മലപ്പുറം : താനൂര്‍ ബോട്ട് അപകടത്തിന് കാരണക്കാരനായ പ്രതികളില്‍ ഒരാളായ സ്രാങ്ക് ദിനേശന് അറസ്റ്റില്‍. ബോട്ട് അപകടത്തിന് പിന്നാലെ ഇയാള്‍ ഒളിവിലായിരുന്നു. താനൂരില്‍ വെച്ചാണ് ദിനേശന് പോലീസിന്റെ പിടിയിലായായത്.
സ്രാങ്ക് അറസ്റ്റിലായതോടെ ബോട്ടില്‍ എത്രപേരുണ്ടായിരുന്നു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി അറിയാന്‍ സാധിക്കും. ഇത് കൂടാതെ ബോട്ടിന്റെ സാങ്കേതിക പ്രശ്നമാണോ അപകടത്തിന് കാരണമായത് എന്നും സംശയമുണ്ട്. ബോട്ട് യാത്രക്കാരുമായി ചെരിഞ്ഞ ശേഷവും മുമ്പോട്ട് എടുത്തതായി ആരോപണമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തും.
അതേസമയം നേരത്തെ പിടിയിലായ ബോട്ടുമ നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരൂര്‍ സബ് ജയിലിലേക്ക് മാറ്റി. നാസറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ വ്യാഴാഴ്ച പോലീസ് അപേക്ഷ നല്‍കും.
ബോട്ടില്‍ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാന്‍ സ്റ്റെപ്പുകള്‍ വെച്ചു. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയതാണ് വന്‍ ദുരന്തത്തിന് കാരണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: