കൊച്ചി: കൊടുമുടി കയറുകയാണ് ഇക്കുറി ഐപിഎല്‍ ആവേശം. സസ്പെന്‍സ് ത്രില്ലര്‍. അവസാന ഓവറുകളില്‍, അവസാന പന്തുകളില്‍ വിജയം കൊയ്ത മത്സരങ്ങളാണ് ഏറെയും. കഴിഞ്ഞ ദിവസം അവസാനപന്തിലെ സിക്സറിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പഞ്ചാബ് സൂപ്പര്‍ കിങ്സിന് മേല്‍ നാടകീയ വിജയം നേടിയത്. പതിനൊന്ന് റൗണ്ട് പിന്നിടുമ്പോഴും ഐപിഎല്‍ പ്ലേഓഫ് ചിത്രം വ്യക്തമാകുന്നില്ല. പത്ത് ടീമുകള്‍ക്കും പ്ലേഓഫ് അപ്രാപ്യമല്ലെന്നതാണ് ആവേശം ഇരട്ടിപ്പിക്കുന്നത്.
ഇക്കുറി ഇതുവരെ പ്ലേഓഫ് ഉറപ്പാക്കിയെന്ന് പറയാവുന്ന ഏക ടീം നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സാണ്. 11 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റുണ്ട് അവര്‍ക്ക്. ഇനി മൂന്ന് മത്സരങ്ങളുണ്ട്. ഒരു വിജയം കൂടിയായാല്‍ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേഓഫില്‍ കടക്കും. പിന്നില്‍ ധോണിപ്പടയാണ്. 13 പോയിന്റുണ്ട് ചെന്നൈ സൂപ്പര്‍ കിങ്സിന്. രണ്ട് കളികള്‍ കൂടി വിജയിച്ചാല്‍ 17 പോയിന്റുമായി പ്ലേഓഫിലേക്ക് അവരുമെത്തും.
പതിനൊന്ന് പോയിന്റുള്ള ലഖ്നൗ
സൂപ്പര്‍ ജയന്റ്സിന്റെ ഭാവി തുലാസിലാണ്. ഇനിയുള്ള മൂന്ന് കളികളും അവര്‍ക്ക് ജയിക്കണം. അഞ്ച് ടീമുകള്‍ 10 പോയിന്റുമായി ഒപ്പത്തിനൊപ്പം നി
ല്ക്കുന്നു. മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന് റോയല്‍സ് അവരില്‍ മുന്നിലുണ്ട്. ഒടുവില്‍ കളിച്ച മൂന്ന് മത്സരത്തിലും തോറ്റ രാജസ്ഥാന് ഇനിയുള്ള കളികള്‍ വലിയ മാര്‍ജിനില്‍ ജയിക്കണം. കൊല്‍ക്കത്ത നൈറ്റ്റൈഡഴ്സ്, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ 10 പോയിന്റുമായി അഞ്ചു മുതല്‍ എട്ടു വരെ സ്ഥാനങ്ങളിലാണ്.
ആര്‍സിബിക്കും മുംബൈയ്ക്കും ഇനി നാല് മത്സരങ്ങളുണ്ട്. രാജസ്ഥാന് റോയല്‍സിനു പിന്നില്‍ അഞ്ചാംസ്ഥാനത്തു കൊല്‍ക്കത്തയാണ്. പഞ്ചാബാണ് ഏഴാമത്. പോയിന്റ് പട്ടികയില്‍ അവസാനത്തെ രണ്ടു സ്ഥാനങ്ങളില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ദല്‍ഹി ക്യാപ്പിറ്റല്‍സുമാണ്. എട്ട് പോയിന്റ് വീതമുള്ള രണ്ടുകൂട്ടര്‍ക്കും നാലു മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: