ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അപ്രീതിക്കു പാത്രമായ തമിഴ്നാട് ധനമന്ത്രി പി.ടി.ആര്.പളനിവേല്‍ ത്യാഗരാജന് സ്ഥാനമാറ്റം. പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തു നിന്നു നീക്കി ഐടി വകുപ്പിന്റെ ചുമതല നല്കി. ഡിഎംകെയുടെ അഴിമതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഓഡിയോ ക്ലിപ്പ് പുറത്തു വന്നത് പാര്‍ട്ടിക്കും സര്‍ക്കാരിനും കടുത്ത ക്ഷീണമുണ്ടാക്കിയിരിക്കെക്കെയാണ് പിടിആറിന്റെ ധനമന്ത്രി സ്ഥാനം തെറിച്ചത്.
തമിഴ്നാട് ബിജെപി അധ്യക്ഷനായ കെ. അണ്ണാമലൈയാണ് ശബ്ദരേഖകൾ പുറത്തുവിട്ടത്. എന്നാൽ ഈ ശബ്ദരേഖകൾ വ്യാജമാണെന്നായിരുന്നു പളനിവേൽ ത്യാഗരാജന്റെ വാദം. ഡിഎംകെ നേതാക്കള്‍ നടത്തിയ കോടികളുടെ അഴിമതിയെക്കുറിച്ച് അണ്ണാമലൈ പുറത്തുവിട്ട ഡിഎംകെ ഫയല്‍സില്‍ തട്ടി സ്റ്റാലിന് സര്‍ക്കാര്‍ അസ്വസ്ഥതയിലാണ്.
സ്റ്റാലിന്റെ മകനും മരുമകനും ചേര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 30,000 കോടി നേടിയെന്നും ഇത് എവിടെ ഒളിപ്പിച്ചുവെയ്ക്കുമെന്നതാണ് ഇവരുടെ പ്രശ്നമെന്നും പളനിവേല്‍ ത്യാഗരാജന് പറയുന്നതായാണ് ആ വോയ്സ് ക്ലിപ്പ്. ഇത് സ്റ്റാലിനും പളനിവേല്‍ ത്യാഗരാജനും ആദ്യം നിഷേധിച്ചെങ്കിലും പളനിവേല്‍ ത്യാഗരാജനെതിരെ ഡിഎംകെയില്‍ ഒരു വിഭാഗം തിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസം തന്റെ മന്ത്രിസഭയിലെ ഒരു വിവാദമന്ത്രിയെ സ്റ്റാലിൻ ഒഴിവാക്കിയിരുന്നു. ക്ഷീരവികസനവകുപ്പ് മന്ത്രി എസ്.എം. നാസറിനെയാണ് ഒഴിവാക്കിയത്. നേരത്തെ പ്രതീക്ഷിച്ചതുപോലെ തന്നെ പകരം ഈ വകുപ്പിന്റെ മന്ത്രിയായി മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ എംപിയുമായ ടി.ആര്. ബാലുവിന്റെ മകന് ടിആര്‍ബി രാജയെ നിയമിക്കുകയായിരുന്നു. മണ്ണാര്‍ഗുണി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഇദ്ദേഹം.
ഒരു തര്‍ക്കത്തെ തുടര്‍ന്ന് ഒരു ഡിഎംകെ പ്രവര്ത്തകന് നേരെ കല്ലെറിഞ്ഞതോടെയാണ് മന്ത്രി നാസര്‍ വിവാദപുരുഷനായത്. ബിജെപി നേതാവ് അണ്ണാമലൈ ഉള്‍പ്പെടെ ഇതിന്റെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇത് വൈറലായതോടെ സ്റ്റാലിന് മന്ത്രിയെ നീക്കാതെ മുന്നോട്ട് പോവുക അസാധ്യമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: