ആലപ്പുഴ (ചാരുംമൂട് ) : ആളുമാറി പിഴ ഈടാക്കാന്‍ സന്ദേശമയച്ച് മോട്ടോര്‍ വാഹന വകുപ്പും ട്രാഫിക് പോലീസും. ബൈക്ക് യാത്രക്കാരന് ഹെല്‍മറ്റ് ധരിക്കാതെ നിയമലംഘനം നടത്തിയെന്നു കാട്ടി സന്ദേശം ലഭിച്ചത് താമരക്കുളത്തെ സ്കൂട്ടര്‍ ഉടമയ്ക്ക്. കെഎസ്ആര്‍ടിസി ഡ്രൈവറായ താമരക്കുളം ചത്തിയറ സ്വദേശി രാജേഷിനാണ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തതിനു പിഴ അടയ്ക്കാന്‍ ഫോണില്‍ സന്ദേശമെത്തിയത്.
രാജേഷിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍- 31 എല്‍ -5623 നമ്പരുള്ള ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചുവെന്നു കാട്ടിയാണ് 500 രൂപ പിഴ അടയ്ക്കാനുള്ള ചെലാന്‍ ലഭിച്ചത്. രാജേഷ് ചെല്ലാനിനൊപ്പമുള്ള ഫോട്ടോ പരിശോധിച്ചപ്പോഴാണ് ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ പോകുന്നയാളെ ശ്രദ്ധിച്ചത്. ഫോട്ടോയിലുള്ള ബൈക്കിന്റെ നമ്പര്‍ വ്യക്തവുമല്ല.
കെഎല്‍- 31 എല്‍ എന്നുവരെ വ്യക്തമായി വായിക്കാം. തനിക്കു ആക്ടിവ സ്കൂട്ടറാണുള്ളത്. നമ്പര്‍ വ്യക്തമല്ലാത്തതിനാല്‍ സാമ്യമുള്ള ഒരു നമ്പറിലേക്ക് പിഴ ചുമത്തിയ ചെല്ലാന്‍ മോട്ടോര്‍വാഹന വകുപ്പ് അയച്ചിരിക്കുകയാണെന്നാണ് രാജേഷിന്റെ ആരോപണം.
ചാരുംമൂട്ടില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി ഹസീന മന്‍സിലില്‍ ഷാനവാസിനും സമാന പരാതി. ട്രാഫിക് പോലീസിന്റെ 500 രൂപ പിഴയാണ് ഷാനവാസിന് കിട്ടയത്. തിരുവനന്തപുരം റൂറല്‍ പോലീസാണ് സ്കൂട്ടര്‍ ഓടിച്ചു പോകുന്ന ചിത്രമുള്ള പിഴ നോട്ടീസ് ഓട്ടോറിക്ഷയുടെ ഉടമസ്ഥന് അയച്ചത്.
സ്കൂട്ടര്‍ ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിനാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് ഷാനവാസ് പറയുന്നു. ഭാര്യാ സഹോദരന് സഹീറിന്റെ പേരിലുള്ള കെ.എല്‍-21 ബി-7585 രജിസ്ട്രേഷന് നമ്പരിലുള്ള ഓട്ടോറിക്ഷയാണ് ഷാനവാസ് ഓടിക്കുന്നത്. ഷാനവാസിന്റെ മൊബൈല്‍ ഫോണ്‍ നമ്പരാണ് ആര്‍ടി ഓഫീസില്‍ കൊടുത്തിട്ടുള്ളത്. അതിലേക്കാണ് സന്ദേശം എത്തിയത്.
തിരുവന്തപുരം നന്തന്ക്കോട്ടു നടന്ന വാഹനപരിശോധനയിലാണ് പിഴ ചുമത്തിയതെന്നും നോട്ടീസിലുണ്ട്. ഷാനവാസിന് സ്കൂട്ടര്‍ ഇല്ല. ഓട്ടോറിക്ഷയുമായി തിരുവനന്തപുരത്ത് പോയിട്ടുമില്ലെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: