Categories: Samskriti

സര്‍വേശ്വരകാരകനായ വ്യാഴം

'വിഷ്ണു മുതലായ എല്ലാ ദേവന്മാരുടേയും സാന്നിദ്ധ്യം വ്യാഴത്തില്‍ നിയമേനയുണ്ട്. വ്യാഴം സര്‍വേശ്വരകാരകനാകുന്നു. അതിനാല്‍ വ്യാഴത്തിന് ഇഷ്ടസ്ഥിതി മുതലായ അനുകൂലഭാവം ഉണ്ടെങ്കില്‍ മിക്കവാറും ദേവന്മാരും അനുകൂലന്മാരെന്ന് ധരിക്കണം. വ്യാഴത്തിന് അനിഷ്ടസ്ഥിതി മുതലായ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ മിക്ക ദേവന്മാരും പ്രഷ്ടാവിന് അനിഷ്ടന്മാരാണെന്നും ധരിക്കണം'

Published by

ജ്യോതിഷഭൂഷണം

എസ് ശ്രീനിവാസ് അയ്യര്‍

വ്യാഴന്റെ (Jupiter Brihaspati) ആഴ്ച വ്യാഴാഴ്ച. ഗുരുവാരം, ബൃഹസ്പതിവാരം എന്നൊക്കെ മറ്റുപേരുകള്‍. ഏറ്റവും ശുഭത്വം വ്യാഴത്തിനാണ്, ഗ്രഹങ്ങളില്‍. ആ ശുഭത്വം വ്യാഴാഴ്ചയ്‌ക്കും അവകാശപ്പെടാം. ആഴ്ചകളില്‍ നല്ല ദിവസം ഏതെന്ന ചോദ്യത്തിന് വ്യാഴാഴ്ച എന്ന് ഒറ്റമൂച്ചില്‍ തന്നെ ഉത്തരം പറയാനാവും. എങ്കിലും ജ്യോതിഷത്തില്‍ എല്ലാത്തിനും പരിധിയും ഉപാധികളും ഉണ്ടെന്ന് മറക്കരുത്; മറക്കുന്നില്ല.

അംഗിരസിന്റെയും വസുദയുടെയും പുത്രന്‍. ‘ആംഗിരസ്സ്’ എന്ന് പേരുണ്ടായതങ്ങനെ? വലിപ്പം കൂടുതല്‍; അങ്ങനെ ബൃഹസ്പതിയായി. ദേവന്മാരുടെ ആചാര്യനും കാര്യോപദേശകനും. അതിനാല്‍ ദേവമന്ത്രി, ദേവഗുരു തുടങ്ങിയ പേരുകള്‍. വ്യാഴന്റെ ബുദ്ധി, വിശേഷിച്ചും സാത്വികബുദ്ധി പ്രകീര്‍ത്തനീയം. അതിനാലാവണം ‘ധിഷണന്‍’ എന്ന പേരുണ്ടായത്. മരണപ്പെട്ട ദേവന്മാരെ ജീവിപ്പിച്ചു. അങ്ങനെ ‘ജീവന്‍’ ആയി.

സര്‍വ്വദൈവങ്ങളേയും സൂചിപ്പിക്കുന്നു, വ്യാഴം. ‘സര്‍വ്വേശ്വരകാരകന്‍’ എന്ന് പ്രശ്‌നമാര്‍ഗം വ്യാഴത്തെ വിശേഷിപ്പിക്കുന്നുണ്ട്. ‘സര്‍വ്വേശ്വരാണാം ധിഷണേള സ്തി നിത്യം’ എന്ന് പ്രശ്‌നമാര്‍ഗം പതിനഞ്ചാം അദ്ധ്യായത്തിലെ മൂന്നാംശ്ലോകത്തില്‍ വിവരിക്കുന്നു. ഈ വ്യാഖ്യാനം നോക്കുക:

വിഷ്ണു മുതലായ എല്ലാ ദേവന്മാരുടേയും സാന്നിദ്ധ്യം വ്യാഴത്തില്‍ നിയമേനയുണ്ട്. വ്യാഴം സര്‍വേശ്വരകാരകനാകുന്നു. അതിനാല്‍ വ്യാഴത്തിന് ഇഷ്ടസ്ഥിതി മുതലായ അനുകൂലഭാവം ഉണ്ടെങ്കില്‍ മിക്കവാറും ദേവന്മാരും അനുകൂലന്മാരെന്ന് ധരിക്കണം. വ്യാഴത്തിന് അനിഷ്ടസ്ഥിതി മുതലായ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ മിക്ക ദേവന്മാരും പ്രഷ്ടാവിന് അനിഷ്ടന്മാരാണെന്നും ധരിക്കണം’ (കരുവാ കെ. നീലകണ്ഠന്‍ ആശാരിയുടെ വ്യാഖ്യാനത്തില്‍ നിന്നും).

വ്യാഴത്തെ സംബന്ധിച്ച ചില വിജ്ഞാനശകലങ്ങള്‍ ചുവടെ:

വ്യാഴം മറ്റ് ഗ്രഹങ്ങളുമായി ചേര്‍ന്നാല്‍..

ബുധഗുരുയോഗം: ഗീതപ്രിയനാവും. ‘രംഗചരന്‍’ (അരങ്ങ് കൊണ്ട് ജീവിക്കുന്ന വ്യക്തി) ആയേക്കും. നടന്‍, നര്‍ത്തകി, സംവിധായകന്‍, അണിയറക്കാരന്‍, ഇത്യാദി. ചിലപ്പോള്‍ മല്ലയുദ്ധക്കാരനുമാവും.

കുജഗുരുയോഗം: ഭരണകര്‍ത്താവാകും.

ശുക്രഗുരു യോഗം: സല്‍ഗുണശീലത്വം, വിദ്യാസമ്പന്നത, ധനാഢ്യത ഇവയുണ്ടാവും. ഗുണത്തികവുള്ള ജീവിതപങ്കാളിയെ ലഭിക്കാം.

ശനിഗുരുയോഗം: കുടം നിര്‍മ്മിക്കുന്ന പണി ചെയ്യും. ക്ഷൗരകര്‍മ്മം, പാചകം, ഇരുമ്പുപണി ഇവയിലേര്‍പ്പെടും.

അവലംബം: ‘ബൃഹജ്ജാതകം’ 14ാം അദ്ധ്യായം.

വ്യാഴം പന്ത്രണ്ട് രാശികളില്‍

മേടം, വൃശ്ചികം: സേനാധിപന്‍, നേതൃഗുണം, സമ്പന്നന്‍, നല്ല ഗൃഹസ്ഥന്‍, ഓജസ്വി, തേജസ്വി, കീര്‍ത്തിശാലി.

എടവം, തുലാം: അരോഗി, ധനവാന്‍, സുഖശീലന്‍ ഇവയും ബന്ധുബലം, വദാന്യത, സന്താനസൗഖ്യം, ജനപ്രീതി ഇവയും ഫലം.

മിഥുനം, കന്നി: രാജമന്ത്രി, ഗുരു, സുഖിമാന്‍, പുത്രഗുണം, ജ്ഞാതിബലം ഇവ ഫലം.

കര്‍ക്കടകത്തില്‍: രത്‌നാദികളുടെ ഉടമസ്ഥത, ഉന്നതമായ ബുദ്ധി, ഭൗതിക സമൃദ്ധി, അശനശയന സൗഖ്യം ഇവ അനുഭവം.

ചിങ്ങം: കര്‍ക്കടകത്തിലെ അതേ ഫലങ്ങള്‍. കൂടാതെ സൈന്യാധിപത്യവും.

ധനു, മീനം: സാമന്തന്‍, ധനോന്നതി, രാജഗുരു/മന്ത്രി ഇവ ഫലം.

മകരത്തില്‍: അധമബുദ്ധി, അധമ കര്‍മ്മം, നിത്യവൃത്തിക്ക് മാത്രം പണം, ഭൂരിദുഃഖം എന്നിവ അനുഭവം.

കുംഭത്തില്‍: കര്‍ക്കിടകത്തില്‍ നിന്നാലത്തെ ഫലം. ‘കുംഭേ കര്‍ക്കിടവത് ഫലാനി’ എന്നാണ് വാക്യം..

ഇതെല്ലാം ‘ബൃഹജ്ജാതക’ത്തില്‍ നിന്നും.

വ്യാഴദശാഫലം:

‘ജൈവ്യാം മാനഗുണോദയോ മതിചയഃ

കാന്തിഃ പ്രതാപോന്നതിര്‍

മാഹാത്മ്യോദ്യമമന്ത്ര നീതിനൃപതി  

സ്വാദ്ധ്യായയജ്ഞൈര്‍ ധനം

ഹേമാശ്വാത്മജ കുഞ്ജരാംബരചയഃ  

പ്രീതിശ്ച സദ്ഭൂമിപൈഃ

സൂക്ഷ്‌മോഹാഗമ നൈപുണം  

ശ്രവണരുഗൈ്വരം വിധര്‍മ്മാശ്രിതൈഃ’

(ബൃഹജ്ജാതകം)

സാരം: ജൈവ്യാം എന്നാല്‍ ജീവന്റെ ദശയില്‍ എന്നര്‍ത്ഥം. ‘ജീവന്‍’ എന്നാല്‍ വ്യാഴം. സദ്ഗുണ

പൂര്‍ണത, ജനങ്ങള്‍ക്ക് അഭിഗമ്യത, പ്രതാ

പം, ഔന്നത്യം, നല്ല വിദ്യാഭ്യാസം, തീക്ഷ്ണമായ ബുദ്ധി, പൂജിക്കത്തക്ക യോഗ്യത, അധ്വാനഭരിതമായ ജീവിതം, വേദോക്തങ്ങളും ശൈവവൈഷ്ണവങ്ങളുമായ മന്ത്രങ്ങളാല്‍ ഉപാസന, നീതിവിദ്യാബോധം, ഗുരുവും വഴികാട്ടിയും ആവുക, വലിയ യാഗങ്ങള്‍ ചെയ്യുക, ചെയ്യിപ്പിക്കുക, സദ്മാര്‍ഗങ്ങളില്‍ നിന്നും ധനം നേടുക, ആന, കുതിര, സ്വര്‍ണം, സല്‍സന്താനലാഭം ഇവ ഭവിക്കുക, രാജപൂജ്യത, സൂക്ഷ്മവിഷയങ്ങളെ ഊഹിച്ചറിയാനുള്ള സാമര്‍ത്ഥ്യം, ശാസ്ത്ര നൈപുണ്യം, കര്‍ണരോഗം, ദുഷ്ടന്മാരോട് ശത്രുത, ദേവ ബ്രാഹ്മണാദികളുടെ കോപം ഇവയൊക്കെ വ്യാഴദശയിലെ ഫലം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by