ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ് ഇക്കുറി വീണ്ടും പിരിമുറുക്കത്തിലേക്ക്. ഒരുവശത്ത് ഏതാനും വര്‍ഷങ്ങളായി തുടരുന്ന പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി നേരിയ ലീഡിലെത്തി നില്ക്കുന്നു. ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ശക്തിക്ഷയം സംഭവിച്ച ഈ സീസണില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയിരിക്കുന്ന ആര്‍സനല്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ്. ഒരുഘട്ടത്തില്‍ ലീഗ് ടൈറ്റില്‍ ഏറെക്കുറേ ഉറപ്പിച്ചതാണ് ഇവര്‍. കുറച്ചു മത്സരങ്ങളില്‍ തുടരുന്ന അസ്ഥിരമായ പ്രകടനം ടീമിനെ ആകെ വലച്ചുകളഞ്ഞു. അവിടേക്കാണ് സിറ്റി ചാഞ്ചാട്ടങ്ങള്‍ക്ക് വിടുതല്‍ നല്കി തോല്‍വിയെ മറക്കാന്‍ തുടങ്ങിയത്.
പിന്നെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ മത്സരത്തിലെയും തോല്‍വി, ജയം, സമനില എന്നിവ സമാസമം കൊണ്ടാടുന്ന ആര്‍സനലിനെ സിറ്റി കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് മുന്നേ മറികടന്നു. പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാമതായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയിലെ നിലവിലെ സ്ഥിതി ഇങ്ങനെയാണ്. 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 82 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനമലങ്കരിക്കുന്നു. 35 കളികള്‍ പിന്നിട്ട ആര്‍സനല്‍ 81 പോയിന്റുമായി തൊട്ടുപിന്നാലെ. സിറ്റിക്ക് നാലും ആര്‍സനലിന് മൂന്നും മത്സരങ്ങള്‍ അവശേഷിക്കുന്നു. ഇത്തവണ ഫോട്ടോ ഫിനിഷ് എന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ തുടരുന്ന രീതിയിലാണെങ്കില്‍ കുറഞ്ഞത് ഒരു കളിയെങ്കിലും മിച്ചം വരുമ്പോള്‍ സിറ്റി കപ്പടിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ആര്‍സനല്‍ ഉണര്‍ന്നെണീക്കുന്ന കാഴ്ച കണ്ടു, അതും പോയിന്റ് പട്ടികയില്‍ യുണൈറ്റഡിനെയും ടോട്ടനത്തെയും ലിവര്പൂളിനെയുമെല്ലാം മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയിട്ടുള്ള ന്യൂകാസിലിനെ തോല്‍പ്പിച്ചുകൊണ്ട്!
ആ ടെമ്പോ നിലനിര്‍ത്തിയാല്‍ ഒന്നും പറയാനാകില്ല. എതിരാളികളുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ആര്‍സനലിന്റെ വിജയം. രണ്ട് പകുതികളിലുമായി ഓരോ ഗോള്‍ വീണു. 14-ാം മിനിറ്റില്‍ മാര്ട്ടിന് ഓഡേഗാര്‍ഡ് ഗോളടിച്ചപ്പോള്‍ 71-ാം മിനിറ്റില്‍ ദാനം ലഭിച്ച ഗോളില്‍ ലീഡ് ഇരട്ടിപ്പിച്ചു.
65 പോയിന്റുള്ള ന്യൂകാസിലിന്റെ ഈ തോല്‍വി സമര്‍ത്ഥമായി മുതലാക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഞായറാഴ്ച കണ്ടു. വെസ്റ്റ് ഹാം യുണൈറ്റഡിനോട് അട്ടിമറി തോല്‍വി വഴങ്ങി. 1-0നായിരുന്നു വെസ്റ്റ് ഹാം വിജയം. 27-ാം മിനിറ്റില്‍ സെയ്ജ് ബെന്റ്ഹാമ വിജയഗോള്‍ നേടി. 34 കളി പുര്‍ത്തിയാക്കിയ യുണൈറ്റഡ് 63 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. തൊട്ടു പിന്നില്‍ 62 പോയിന്റുമായി ലിവര്‍പൂളും നാലാം സ്ഥാനത്തേക്ക് ഇടിച്ചുകയറാന്‍ നില്‍ക്കുന്നുണ്ട്. ലീഗ് മത്സരങ്ങളില്‍ ആദ്യ നാല് സ്ഥാനം സ്വന്തമാക്കുന്ന ടീമുകള്‍ക്ക് വരുന്ന സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് യോഗ്യത നേടാം. കഴിഞ്ഞ കൊല്ലം ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ലിവറിന് ആ ഒരു നേട്ടമെങ്കിലും തങ്ങളുടെ ഈ മോശം കാലത്ത് സാധിക്കുമോയെന്നും ടീം ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: