കൊച്ചി: പ്രതികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ പോലീസ് പാലിക്കേണ്ട പുതിയ പ്രോട്ടോകോളിനു മൂന്നു ദിവസത്തിനുള്ളില്‍ രൂപം നല്‍കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന്റെ അനുമതിയോടെ നടപ്പാക്കാന്‍ കഴിയുമെന്നും ഡിജിപി അനില്‍ കാന്ത് ഹൈക്കോടതിയില്‍ അറിയിച്ചു. ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഇന്നലെ ഓണ്‍ലൈനില്‍ ഹാജരായപ്പോഴാണ് ഇതറിയിച്ചത്.
പ്രതിയെ ഡോക്ടര്‍ക്കു മുന്നില്‍ ഹാജരാക്കുമ്പോള്‍ പോലീസ് എത്ര അകലത്തില്‍ നില്‍ക്കണം, പ്രതികളെ എങ്ങനെ കൈകാര്യം ചെയ്യണം, അടിയന്തര സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ തുടങ്ങിയവ പ്രോട്ടോക്കോളില്‍ വ്യക്തമാക്കും. സംസ്ഥാന വ്യവസായ സുരക്ഷാ സേനയില്‍ (എസ്ഐഎസ്എഫ്) മൂവായിരം അംഗങ്ങളുണ്ട്. സ്വകാര്യ ആശുപത്രികളുടെ സംരക്ഷണത്തിന് പണം നല്കിയാല് ഇവരുടെ സേവനം നല്‍കാനാവും.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സേവനം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കേണ്ടത്. പ്രത്യേക പരിശീലനം ലഭിച്ച സേനയായതിനാല്‍ ഇവര്‍ക്ക് അക്രമങ്ങളെ നേരിടാന്‍ കഴിയുമെന്നും ഡിജിപിക്കൊപ്പം ഹാജരായ എഡിജിപി എം.ആര്. അജിത്കുമാര്‍ വിശദീകരിച്ചു. ദക്ഷിണമേഖലാ ഐജി സ്പര്‍ജന്‍കുമാര്‍, ദക്ഷിണ മേഖലാ ഡിഐജി ആര്. നിശാന്തിനി എന്നിവരും ഹാജരായിരുന്നു.
വന്ദനയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് രണ്ടു തവണ പോലീസ് കണ്ട്രോള് റൂമിലേക്ക് വിളിച്ച കോള്‍ സംഭാഷണങ്ങളും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒ.പിയിലേക്ക് സന്ദീപിനെ പോലീസ് കൊണ്ടുവരുന്ന ദൃശ്യങ്ങളുമായാണ് പൊലീസ് മേധാവികള്‍ ഹാജരായത്.
സാമൂഹ്യ മാധ്യമങ്ങളിലെ വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്ന് കോടതി
കൊച്ചി: ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു സൈബറിടങ്ങളില്‍ പ്രചരിക്കുന്ന കമന്റുകളില്‍ കാര്യമില്ലെന്ന് ഹൈക്കോടതി. ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്കയാണ് കോടതി പങ്കു വച്ചത്. സര്‍ക്കാരും ഇക്കാര്യത്തില്‍ ഒപ്പമുണ്ട്. അവര്‍ എന്തും പറയട്ടെ. കോടതി ആര്‍ക്കും എതിരല്ല. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമാണ് വിഷയം പരിഗണിച്ചത്. സ്വമേധയാ കേസെടുക്കുകയായിരുന്നില്ല. ആരോഗ്യ സര്‍വകലാശാലയുടെ അടിയന്തര ഹര്‍ജിയും പരിഗണനയ്ക്കു വന്നിരുന്നു. ഇതൊക്കെ ജുഡിഷ്യല്‍ ആക്ടിവിസമല്ല. അങ്ങനെ പറയുന്നവരുടെ ലക്ഷ്യം വേറെയാണ്. ഈ സിസ്റ്റം മാറരുതെന്ന് വാശി പിടിക്കുന്നവരുണ്ട്. അതില്‍ കാര്യമില്ലെന്നും ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.
നാലു പേര്‍ക്കെതിരെ കോടതിയലക്ഷ്യം
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന് രാമചന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ് ബുക്ക് പോസ്റ്റുകളിട്ട നാലുപേര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി എറണാകുളം മരട് സ്വദേശി എന്‍. പ്രകാശ് അഡ്വക്കേറ്റ് ജനറല്‍ മുമ്പാകെ ഹര്‍ജി നല്കി. ഇത്തരം കോടതിയലക്ഷ്യക്കേസുകളില് നിയമപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ മുന്‍കൂര്‍ അനുമതി വേണം. ഇതനുസരിച്ച് കെ.പി. അരവിന്ദന്, എം.ആര്. അതുല്‍കൃഷ്ണ, ഗോപകുമാര്‍ മുകുന്ദന്, നെല്‍വിന്‍ എന്നീ ഫേസ് ബുക്ക് അക്കൗണ്ടുകളുടെ ഉടമകള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കു അനുമതി തേടിയാണ് ഹര്ജിനല്കിയിട്ടുള്ളത്.
കോടതിയെ പരിഹസിച്ച് സര്‍ക്കാര്‍ അഭിഭാഷക
കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുമായെത്തിയ പോലീസിന്റെ കൈവശം തോക്കുണ്ടായിരുന്നില്ലേ എന്ന ഹൈക്കോടതിയുടെ ചോദ്യത്തെ പരിഹസിച്ച് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷക രശ്മിത രാമചന്ദ്രന് ഫേസ് ബുക്ക് പേജില്‍ കുറിച്ചതു വിവാദമായി. വിദേശ രാജ്യങ്ങളിലെ പോലീസിന്റെ തോക്കുപയോഗത്തെ കുറിച്ചുള്ള പഠനങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. സുരക്ഷ നല്കാനായില്ലെങ്കില് ആശുപത്രികള്‍ അടച്ചു പൂട്ടണമെന്ന പരാമര്‍ശവും ഫേസ് ബുക്ക് പോസ്റ്റില്‍ ചര്‍ച്ചാ വിഷയമാക്കി. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം പാര്‍ലമെന്റ് പൂട്ടിയിടുകയല്ല ചെയ്തതെന്നും കേരള ഹൈക്കോടതിയുടെ മുകളില്‍ നിന്നൊരാള്‍ ചാടി മരിച്ച സംഭവത്തിനുശേഷവും കോടതികള്‍ പ്രവര്‍ത്തിച്ചതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റില്‍ നിന്ന്
അക്രമാസക്തമായി രോഗി പെരുമാറുന്നതു കണ്ടയുടനെ തോക്ക് പ്രയോഗിച്ചു കൂടായിരുന്നോ എന്ന ചോദ്യത്തിന് അങ്ങ് ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങളുണ്ട് മൈ ലോര്‍ഡ്. പരിഷ്കൃത ലോകം മുഴുവന്‍ മാനസികാരോഗ്യം കുറഞ്ഞ /ഇല്ലാത്ത മനുഷ്യരെ പോലീസ് നേരിടുന്ന സമയത്ത് തോക്ക് ഉപയോഗിക്കുന്ന കാര്യത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയാണ്… സ്ഥാപനത്തില്‍ പണിയെടുക്കുന്ന ആളുകളുടെ / വന്നു പോകുന്നവരുടെ സുരക്ഷിതത്വത്തിന് ഉറപ്പു നല്കാന് പറ്റാത്ത സാഹചര്യത്തില്‍ /വീഴ്ച വന്നാല്‍ ആ സ്ഥാപനം നിര്‍ത്തി പോകണമെന്ന പദ്ധതി നടപ്പാക്കിയാല്‍ ഈ മഹാരാജ്യത്തെ പല വന്‍സ്ഥാപനങ്ങളും പണ്ടേ പൂട്ടിക്കെട്ടിയേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: