ന്യൂദല്‍ഹി: പേറ്റന്റ് ഇല്ലാതാകുന്ന മരുന്നുകളുടെ വില നേര് പകുതിയായി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര തീരുമാനം. ഈ വര്‍ഷം അന്‍പതിലേറെ മരുന്നുകളുടെ പേറ്റന്റ് കാലാവധിയാണ് കഴിയുന്നത്. ഇവയുടെയെല്ലാം വില പകുതിയായി കുറയ്ക്കുന്നതോടെ നിരവധി അവശ്യമരുന്നുകളാണ്, ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുക. ലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്നതാണ് നടപടി.
ദേശീയ മരുന്ന് വില നിര്‍ണയ അതോറിറ്റിയാണ്, ഇക്കാര്യം കഴിഞ്ഞ ദിവസം വിജ്ഞാപനം ചെയ്തത്. പലയിനം മരുന്നുകളും മരുന്നു കമ്പനികള്‍ പേറ്റന്റ് നേടി, പണമുണ്ടാക്കാന്‍ കൂടിയ വിലയ്ക്ക് വില്‍ക്കുന്നുണ്ട്. ഇവയ്ക്ക് പേറ്റന്റ് ഉള്ളതിനാല്‍ സര്‍ക്കാരിന് ഇവയുടെ വില കുറയ്ക്കാനും സാധിക്കില്ല. ഇത്തരം 50 ലേറെ അവശ്യ മരുന്നുകളുടെ പേറ്റന്റ് കാലാവധി ഈ വര്‍ഷം കഴിയും. ഇതോടെ ഇവയുടെ വില 50 ശതമാനം വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര തീരുമാനം. ചിലവയുടെ വില 90 ശതമാനം വരെ കുറയും. വില്‍ഡാക്ലിപ്റ്റിന്‍, സിറ്റാഗ്ലിപ്റ്റിന്, വല്‍സാര്‍ട്ടന്‍ അടക്കമുള്ള ഹൃദ്രോഗ മരുന്നുകള്‍ എന്നിവയ്ക്ക് കൂടിയ വിലയായിരുന്നു. ഇവയുടെ പേറ്റന്റ് കാലാവധി കഴിഞ്ഞപ്പോള്‍ കേന്ദ്രം വില വെട്ടിക്കുറച്ചതോടെയാണ് ഇവ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലഭ്യമായിത്തുടങ്ങിയത്. പേറ്റന്റ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമാകുന്നതോടെ ഇവയുടെ ജനറിക് മരുന്നുകളും ഇറക്കാന്‍ കഴിയും. കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകള്‍ ലഭിക്കുന്നതോടെ കമ്പനികള്‍ക്ക് ഇവയുടെ വില പരിധി വിട്ട് കൂട്ടാന്‍ കഴിയാതെയും വരും. ഇങ്ങനെ ചികിത്സാ ചെലവ് കുറയും. സകലര്‍ക്കും മരുന്ന് ലഭ്യവുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: