ഇംഫാല്‍: മണിപ്പൂരില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും രണ്ട് ദിവസത്തെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 54 ആയി. അനൗദ്യോഗിക വിവരങ്ങളനുസരിച്ച് മരണസംഖ്യ ഇതിലും കൂടുതലാണ്. കലാപത്തെത്തുടര്‍ന്ന് അടഞ്ഞുകിടന്ന കടകമ്പോളങ്ങള്‍ വീണ്ടും തുറന്നു. വാഹനഗതാഗതവും സാധാരണനിലയിലായിട്ടുണ്ട്. സംസ്ഥാനത്തുടനീളം കൂടുതല്‍ സൈനികരെയും വിന്യസിച്ചിട്ടുണ്ട്. എല്ലാ പ്രധാന റോഡുകളിലും ദ്രുതകര്‍മ്മസേന ഫഌഗ് മാര്‍ച്ച് നടത്തി.
മരണം സ്ഥിരീകരിച്ച 54 പേരില്‍ 16 പേരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലും 15 പേരുടേത് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും സൂക്ഷിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇംഫാല്‍ വെസ്റ്റ് ലാംഫെലിലുള്ള റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് മറ്റ് 23 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, വെള്ളിയാഴ്ച രാത്രി ചുരാചന്ദ്പൂര്‍ ജില്ലയില്‍ നടന്ന രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചുരാചന്ദ്പൂരിലെ സെയ്റ്റണിലെ ഏറ്റുമുട്ടലിലാണ് നാല് പേര് കൊല്ലപ്പെട്ടത്. ടോര്‍ബംഗില്‍ സുരക്ഷാ സേനയ്ക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് ഐആര്‍ബി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ചുരാചന്ദ്പൂര്‍, മോറെ, കാക്ചിങ്, കാങ്പോക്പി ജില്ലകള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 13,000 പേരെ ഇവിടങ്ങളില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് പറഞ്ഞു. ഒന്‍പത് ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: