തിരുവനന്തപുരം: ‘കേരള സ്റ്റോറി’ എന്ന സിനിമ ചരിത്രത്തെ നിര്‍മ്മിക്കുകയാണെന്ന് നടി മാല പാര്‍വ്വതി. സിനിമ കണ്ട ശേഷം ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു മാല പാര്‍വ്വതി.
കേരള സ്റ്റോറി എന്ന സിനിമ ഭാവിയില്‍ ചരിത്രമെന്തെന്ന് തിരയുന്ന സെര്‍ച്ച് എഞ്ചിനുകളില്‍ നമ്മുടെ ചരിത്രമായി മാറിയേക്കുമെന്നും മാല പാര്‍വ്വതി കുറിക്കുന്നു. കേരള സ്റ്റോറി നിരോധിക്കണമെന്ന ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യത്തെ അവര്‍ കുറിപ്പില്‍ നിരാകരിക്കുകയും ചെയ്തുന്നുണ്ട്. “സിനിമ നിരോധിക്കുക എന്നത് നമ്മുടെ വഴിയല്ല”,- മാല പാര്‍വ്വതി കുറിക്കുന്നു.
നാളെ കേരളം ഒരു തീവ്രവാദി സംസ്ഥാനമാണെന്ന് മുദ്ര കുത്തിയാല്‍, കലാപം നടന്നാല്‍, പട്ടാളമിറങ്ങിയാല്‍ സ്വാഭാവികം എന്ന് മലയാളികള്‍ അല്ലാത്തവര്‍ കരുതുമെന്നും മാല പാര്‍വ്വതി അഭിപ്രായപ്പെട്ടു.
മാല പാര്‍വ്വതിയുടെ കുറിപ്പ്
“കേരള സ്റ്റോറി ” എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല.
വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമ്മിക്കുകയാണ്. കമ്മേഴ്സ്യൽ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.
ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിന്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിന്റെ സത്യവും തിരിച്ചറിയുന്നവർ.
ജാതിയും മതവും, ആ പ്രത്യേകതകളും, .ഈ മണ്ണിന്റെ, നമ്മുടെ സ്വത്വത്തിന്റെ സവിശേഷതകളായി കാണുന്നവർ.
വെറുപ്പിന്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ.വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!
പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാൽ, കലാപം നടന്നാൽ പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്നങ്ങൾ വാർത്ത അല്ലാതെയും ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: