മലപ്പുറം : താനൂരില്‍ ബോട്ട് അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ജീവനക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നു. ബോട്ടിന്റെ സ്രാങ്ക് താനൂര്‍ ഒട്ടുംപുറം സ്വദേശി ദിനേശന്, ജീവനക്കാരനായ രാജന് എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ബോട്ടുടമ നാസറിനെതിരെ ഇന്ന് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇയാളെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.
അപകടം നടക്കുന്നതിന് മുമ്പും ഈ ബോട്ടില്‍ യാത്രക്കാരെ അമിതമായി കടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങളുമുണ്ട്. താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തില്‍ 14 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. തുറമുഖം വകുപ്പ് ഉദ്യോഗസ്ഥരും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും.
അതേസമയം ബോട്ടുടമ നാസറിനെ രഹസ്യ കേന്ദ്രത്തിലെത്തിച്ചാണ് ചോദ്യം ചെയ്തത്. നാസറിനെതിരെ ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് ഇത്. താനൂര്‍ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നിരവധിയാളുകളാണ് തടിച്ചുകൂടിയത്. ബോട്ടപകടം ഉണ്ടായ തൂവല്‍ തീരത്ത് ചൊവ്വാഴ്ചയും ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. ആരെയും കണ്ടെത്താന്‍ ഉള്ളതായി സ്ഥിരീകരണം ഇല്ലെങ്കിലും ഇന്ന് കൂടി തെരച്ചില്‍ തുടരാനാണ് അധികൃതരുടെ തീരുമാനം. ബോട്ടില്‍ എത്രപേര്‍ ബോട്ടില്‍ കയറിയെന്ന കൃത്യമായ കണക്ക് ഇല്ലാത്തതിനാലാണ് ഇത്.
തിങ്കളാഴ്ച വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയാണ്. നേവിയും രണ്ടു തവണയായി തെരച്ചിലിന് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: