സ്വവര്‍ഗ ദമ്പതിമാരും മനുഷ്യരല്ലേ, അവര്‍ക്കും സന്തോഷിക്കാന്‍ അവകാശമില്ലേ എന്നൊക്കെയുള്ള സാധാരണ ചോദ്യങ്ങളുന്നയിച്ച് ഗുരുതരസ്വഭാവമുള്ള ഒരു പ്രശ്നത്തെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സ്വവര്‍ഗ ദമ്പതിമാരുടെ സന്തോഷത്തെക്കുറിച്ച് ഒരു മനുഷ്യാവകാശ പ്രഖ്യാപനത്തിലും പറയുന്നില്ല എന്നതാണ് വസ്തുത. ഓരോ വ്യക്തിയും അതുല്യനാണ്. വ്യത്യസ്ത കാര്യങ്ങളിലാണ് അവര്‍ സന്തോഷം കണ്ടെത്തുന്നത്. സന്തോഷം എന്നത് തേടല്‍ ആണ്. അത് കടമയും അവകാശവുമൊന്നുമല്ല.
സ്വവര്‍ഗ വിവാഹത്തിന്റെ വക്താക്കള്‍ക്ക് കാതലായ വാദഗതികളൊന്നും മുന്നോട്ടുവയ്ക്കാനാവുന്നില്ല. ആദ്യം അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തട്ടെ, പിന്നീട് സമൂഹം തീരുമാനിക്കും. പാശ്ചാത്യനാടുകളെ അനുകരിക്കാന്‍ തിടുക്കം കാട്ടുന്നതിനുപകരം പ്രശ്നം ജനങ്ങള്‍ക്കു വിടുകയാണ് സുപ്രീംകോടതി ചെയ്യേണ്ടത്. സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയശേഷം പാശ്ചാത്യ സമൂഹത്തിനും കാതലായ മാറ്റങ്ങള്‍ സംഭവിച്ചത് കാണാതിരുന്നുകൂടാ. പരമ്പരാഗത സമൂഹത്തെ പൂര്‍ണമായി തകര്‍ത്ത് അതിന്റെ സ്ഥാനത്ത് വൈദേശികവും വ്യതിരിക്തവുമാകാന് ശ്രമിക്കുന്നവര്‍ അറിയേണ്ട ഒന്നുണ്ട്; സ്വവര്‍ഗവിവാഹം വിനാശകരമായ ഒരു തുടക്കമാണ്, അവസാനമല്ല.
സ്വവര്‍ഗരതിക്കാര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന് വിവാഹത്തിനുള്ള അവകാശം നിഷേധിക്കുന്നത് പൗരന്മാര്ക്ക് ഭരണഘടന നല്കുന്ന സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന വാദത്തെ സുപ്രീംകോടതിയിലെ ആദ്യ വാദംകേള്ക്കലില്തന്നെ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയുണ്ടായി. ഇത്തരം വിവാഹങ്ങളെ നമ്മുടെ സാംസ്കാരവും നിയമവും അംഗീകരിക്കുന്നില്ല. നിയമം അതാണെങ്കിലും ന്യായാധിപന്മാര്ക്ക് തുറന്ന മനസ്സുവേണമെന്നാണ് കോടതി പ്രതികരിച്ചത്. നിഷ്കൃഷ്ടമായ നിയമവ്യവസ്ഥകളെ നിഷ്ഫലമാക്കുന്ന വാദമാണിത്. ‘ന്യായാധിപന്മാരുടെ തുറന്ന മനസ്സ്’ എന്ന് ഇവിടെ പറയുന്നത് ഒരാളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ നീതീകരിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഉപായമാണ്. അറിഞ്ഞോ അറിയാതെയോ സ്വവര്‍ഗവിവാഹത്തിന് അനുകൂലമായി അഭിപ്രായ രൂപീകരണം നടത്തുകയാണ് ഈ ന്യായാധിപന്മാര് എന്നു പറയേണ്ടിവരും. പരാതിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി ജുഡിഷ്യല്‍ മാനദണ്ഡങ്ങളെ നിസ്സാരവല്ക്കരിക്കലാണിത്.
സ്വവര്ഗവിവാഹമെന്നത് ഹിന്ദുധര്‍മത്തിലുള്ള കാര്യമേയല്ല. ഹിന്ദുവിവാഹത്തില്‍ വരന് വിഷ്ണുവും വധു ലക്ഷ്മിയുമാണെന്ന സങ്കല്‍പ്പമാണുള്ളത്. അതുകൊണ്ടുതന്നെ ഹിന്ദു മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗവിവാഹത്തിന് അനുമതി നല്‍കുന്നത് അപഹാസ്യമായിരിക്കും. വിവാഹം എന്നത് ഒരു സാമൂഹ്യ സ്ഥാപനമാണ്. ഹിന്ദുധര്‍മത്തില്‍ വിവാഹം രണ്ട് വ്യക്തികള്‍ തമ്മിലുള്ള ധാരണയല്ല, രണ്ട് കുടുംബങ്ങളുടെ ഒത്തുചേരലാണ്. ദമ്പതിമാരുടെ സന്താനോല്പ്പാദനം വിവാഹത്തിന്റെ മുന്നുപാധികളിലൊന്നാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്വവര്‍ഗ വിവാഹം തികച്ചും അസംബന്ധമായിരിക്കുമല്ലോ. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹത്തിനുവേണ്ടി വാദിക്കുന്നത് അനര്ത്ഥകരമായിരിക്കും.
വിവാഹം ‘മതപരം’ അല്ലാതാവുന്നതോടെ അതൊരു കാല്പ്പനികബന്ധത്തിന്റെ നിയമപരമായ സാധൂകരണം മാത്രമായിത്തീരും. അപ്പോള്‍ കുട്ടികളുണ്ടാവുന്നത് ഒരു ആവശ്യമല്ല, വെറും യാദൃച്ഛികം. ലൈംഗികബന്ധത്തിനുവേണ്ടിയുള്ള നിയമത്തിന്റെ മുദ്ര ചാര്‍ത്തല്‍ മാത്രമായിരിക്കും ഇത്തരം വിവാഹങ്ങള്‍. ഇന്ത്യന്‍ സമൂഹം പാശ്ചാത്യമല്ല. നമ്മുടെ സമൂഹം പാശ്ചാത്യ രീതികള്‍ അനുകരിക്കേണ്ട ആവശ്യവുമില്ല. ബഹുഭൂരിപക്ഷം ഇന്ത്യക്കാരും വിവാഹത്തെ ആണും പെണ്ണും തമ്മിലെ ബന്ധമായാണ് കാണുന്നത്. പരമ്പരാഗത രീതിയില്‍ ജീവിക്കുകയും ചെയ്യുന്നു. പാശ്ചാത്യ ധാരണകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്. വളരെ ചെറിയ ഒരു വിഭാഗത്തിന്റെ താല്‍പ്പര്യവും സൗകര്യവുമനുസരിച്ച് വിവാഹത്തിന്റെ നിയമപരമായ നിര്‍വചനം മാറ്റിമറിക്കുന്നത് കുടിലമായിരിക്കും.
ആണ് ആണും പെണ്ണ് പെണ്ണുമാണ്
”പുരുഷന്, സ്ത്രീ എന്നത് ആത്യന്തികമായ നിര്‍വചനമൊന്നുമല്ല, അതൊരു ആശയമാണ്. ലിംഗം ഏതാണെന്ന് നോക്കിയല്ല ജീവശാസ്ത്രപരമായ നിര്‍വചനം. അത് വളരെ സങ്കീര്‍ണമാണ്. അതാണ് കാര്യം.” ഇങ്ങനെയാണ്, ആണ് ആണും പെണ്ണ് പെണ്ണുമാണ്. അതൊരു ആശയമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചത്. ജീവശാസ്ത്രപരമായ പുരുഷന് എന്നതിനര്‍ത്ഥം അയാളുടെ ലിംഗം അതാകുന്നു എന്നതാണെന്ന നിലപാടില്‍ സോളിസിറ്റര്‍ ജനറല്‍ ഉറച്ചുനിന്നപ്പോള്‍ ‘അത് ഒരു കാഴ്ചപ്പാട് മാത്രമാണ്’ എന്നായിരുന്നു ജസ്റ്റിസ് എസ്. കെ. കൗള്‍ പറഞ്ഞത്!
ലിംഗവ്യത്യാസങ്ങളെ നിര്‍ണയിക്കുന്നത് ജീവശാസ്ത്രമല്ലെന്ന ഫെമിനിസ്റ്റ് സിദ്ധാന്തങ്ങളാണ് ഈ ന്യായാധിപന്മാരെ സ്വാധീനിച്ചിരിക്കുന്നത്. ഒരു സ്ത്രീ ജനിക്കുകയല്ല, ആയിത്തീരുകയാണെന്ന് ‘സെക്കന്‍ഡ് സെക്സ്’ എന്ന പുസ്തകത്തില്‍ സിമോണ്‍ ഡി ബുവ്വ എഴുതിയതാണ് ഇതിന്റെ തുടക്കം. രണ്ടും രണ്ടും കൂട്ടിയാല്‍ എപ്പോഴും നാല് എന്ന് കിട്ടുന്ന ഗണിതംപോലെയുള്ള ശാസ്ത്രമല്ല ബയോളജി. ആരോഗ്യകരമല്ലാത്ത ജീവിതരീതികള്‍ പിന്തുടരുന്ന ചിലര്‍ക്ക് നല്ല ആരോഗ്യവും ദീര്ഘായുസ്സുമുണ്ടാവാം. നല്ല ഭക്ഷണം കഴിക്കുന്നവര്‍ക്കും പതിവായി വ്യായാമം ചെയ്യുന്നവര്‍ക്കും കാന്‍സര്‍ ബാധിക്കാം. മദ്യപിച്ചയാളുകള് ചിലപ്പോള്‍ നന്നായി വാഹമോടിച്ചേക്കാം. സമ്പൂര്‍ണ മദ്യവിരോധി മോശം ഡ്രൈവറുമാവാം. ഇതിനര്‍ത്ഥം അനാരോഗ്യകരമായ ജീവിത രീതികള്‍ ആയുസ്സു വര്‍ധിപ്പിക്കുമെന്നോ മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് സുരക്ഷയ്ക്ക് നല്ലതാണെന്നോ അല്ല. അപവാദങ്ങള്‍ നിയമമാവില്ല. സ്വവര്‍ഗരതിക്കാരും ഇത്തരം അപവാദങ്ങളില്പ്പെടുന്നു. ഈ സത്യം വിസ്മരിച്ചുകൊണ്ട് സ്വവര്‍ഗവിവാഹത്തിനുവേണ്ടി വാദിക്കുന്നവര്‍ മനുഷ്യന്റെ പരിണാമ ചരിത്രത്തെയും സമൂഹത്തിന്റെ നിലനില്‍പ്പിന് ആധാരമായ പ്രത്യുല്‍പ്പാദന പ്രക്രിയയെയും നിഷേധിക്കുകയാണ് ചെയ്യുന്നത്.
ചരിത്രപരമായി നോക്കുമ്പോള്‍ മറ്റ് സംസ്കാരങ്ങളെ അപേക്ഷിച്ച് സ്വവര്‍ഗരതിക്കാരോട് ഇന്ത്യ നന്നായി പെരുമാറിയിട്ടുണ്ടെന്ന് കാണാം. ഇത് മറന്നുകൊണ്ട് തങ്ങളോട് ആശയാഭിമുഖ്യമുള്ള ന്യായാധിപന്മാരുടെ കോടതികളില്‍നിന്ന് അനുകൂലവിധി നേടിയെടുക്കാമെന്ന് സ്വവര്‍ഗ വിവാഹത്തിന്റെ വക്താക്കള്‍ കരുതുന്നുണ്ടാവാം. എന്നാല്‍ അതിന് ശ്രമിക്കുന്നത് ഇന്ത്യന്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ശത്രുത സമ്പാദിക്കലായിരിക്കും.
സാമൂഹ്യജീവിയെന്ന നിലയ്ക്കും പൗരന്മാരെന്ന നിലയ്ക്കും സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാവണം. ഇത് ഉറപ്പുവരുത്താനുള്ള ഇടപെടലുകള്‍ കോടതിക്ക് നടത്താം. അതിനപ്പുറം സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ സാധൂകരണം നല്‍കുന്നത് ഭൂമിയില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കുന്നതിന് തുല്യമായിരിക്കും.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: