ഭൂമിയിലെ പുല്ലുകളും പുഴുക്കളും വരെ നമ്മുടെ കുടുംബക്കാരാണ്. അതിനാല്‍ എന്തുവില കൊടുത്തും നാം പരിസ്ഥിതിയെ പരിപാലിക്കും. ജൈവവൈവിധ്യത്തെ സംരക്ഷിക്കും. വനനശീകരണത്തെ ചെറുക്കും. വന്യജീവികളുടെ കാവലാളാവും. കാരണം നാമെല്ലാം കറകളഞ്ഞ പരിസ്ഥിതിവാദികളാണ്. വെട്ടി വീഴുന്ന മരങ്ങള്‍ക്കും ചുട്ടുതിന്നുന്ന മൃഗങ്ങള്‍ക്കുംവേണ്ടി വാതോരാതെ വിലപിക്കുന്നവര്‍. ആവാസവ്യവസ്ഥയില്‍ ചിഹ്നം വിളിച്ചു നടന്ന ഒരു പാവം കൊമ്പനാനയെ ചിത്രവധം ചെയ്ത് നാടുകടത്തിയപ്പോള്‍ നാം നിശബ്ദത പാലിച്ചു. അവനുനേരെ പലവട്ടം മയക്കുവെടി ഉതിര്‍ത്തപ്പോഴും കുങ്കിയാനകള്‍ കൂട്ടമായി കുത്തിമലര്‍ത്തിയപ്പോഴും അവന്റെ തേങ്ങലുകള്‍ക്കുനേരെ നാം ചെവിയടച്ചു.
ആനയുടെ പിറന്നാടാണ് കാട്. മരണംവരെ അവിടെ കഴിയുക അവന്റെ ജന്മാവകാശവും. തന്റെയും തന്റെ കുടുംബത്തിന്റെയും രക്ഷ അവന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍ കാടും കാട്ടുമൃഗങ്ങളും മനുഷ്യന്റെ തൃഷ്ണ ശമിപ്പിക്കാന്‍ മാത്രമാണെന്ന മറുനാടന്‍ വാദമാണ് മനുഷ്യനിഷ്ടം. മനുഷ്യനാണ് രാജാവ്. എല്ലാം അവന്റെ സുഖത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ കൊമ്പനെക്കാളും വമ്പ് കുടിയേറിയവര്‍ക്കാവണം. കാടുമുടിച്ച് കടും കൃഷിയുമായി വന്ന നാട്ടുകാര്‍ കൊമ്പന്റെ കുടുംബത്തിന്റെ അത്താഴം മുട്ടിച്ചു. ആനന്ദാനുഭവത്തിന് അകക്കാടുകളിലെത്തിയ അനധികൃത റിസോര്‍ട്ടുകള്‍ അവന്റെ ഗതിമുട്ടിച്ചു. ആനത്താരയില്‍ അവര്‍ വലിച്ചെറിഞ്ഞ മാലിന്യകൂനകള്‍ അവന്റെ വഴിമുട്ടിച്ചു. അങ്ങനെ സ്വന്തം തട്ടകത്തില്‍ അന്നംമുട്ടിയപ്പോഴാണ് സഹ്യന്റെ മകന് കാടിറങ്ങിയത്. കാട് അവന്റെ വീടാണ്. ആ വീട്ടിലേക്ക് കടന്നുകയറിയത് നാട്ടാരാണ്. അതിനാല്‍ കൊമ്പന് കാടിറങ്ങിയെന്ന പ്രയോഗം ‘പൊളിറ്റിക്കലി ഇന്‍കറക്ട്’ ആണ്. കാട് മുടിച്ചത് അരിക്കൊമ്പന്റെ അപ്പൂപ്പനും വല്യപ്പൂപ്പനുമല്ല എന്നതും ഉറപ്പ്.
ഏത് ജീവിയും അതിന്റെ ജൈവപരിസ്ഥിതിയില്‍നിന്ന് പറിച്ചെറിയപ്പെട്ടാല്‍ അതിന്റെ ജീവതാളം പിഴയ്ക്കും. കൊട്ടും അട്ടഹാസവുമായി നാം അരിക്കൊമ്പനോട് കാണിച്ചതും അതത്രേ. ജീവിതം വഴിമുട്ടിയപ്പോഴാണ് അവന് അരി തേടി നടന്നത്. എതിര്‍ത്ത ആനകളെ അവന് തുരത്തി. പക്ഷേ ആ വലിയ ശരീരത്തില്‍ കേവലം നാലുവയസ്സുകാരന്റെ ബുദ്ധിപോലും ഇല്ലായെന്നത് നാം വിസ്മരിച്ചു. അതാണ് അവനെതിരെ പെല്ലറ്റും പടക്കവും കല്ലുമെറിഞ്ഞപ്പോള്‍ പ്രകൃതിപോലും കണ്ണീര്‍പൊഴിച്ചത്. കോടയും കൊടും മഴയും മൂടല്‍ മഞ്ഞുംകൊണ്ട് സഹ്യന്റെ മകനെ മറയ്ക്കാന്‍ ശ്രമിച്ചത്.
കാടു കാക്കാന്‍ രാജമുദ്രയുമായി രാപകല്‍ റോന്ത് ചുറ്റുന്നവരും നാടുകാക്കാന്‍ വിധിക്കപ്പെട്ട കാക്കിവേഷക്കാരും ഭരിക്കാന്‍ നിയോഗിച്ച തൂവെള്ള വസ്ത്രക്കാരും പക്ഷേ ആനയുടെ ആത്മരോദനം കേട്ടില്ല. പരിസ്ഥിതിക്കുവേണ്ടി ഓരിയിടുന്നവരും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്കുവേണ്ടി പേനയുന്താന്‍ കച്ചകെട്ടിയിറങ്ങിയ ‘സാംസ്കാരിക നായകരും’ ബധിരതയുടെ പൊയ്മുഖം ധരിച്ചു. ഫേസ്ബുക്കില്‍ രോഷത്തിന്റെ വിഷവിത്തുകള്‍ വിതയ്ക്കുന്ന ‘ഫേസ്’നഷ്ടപ്പെട്ടവരെയും ചിന്നക്കനാലിന്റെ നാലമ്പലത്ത് കണ്ടില്ല.
കാതരമായ കാഴ്ചകള്‍ കൊണ്ട് മാലോകരെ രോമാഞ്ചമണിയിക്കുന്ന മാധ്യമങ്ങളാവട്ടെ, പതിവിന്‍പടി ഏകപക്ഷീയമായ പത്രപ്രവര്‍ത്തനം നടത്തി തൃപ്തിയടഞ്ഞു. അതി തീവ്രപ്രാദേശികവത്കരണത്തിന്റെ ആവേശത്തില്‍ അരിക്കൊമ്പനെ അതിക്രൂരനായി അവര്‍ വിശേഷിപ്പിച്ചു. മട്ടുപ്പാവിലെ കോവല്‍ വള്ളിയില്‍ കുരുങ്ങിയ അരിപ്രാവിനുവേണ്ടിയും ഇടിച്ചക്ക വീണ് കാലൊടിഞ്ഞ കുറിഞ്ഞിപ്പൂച്ചക്കു വേണ്ടിയും കണ്ണീരൊഴുക്കുന്ന ‘ഹ്യൂമന്‍ ഇന്ററസ്റ്റ്’ ആചാര്യന്മാര് അരിക്കൊമ്പന് ചിത്രവധം വിധിച്ചു. അന്തിച്ചര്‍ച്ചത്തൊഴിലാളികള്‍ അതിനെ അമൃതായിക്കണ്ട് ആവോളം പാനം ചെയ്തു.
അരിക്കൊമ്പന്റെ അധ്യായം നമ്മുടെ ഹിപ്പോക്രസിയുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞു. ശാസ്ത്രാവബോധം പുസ്തകത്താളുകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണെന്ന് വ്യക്തമാക്കി. അതുകൊണ്ടാണല്ലോ വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ച് പ്രസംഗം നടത്തിയ നാവുകള്‍ അരിക്കൊമ്പനെ അന്യനാട്ടിലേക്ക് അടിച്ചോടിക്കാന്‍ ഗര്‍ജിച്ചത്. സംരക്ഷണ നിയമങ്ങള്‍ ചമച്ചവരും നിയമങ്ങള്‍ക്ക് നീതിയുടെ ഭാഷ്യം ചമച്ചവരും ആ പാവത്തിനു നേരെ ഇമപൂട്ടി നിന്നത്.
കാട് കാടായിക്കിടക്കണമെന്ന സങ്കല്‍പ്പം കവിതകളില്‍ മാത്രം മതി നമുക്ക്. റിസര്‍വ് വനങ്ങളില്‍ നുഴഞ്ഞുകയറി പട്ടയം സൃഷ്ടിച്ച് മേനി നടിക്കുന്നവരെ പുറത്താക്കാന്‍ ആര്‍ക്കും സമയമില്ല. ലോല മേഖലകളില്‍ കടന്നവരെ പുനരധിവസിപ്പിച്ച് വന്യമണ്ഡലം സംരക്ഷിക്കാന്‍ താല്‍പ്പര്യമില്ല. അനധികൃത റിസോര്‍ട്ടുകാരെ അടിച്ചുപുറത്താക്കാന്‍ ധൈര്യമില്ല. കാടുകളിലേക്ക് കടന്നുവരുന്ന മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ തയ്യാറില്ല. ആനകളും മറ്റ് വന്യമൃഗങ്ങളും ഉള്ക്കാടിന്റെ പുറത്തേക്ക് വരുന്നതിന്റെ കാരണം തിരക്കാനോ പരിഹാരം ഉണ്ടാക്കാനോ ആര്‍ക്കും സൗകര്യവുമില്ല.
ആനയുടെ ബുദ്ധി ഒരു കൊച്ചുകുട്ടിയുടെതിനെക്കാള്‍ താഴെയെന്ന് ശാസ്ത്രം പറയുന്നു. പക്ഷേ അവന് ഒരു മനസ്സുണ്ട്. കുടുംബമുണ്ട്. ആ കുടുംബനാഥനെ എത്രയോ ക്രൂരമായാണ് നാം കൈകാര്യം ചെയ്തത്. തട്ടകത്തില്‍ നിന്ന് വെടിപൊട്ടിച്ച് ഓടിച്ചു. കല്ലെറിഞ്ഞ് മുറിവേല്‍പ്പിച്ചു. അരഡസനിലേറെ വീര്യം കൂടിയ മയക്കുവെടികള്‍ വച്ചു. കുങ്കിയാനകളെക്കൊണ്ട് കുത്തിമുറിവേല്‍പ്പിച്ചു. ആനിമല്‍ ആംബുലന്‍സ് എന്ന് ഓമനപ്പേരിട്ട തടവ് ലോറിയില്‍ ഇടിച്ചു കയറ്റി നൂറിലേറെ മൈലുകള്‍ യാത്ര ചെയ്യിച്ചു. അതിനിടെ ബോധം വന്നുവെന്ന് തോന്നിയപ്പോള്‍ വീണ്ടും തുരുതുരെ മയക്കുവെടികള്‍.
ഒടുവില്‍ മംഗളാദേവിക്കു സമീപം അപരിചിതമായ ഏതോ വനഭൂമികയില്‍ അവനെ തുറന്നുവിട്ടുപോലും. ചിന്നക്കനാല്‍ അരിച്ചുപെറുക്കിയ ക്യാമറക്കണ്ണുകള്‍ എന്തുകൊണ്ടോ അവന്റെ പിന്നാലെ പോയില്ലത്രേ. ഉപഗ്രഹ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് കോളര്‍ അവന്റെ ഓരോ ചലനവും നിരീക്കുമെന്നാണ് പറയുന്നത്. തുമ്പിക്കയ്യിലും ശരീരത്തിന്റെ ഇതരഭാഗങ്ങളിലും ഉണ്ടായ മുറിവുകള്‍, കൊടുത്ത മരുന്നിന്റെ കരുത്തില്‍ കരിഞ്ഞുകൊള്ളുമെന്നും പറയുന്നു. അരിക്കൊമ്പന് അനങ്ങിയാലും ഇല്ലെങ്കിലും കോളറിലൂടെ സിഗ്നല്‍ കിട്ടും. പക്ഷേ അവന് അനങ്ങാന്‍ കഴിയുമോയെന്നും കൊടിയ പീഡനങ്ങളെ എത്രനാള്‍ അതിജീവിക്കാനാവുമെന്നും ആര്‍ക്കറിയാം. എന്തായാലും ഇരുട്ടുകൊണ്ട് ഓട്ടയടച്ച് നമുക്ക് വിശ്രമിക്കാം; സമാധാനിക്കാം; സന്തോഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: