ജമ്മുകശ്മീരില്‍ രജൗരി മേഖലയില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തെത്തുടര്‍ന്ന് കരസേനയും സംസ്ഥാന പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിക്കൊണ്ടിരിക്കുന്ന ‘ഓപ്പറേഷന് ത്രിനേത്ര’ ശക്തമായ തിരിച്ചടിയാണ് ഭീകരര്‍ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. കാ ണ്ഡി വനമേഖല അരിച്ചുപെറുക്കുന്ന സൈന്യം ഒരു ഭീകരനെ വധിക്കുകയും വെടിവെപ്പില്‍ ഒരു ഭീകരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് സൈനിക നടപടികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും അവസാനത്തെ ഭീകരനെയും ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സൈനിക നടപടി മുന്നേറുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും അടിയന്തരമായി രജൗരി സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. രജൗരിയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ജീവത്യാഗം പാഴാവില്ലെന്ന പ്രതിരോധമന്ത്രിയുടെ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. ഇതിനിടെ ബാരാമുള്ളയിലെ കര്‍ഹാമ-കുന്‍സര്‍ മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഒരു ഭീകരനെ കൊലചെയ്തു. കേന്ദ്രസര്‍ക്കാരും ജനങ്ങളും സൈനികര്‍ക്കൊപ്പമുണ്ടെന്നും, അര്‍പ്പണബോധത്തോടെയും ധീരതയോടെയും പ്രവര്‍ത്തിക്കണമെന്നുമുള്ള രാജ്നാഥ് സിങ്ങിന്റെ വാക്കുകള്‍ വലിയ കരുത്താണ് അവര്‍ക്ക് പകര്ന്നുനല്കുന്നത്.
രജൗരിയില്‍ ഭീകരാക്രമണത്തിനുപിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്തമായിട്ടില്ല. പതിവുപോലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ വലിയ സ്ഫോടനം നടത്തി സൈനികരെ കൊലപ്പെടുത്തിയതിനു പിന്നില്‍ പാക്കിസ്ഥാന്റെ കയ്യുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഭീകരാക്രമണം വിദേശനയത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന പാക്കിസ്ഥാന് ഇപ്പോള്‍ അതിന് കനത്ത വില നല്‍കേണ്ടിവന്നിരിക്കുകയാണല്ലോ. വികസനത്തിന്റെ പേരിലും മറ്റും ലഭിക്കുന്ന വിദേശസഹായങ്ങള്‍പോലും ഇന്ത്യക്കെതിരെ നുഴഞ്ഞുകയറ്റത്തിനും ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിക്കുകയാണ് പാക്കിസ്ഥാന് ചെയ്തത്. ഇന്ന് രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക കുഴപ്പങ്ങളും പിടിമുറുക്കിയിരിക്കുന്ന ആ രാജ്യം ആഭ്യന്തര കലാപത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വിലവര്‍ധനവും ഭക്ഷ്യക്ഷാമവും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധിയാളുകളാണ് പാക്കിസ്ഥാനില്‍ മരണമടയുന്നത്. ഇതൊന്നും നേരെയാക്കാന്‍ കഴിയാതിരിക്കുമ്പോഴും, അതിന് താല്പര്യം കാണിക്കാതിരിക്കുമ്പോഴും ഭീകരപ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന നയം കയ്യൊഴിയാന്‍ പാക്കിസ്ഥാന് തയ്യാറല്ല. ഇന്ത്യാവിരുദ്ധരായ ചില രാജ്യങ്ങളുടെയും ശക്തികളുടെയും പിന്തുണയോടെ ഈ നയം തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. ചാരസംഘടനയായ ഐഎസ്ഐയുടെയും സൈന്യത്തിന്റെയും പൂര്‍ണപിന്തുണയും ഇതിന് ലഭിക്കുന്നു.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ഭീകരവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും ശക്തമായി അടിച്ചമര്‍ത്തുകയും, ഇവര്‍ക്ക് പ്രാദേശിക പിന്തുണ നല്‍കുന്നവരെക്കൂടി പിടികൂടുകയും ചെയ്ത് പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിനുള്ള മറുപടിയായി ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാന്റെ മണ്ണില്‍ കടന്നുകയറി നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് കേവലമായ മുന്നറിയിപ്പായിരുന്നില്ല, ശക്തമായ നടപടിയായിരുന്നു. ഭീകരവാദികളോടും അവര്‍ നടത്തുന്ന ആക്രമണങ്ങളോടും ഇനിയങ്ങോട്ട് ഇന്ത്യയുടെ നയം പഴയതുപോലെയായിരിക്കില്ലെന്ന് പാക്കിസ്ഥാനെ മാത്രമല്ല, ലോകത്തെയും ബോധ്യപ്പെടുത്തുന്ന നടപടിയായിരുന്നു ഇത്. രാജ്യാന്തര വേദികളില്‍ ഭീകരവാദത്തെ പോറ്റിവളര്‍ത്തുന്ന പാക്കിസ്ഥാന്റെ നടപടികളെ തുറന്നുകാട്ടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതോടെ ആ രാജ്യം വലിയൊരളവോളം ഒറ്റപ്പെട്ടിരിക്കുകയാണ്. പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ ഇന്ത്യ തയ്യാറാവണമെന്ന ആവശ്യം പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടും അത് അംഗീകരിക്കാനാവില്ലെന്ന നയമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏറ്റവുമൊടുവില്‍ ഷാങ്ഹായി കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷനില്‍ പങ്കെടുത്ത പാക് വിദേശകാര്യമന്ത്രിയെ ഹസ്തദാനം ചെയ്യാന്‍പോലും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ തയ്യാറാവാതിരുന്നത് ഇതിന് തെളിവാണ്. അതിര്‍ത്തി കടന്നുള്ള എല്ലാത്തരം ഭീകരപ്രവര്‍ത്തനങ്ങളെയും നശിപ്പിക്കണമെന്നും, ഭീകരതയുടെ സാമ്പത്തിക കേന്ദ്രങ്ങള്‍ പിടിച്ചെടുക്കണമെന്നും ശക്തമായ നിര്‍ദ്ദേശവും ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്നു. ലോകരാജ്യങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലില്‍നിന്ന് ശ്രദ്ധ തിരിക്കാനും, ഇന്ത്യയോട് ഏറ്റുമുട്ടി പരാജയമേറ്റുവാങ്ങുന്നതിന്റെ ജാള്യത മറയ്ക്കാനും ഭീകരാക്രമണങ്ങളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് സ്വന്തം തകര്‍ച്ച വേഗത്തിലാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: