ജയ്പൂര്‍: ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ദിശയില്‍ നീങ്ങുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് .അങ്ങനെ വന്നാല്‍ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കൂടുതല്‍ നന്നായി രാജ്യ സേവനം നടത്താന്‍ കഴിയുമെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാനില്‍ നാഥ്ദ്വാരയില്‍ 5500കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഗെലോട്ട് ഇങ്ങനെ പറഞ്ഞത്.
അതേസമയം രാജ്യത്ത് നല്ലത് സംഭവിക്കുന്നത് കാണാന്‍ ആഗ്രഹിക്കാത്ത നിഷേധാത്മകത നിറഞ്ഞവരാണ് ചിലരെന്ന് പ്രതിപക്ഷ പാര്‍ട്ടികളെ ഉന്നമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.വോട്ട് കൊണ്ട് എല്ലാം അളക്കുന്നവര്‍ക്ക് രാജ്യത്തെ മനസില്‍ കണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരാണെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നം അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് അശോക് ഗെലോട്ടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തന്റെ സര്‍ക്കാരിനെ മറിച്ചിടാനുളള നീക്കം ബി ജെ പി നേതാവ് വസുന്ധര രാജെയും മറ്റുമാണ് തടഞ്ഞതെന്ന് ഗെലോട്ട് പറഞ്ഞതിനെയാണ് സച്ചിന്‍ പൈലറ്റ് വിമര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: