ന്യൂദല്‍ഹി: മണ്ണിന്റെ മക്കള്‍ വാദം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി നടത്തിയ പ്രസംഗം വിവാദമായി. രാജ്യത്തെ വിഭജിക്കാന്‍ നടക്കുന്നവരുടെ ആശയങ്ങള്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ നിലപാടുകളില്‍ വരെ എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. രാജ്യത്തുനിന്ന് കര്‍ണാടകത്തെ അടര്‍ത്തിയെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്നും മോദി കുറ്റപ്പെടുത്തി. കര്‍ണാടകയുടെ പരമാധികാരവും അഖണ്ഡതയും എതിര്‍ക്കുന്നവരെ കോണ്‍ഗ്രസ് നേരിടുമെന്ന സോണിയാഗാന്ധിയുടെ വാക്കുകള്‍ക്കെതിരെ ബിജെപി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
അഖണ്ഡതയും പരമാധികാരവും ഒരു രാജ്യത്തിനെ സംബന്ധിച്ചാണ് ഉപയോഗിക്കുന്നതെന്നും സംസ്ഥാനങ്ങള്‍ക്ക് അത്തരം അവകാശങ്ങളുണ്ടെന്ന് സ്ഥാപിക്കാനും രാജ്യത്തെ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനുമാണ് സോണിയയുടെ പ്രസംഗമെന്ന് ബിജെപി ആരോപിച്ചു.
സ്വതന്ത്ര രാഷ്ട്രത്തെ ആണ് പരമാധികാരം എന്നെ വാക്കുകൊണ്ട് ഉദ്യേശിക്കുന്നതെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. മാതൃകാ പെരുമാറ്റച്ചട്ടം തന്നെ സോണിയ ലംഘിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയ സോണിയയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ശക്തമായ നടപടി സ്വീകരിക്കണം, കേന്ദ്രവനം പരിസ്ഥിതിമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രാജ്യത്തെ വിഭിജിക്കാന് നടക്കുന്ന സംഘങ്ങളുടെ ആശയങ്ങള്‍ നിറഞ്ഞതായിരുന്നുവെന്ന് ഭൂപേന്ദ്രയാദവ് ആരോപിച്ചു.
സോണിയക്കെതിരെ എഫ്ഐആറിട്ട് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ആവശ്യപ്പെട്ടു. കര്‍ണാടകം ഇന്ത്യയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. പ്രസ്താവന വിഭജന ലക്ഷ്യത്തോടെയുള്ളതാണ്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുകയാണ് സോണിയയുടെ ലക്ഷ്യമെന്നും ശോഭാ കരന്തലജെ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: