തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ന് മുതൽ ഭരണ-പ്രതിപക്ഷ യൂണിയൻ സംയുക്ത സമരം തുടങ്ങി. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം നടത്തുന്നത്.
ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവനായും നല്‍കാനായില്ല. മെയ് 5 നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ രണ്ടാം ഗഡു ശമ്പള വിതരണത്തിന് 50 കോടി കെഎസ്ആര്‍ടിസി അഭ്യർത്ഥിച്ചെങ്കിലും ധനവകുപ്പ് പണം അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ സംയുക്ത സമരത്തിലേക്ക് കടന്നത്.
സിഐടിയു, ടിഡിഎഫ് സംഘടനകള്‍ ചീഫ് ഓഫീസിന് മുന്നില്‍ സമരം നടത്തുകയാണ്. അതേ സമയം സമരം സര്‍വ്വീസുകളെ ബാധിക്കില്ല. എട്ടാം തീയതി ബിഎംഎസിന്റെ നേതൃത്വത്തിലും ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നു.
മാസം തോറുമുള്ള കളക്ഷനില്‍ നിന്ന് ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയില്ലെന്ന് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കെഎസ്ആര്‍ടിസി അറിയിക്കുകയും ചെയ്തിരുന്നു. ഒരു വര്‍ഷമായി സര്‍ക്കാര്‍ നല്കുന്ന 50 കോടി രൂപയില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: