മലപ്പുറം: താനൂര്‍ ബോട്ടപകടത്തില്‍ നേവി സംഘം തെരച്ചിൽ തുടങ്ങി. ജില്ലാ കളക്ടറുടെ അഭ്യര്‍ഥനപ്രകാരമാണ് സംഘമെത്തിയത്. അപകടത്തിൽ ഇനി ഒരാളെ മാത്രമേ കണ്ടെത്താനുള്ളുവെന്ന് പോലീസിന്റെ നിഗമനം. നാല്‍പതോളം പേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് സൂചനയെങ്കിലും കൂടുതല്‍ പേരെ കാണാതായി രക്ഷപെട്ടവരോ ബന്ധുക്കളോ ഇത് വരെ അറിയിച്ചിട്ടില്ല.
അപകടത്തില്‍ 22 പേരാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തില്‍ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരില്‍ കൂടുതലും കുട്ടികളാണ്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. രാവിലെ ആറ് മണിക്ക് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയിരുന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്.
മരിച്ചവരില്‍ ഏഴ് കുട്ടികളും. ഒരു കുടുംബത്തിലെ ഒമ്പത് പേരും മരിച്ചവരിലുണ്ട്. പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയില്‍ പൂരപ്പുഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവല്‍ തീരം. ഒരു മാസം മുമ്പാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് തുടങ്ങിയത്. അമിതഭാരമാണ് അപകടകാരണമായതെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കുന്നതിലുണ്ടായ ഗുരുതര വീഴ്ച മരണസംഖ്യ ഉയരാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. ബോട്ടിന്റെ സമയക്രമവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: