കുമളി : അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയില്‍ തന്നെ തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കേരള അതിര്‍ത്തിയില്‍ നിന്നും എട്ട് കിലോ മീറ്ററോളം അകലെ മേഘമലയിലാണ് അരിക്കൊമ്പന് തുടരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയതായി വിവരം ഇല്ല. അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വഴിയാണ് കൃത്യമായി സ്ഥലം നിര്‍ണയിച്ചിരിക്കുന്നത്.
അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്ന് വിട്ടതിന് പിന്നാലെ തൊട്ടടുത്ത ദിവസം റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമാവുകയും കാണാതാവുകയും ചെയ്തിരുന്നു. പിന്നീടാണ് തമിഴ്നാട് അതിര്‍ത്തി കേന്ദ്രീകരിച്ച് ആന നീങ്ങുന്നതായി കണ്ടെത്തിയത്. തമിഴ്നാട് വനംവകുപ്പിന്റെ ഒരു സംഘം മേഘമല ഉള്‍കാട്ടില്‍ അരിക്കൊമ്പനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ അവസാനത്തോടെയാണ് ചിന്നക്കനാലില്‍ നിന്നും അരിക്കൊമ്പനെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് കടത്തിയത്. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കി മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.
അതേസമയം അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയില്‍ തുടരുന്ന സാഹചര്യത്തില്‍ റേഡിയോ കോളര്‍ വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടു. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ വീടിന്റെ കതക് തകര്‍ത്ത് കാട്ടാന അരി തിന്നിരുന്നു. ഇത് അരിക്കൊമ്പനാണോയെന്ന് സംശയവും ഉയര്‍ന്നു. ഇതിനെ തുടര്‍ന്നാണ് റേഡിയോ കോളറില്‍ നിന്നുള്ള വിവരങ്ങള്‍ തേടിയത്. കേരളത്തില്‍ ആളുകളെ കൊന്നിട്ടുള്ള പശ്ചാത്തലമുള്ളതിനാല്‍ അരിക്കൊമ്പനെക്കുറിച്ച് ജാഗ്രത പുലര്‍ത്താന്‍ തേനി കളക്ടര്‍ ആളുകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: