി തലയുയര്‍ത്തി നില്ക്കുന്നു.
ലക്നൗവിലെ വികസനം
അയോദ്ധ്യയില്‍ നിന്നും ലക്നൗവിലേക്കെത്തുമ്പോള് രാത്രി വളരെ വൈകിയിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ടീമംഗങ്ങള്‍ ലക്നൗ സന്ദര്‍ശനത്തിനു തയ്യാറായി പുറപ്പെട്ടു. ലക്നൗ ഉത്തര്‍പ്രദേശിന്റെ വികസിത തലസ്ഥാന നഗരിയായി മാറിക്കഴിഞ്ഞു. നല്ല റോഡുകള്‍, റോഡിനിരുവശവും നട്ടു നനച്ചു വളര്‍ത്തിയ പച്ചപ്പുകള്‍, ഗതാഗതക്കുരുക്കില്‍ ശ്വാസംമുട്ടാതെ വാഹനങ്ങള്‍ മുന്നോട്ടു പായുന്നു. ലക്നൗ സ്മാര്‍ട്ട് സിറ്റി പദ്ധതി അറിയപ്പെടുന്നത് ‘ജീവന് സ്വച്ച് സുഹ് സമൃദ്ധ്’ പദ്ധതി എന്നാണ്. ഇന്റഗ്രേറ്റഡ് മോണിറ്ററിങ് സംവിധാനം കാശിയിലെ പോലെ തന്നെ ഇവിടെയും സുസജ്ജമാണ്. ഇന്റഗ്രേറ്റഡ് ട്രാഫിക് സംവിധാനത്തില്‍ 150 ജംഗ്ഷനുകളിലായി 20 പ്രധാന കേന്ദ്രങ്ങളില്‍ 1000 ക്യാമറകള്‍ നിരീക്ഷണത്തിനായി സ്ഥാപിച്ചിരിക്കുന്നു. ശ്രദ്ധേയമായ മറ്റൊരു സംഗതി എന്തെന്നാല്‍ ഗതാഗത നിയമ ലംഘനമോ പോലീസ് അനാസ്ഥയോ ഉണ്ടായാല്‍ ഈ കണ്ട്രോള് റൂമിലിരുന്ന് അതത് ജംഗ്ഷനിലേക്ക് അപ്പോള്‍ തന്നെ അവിടെയുള്ള മൈക്കില്‍ കൂടി നിര്‍ദ്ദേശം എത്തുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനുവേണ്ടി ജിപിഎസ് ഘടിപ്പിച്ച 500 വാഹനങ്ങള്‍ സിറ്റിയില്‍ സര്‍വീസ് നടത്തുന്നു. ആരോഗ്യ മേഖലയിലാകട്ടെ 100 ഹെല്‍ത്ത് എടിഎമ്മുകള്‍ ആണ് മുന്‍സിപ്പാലിറ്റിയില്‍ ഉള്ളത്. രോഗനിര്‍ണയം, പരിധോശന എല്ലാം ലഭ്യമാക്കുന്ന ഹെല്‍ത്ത് എടിഎം കളാണിവ. കൊവിഡ് കാലഘട്ടത്തില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ‘ഹലോ ഡോക്ടര്‍ സ്കീം’ പ്രത്യേകം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രധാനപ്പെട്ട 20 കേന്ദ്രങ്ങളില്‍ സൗജന്യ വൈഫൈ കണക്ഷന് നല്കുന്നു എന്നറിഞ്ഞപ്പോള്‍ കേരളത്തെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുപോയി.
ലക്നൗവിലെ മോഹന്‍ലാല്‍ ഗഞ്ച് ബ്ലോക്കിലെ (ബേഗാരി ഗ്രാമം) ഒരു വനിതാ സ്വയംസഹായ സംഘത്തെ പരിചയപ്പെട്ടു. ‘ലക്ഷ്മി പ്രേരണ ഉദ്യം’ എന്നത് സ്ത്രീശാക്തീകരണത്തിനായി യോഗിജി നടപ്പില്‍വരുത്തിയിട്ടുള്ള പദ്ധതിയാണ്. ഈ വനിതാസംഘം അംഗന്‍വാടിയിലെ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായിരുന്ന പോഷകാഹാര പൊടികള്‍ സ്വന്തമായി നിര്‍മിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ എട്ടുലക്ഷം രൂപ ഉപയോഗിച്ചാണ് സംരംഭം നടത്തുന്ന കെട്ടിടം പണികഴിപ്പിച്ചിട്ടുള്ളത്. ഇതേപോലെ 20 വനിതകള്‍ അടങ്ങുന്ന 302 സെല്‍ഫ് ഹെല്‍പ്പ് ഗ്രൂപ്പുകള്‍ (എസ്എച്ച്ജി) പ്രവര്‍ത്തിക്കുന്നു. മൂലധനമെന്നുള്ളത് എസ്എച്ച്ജികള് ചേര്‍ന്നുള്ള തൊണ്ണൂറ്റിഒന്നു ലക്ഷത്തി ഇരുപതിനായിരം രൂപയും, സംസ്ഥാന സര്‍ക്കാര്‍ സഹായമായ എഴുപത്തിരണ്ടു ലക്ഷം രൂപയുമാണ്. ഇവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഐസിഡിഎസ് വഴി ഇവിടെയുള്ള 276 അംഗനവാടികളില്‍ നല്കുന്നു. വൈദ്യുതിയും വെള്ളവും തികച്ചും സൗജന്യമാണ്. ഉല്‍പ്പന്നങ്ങള്‍ ഐസിഡിഎസ് വാങ്ങുമ്പോള്‍ നല്കുന്ന തുകയുടെ 80% എസ്എച്ച്ജികള്ക്കാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ച് ഉത്തര്‍പ്രദേശിലെ എല്ലാ ബ്ലോക്കുകളിലും സമാനമായ രീതിയില്‍ എസ്എച്ച്ജികള് ആരംഭിച്ചിട്ടുണ്ട്.
യോഗി സര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒഡിഒപി അഥവാ ഒരു ജില്ല ഒരു ഉല്‍പ്പന്നം എന്നതിന്റെ പ്രത്യേക ഉദാഹരണമാണ് ലക്നൗ ജില്ലയിലെ ബരോളി വില്ലേജിലെ നിരാലാ നഗറിലെ മഞ്ചരി പാണ്ഡേ തുടങ്ങിയിട്ടുള്ള ചുരിദാര്‍ വ്യവസായം. ചിക്കന്‍കാരി എംബ്രോയിഡറി ലക്നൗവിന്റെ സവിശേഷതയാണ്. ഇവര്‍ ഇന്ന് ലക്നൗ കടന്ന്, ദല്‍ഹി, കര്‍ണാടകം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് തുണിത്തരങ്ങള്‍ കയറ്റിയയ്ക്കുന്നു. 45 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്ലാസ് പരിസരവാസികള്‍ക്ക് നല്കുന്നു. ഈ പദ്ധതി പ്രകാരം 25% സബ്സിഡി ലഭ്യമാകുന്നു. ലക്നൗവില്‍ മാത്രം സംഘടിത മേഖലയില്‍ 24 വ്യവസായങ്ങള്‍ ഇപ്രകാരം നിലവിലുണ്ട്. ഏതാണ്ട് 56,000 വനിതകള്‍ ഇതുവഴി വരുമാനം കണ്ടെത്തുന്നു.
ടീമിന്റെ അടുത്ത ലക്ഷ്യം ലക്നൗവിലെ അമോസി എയര്‍പോര്‍ട്ടിനു സമീപത്തായി സ്ഥിതിചെയ്യുന്ന കന്ഹ ഗോശാല പ്രോജക്ട് കാണുന്നതിനായിരുന്നു. കന്ഹ എന്നാല്‍ കണ്ണന് എന്നാണര്‍ത്ഥം. ഉപയോഗശേഷം പശുക്കളെയും മറ്റു മാടുകളെയും തെരുവില്‍ ഉപേക്ഷിക്കുന്നത് യുപിയില്‍ നിത്യസംഭവമായിരുന്നു. യോഗി സര്‍ക്കാര്‍ വന്നതിനുശേഷം ഇതിന് വ്യക്തമായ ഒരു പരിഹാര പദ്ധതി നടപ്പില്‍വരുത്തി. അമോസിയില് മാത്രം 30 ഏക്കറില്‍ 28 ഗോശാലകള്‍ ഉണ്ട്. 9500 കാലികള്‍ ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ദിവസേന കാലികളെ കുളിപ്പിക്കുന്നു, നല്ല ഭക്ഷണം കൊടുക്കുന്നു. ഗോബര്‍ഗ്യാസ് ആവശ്യത്തിലധികം ഉല്പാദിപ്പിക്കപ്പെടുന്നു. ചാണകമുപയോഗിച്ച് വലിയ ചരളികളും ചിരാതുകളും നിര്‍മിക്കുന്നു. അതോടൊപ്പം നിരവധി ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാകുന്നു. 11 ലക്ഷം പശുക്കളെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ സംരക്ഷിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ആകെ മൊത്തം 7000 ഗോശാലകള്‍ പ്രവര്‍ത്തിക്കുന്നു.
ഡബിള്‍ എഞ്ചിന് കുതിപ്പുകള്‍
ഉത്തര്‍പ്രദേശ് ഡബിള്‍ എഞ്ചിനില്‍ വികസന കുതിപ്പ് തുടരുകയാണ്. ഭാരത്മാലാ പ്രോജക്ടിലൂടെ യുപിയില്‍ പണി പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമായതും, പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നതുമായ 13 എക്സ്പ്രസ്വേകള്‍ ഉണ്ട്. യമുന എക്സ്പ്രസ് വേ ആണ് ആദ്യമായി ഉത്തര്‍പ്രദേശില്‍ നിലവില്‍ വന്നത്. 9 വിമാനത്താവളങ്ങള്‍ യുപിയിലുണ്ട്. കൂടാതെ 12 എണ്ണംകൂടി നിര്‍മാണത്തിലിരിക്കുന്നു. ഏഴു നഗരങ്ങളില്‍ മെട്രോ സംവിധാനം ആരംഭിച്ചുകഴിഞ്ഞു. എട്ടാമത്തെ മെട്രോ ആഗ്രയില്‍ ആരംഭിക്കുന്നു. എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് സമ്മിറ്റ് പ്രകാരം ലഭ്യമായ തുക 35 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഉത്തര്‍പ്രദേശിലെ ജ്യൂമറില് പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. ഉത്തര്‍പ്രദേശ് മുന്നേറുകയാണ്.
യുപി സദ്ഭരണയാത്രയുടെ 50-ാം ദിനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് കാണുന്നതിനുള്ള ക്ഷണം ഔദ്യോഗികമായി ഞങ്ങള്‍ക്കു ലഭിച്ചു. പ്രഭാതഭക്ഷണം കഴിച്ചശേഷം കോണ്‍ഫറന്‍സ് ഹാളില്‍ ഞങ്ങള്‍ അദ്ദേഹത്തെ കാത്തിരുന്നു. കൃത്യം 9.45 ആയപ്പോള്‍ യോഗിജി എത്തിച്ചേര്‍ന്നു. എല്ലാവരേയും പരിചയപ്പെട്ടു. ഈ യാത്രയില്‍ ഞങ്ങള്‍ കണ്ടതും,
മനസ്സിലാക്കിയതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം ചോദിച്ചറിഞ്ഞു. അതിനുശേഷം അദ്ദേഹം ഞങ്ങളോടു സംസാരിച്ചു. അടുത്ത 5 വര്‍ഷത്തിനുള്ളിലും, തുടര്‍ന്ന് 2047 ലേക്ക് എത്തുമ്പോഴേക്കും ഉത്തര്‍പ്രദേശ് വികസനത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നേറിക്കഴിഞ്ഞിട്ടുണ്ടാകുമെന്ന് അര്ത്ഥശങ്കക്കിടയില്ലാത്തവണ്ണം ഉറച്ച സ്വരത്തില്‍ അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ വികസനം നടപ്പില്‍വരുത്താനുള്ള ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തിക്കു മുന്നില്‍ ആദരവോടെ ഇരുകൈയും കൂപ്പി തൊഴുതു നില്ക്കുമ്പോള്, ഒരു നിമിഷം സഹ്യന്റെ മണ്ണില്‍ കൊട്ടിഘോഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ‘കേരള മോഡലി’നെ ഓര്‍ത്തുപോയി.
(ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വക്താവാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: