ഒറ്റപ്പാലം: ബൈക്കില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് ട്രാവലര്‍ ഉടമക്ക് നോട്ടീസ്. ക്യാമറ ദൃശ്യത്തിലുള്ള ബൈക്കിന്റെ ഉടമക്ക് നല്‍കേണ്ട നോട്ടീസാണ് ബൈക്കിന്റെ ചിത്രമടക്കം ഉള്‍പ്പെടുത്തി ട്രാവലര്‍ ഉടമക്ക് അയച്ചിരിക്കുന്നത്. രണ്ട് നോട്ടീസുകള്‍ വന്നതില്‍ രണ്ട് വണ്ടികളുടെയും വെവ്വേറെ നമ്പറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തൃശൂര്‍ കറുകുറ്റി റോഡില്‍ കറുകുറ്റി സെന്ററിലെ ക്യാമറയില്‍ പതിഞ്ഞ ബൈക്കിന്റെ ദൃശ്യത്തിനാണ് ഒറ്റപ്പാലം സ്വദേശിയായ ട്രാവലര്‍ ഉടമ സുനീഷ് മേനോന് നോട്ടീസ് ലഭിച്ചത്. പോലീസിന്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്.
സുനീഷിന് വന്ന നോട്ടീസ് ദൃശ്യത്തില്‍ 3795 എന്ന നമ്പറിലുള്ള ബൈക്കിന്റേതാണ്. രണ്ട് പേര് പോകുന്ന ദൃശ്യത്തില്‍ പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ല. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടക്കണമെന്നും പറയുന്നു. എന്നാല്‍ ട്രാവലര്‍ നമ്പര്‍ വേറെയാണ്. നോട്ടീസില്‍ ബൈക്കിന്റെ ചിത്രവും നമ്പറടക്കവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ട്രാവലറിന്റെ നമ്പര്‍ അടിഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാഹനമോടിച്ചതിന് 1000 രൂപ പിഴയടക്കണമെന്നാണ് കാണിച്ചിരിക്കുന്നത്.
പാലക്കാട് കസബ പോലീസില്‍ നിന്നാണ് ഉടമക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരത്തിലുള്ള നിയമലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഉടമ സുനീഷ് പറയുന്നത്. പിഴയടക്കാതിരുന്നാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുമോയെന്ന ആശങ്കയിലാണ് ഉടമ. മറ്റൊരു വാഹനത്തിന്റെ നിയമലംഘനത്തിന് പിഴയടക്കുന്ന നടപടിയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് ഉടമ പോലീസിന് പരാതി നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: