ന്യൂദല്‍ഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെയും കശ്മീരിലേക്ക് തിരിച്ചു. ഭീകരാക്രമണം നടന്ന രജൗരി ജില്ലയില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. രജൗരിയില്‍ ഭീകരാക്രമണത്തില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച സ്ഥലവും പ്രതിരോധ മന്ത്രി സന്ദര്‍ശിക്കുമെന്നാണ് വിവരം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യാത്ര. രജൗരിയിലെ കാണ്ടി മേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടല്‍ നടന്നത്.
അതേസമയം ബാരാമുള്ളയിലും രജൗരിയിലും ഭീകരരും സൈന്യവുമായുളള ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ ബാരാമുള്ളയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെടുകയും മറ്റൊരു ഭീകരന് പരിക്കേല്‍ക്കുകയും ചെയ്തു. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുമായി ബന്ധമുള്ള ഭീകരസംഘടനയിലെ അംഗമായ കുല്‍ഗാം സ്വദേശി ആബിദ് വാനിയാണ് കൊല്ലപ്പെട്ട ഭീകരന്‍. സംഭവസ്ഥലത്ത് നിന്ന് സ്‌ഫോടക വസ്തുക്കളും എകെ 47 തോക്കും കണ്ടെടുത്തതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: