വിനോദ് നെല്ലയ്ക്കല്‍
മുമ്പൊരിക്കലും കാണാത്തവിധത്തിലുള്ള ചില കാര്യങ്ങളാണല്ലോ ‘ദ് കേരള സ്റ്റോറി’ എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തില്‍ അരങ്ങേറിയത്. ഇസ്ലാമിക സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുകയും വ്രണപ്പെടുത്തുകയും ചെയ്യുന്നതാണ് സിനിമയുടെ ഉള്ളടക്കമെന്ന വ്യാപക പ്രചാരണങ്ങളുണ്ടായിരുന്നു. സിനിമ അവതരിപ്പിക്കുന്ന ആശയം എന്താണ് എന്ന ബോധ്യത്തോടെ ആയിരുന്നില്ല ഇത്തരം പ്രചാരണങ്ങള്‍ എന്ന് നിശ്ചയം.
പക്ഷെ, ആരോപണങ്ങളെ അപ്രസക്തമാക്കുന്ന അവതരണമാണ് അതില്‍ കാണാന്‍ കഴിഞ്ഞത്. തീര്‍ച്ചയായും അതിന്റെ പ്രമേയം ഭീകരവാദം തന്നെയാണ്. ഇസ്ലാമിക്ക് സ്റ്റേറ്റ് അഥവാ ഐഎസ്ഐഎസ് ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങള്‍, രീതികള്‍ തുടങ്ങിയവയാണ് ആദ്യന്തം സിനിമ ചര്‍ച്ചചെയ്യുന്നത്. അതുമാത്രമാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കേരളം ചര്‍ച്ച ചെയ്തതും സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുള്ളതുമായ ചില സംഭവങ്ങളാണ് സിനിമയില്‍ പുനരവതരിപ്പിക്കപ്പെടുന്നത്. നായികാ കഥാപാത്രം പോലും അത്തരത്തില്‍ മലയാളികള്‍ക്ക് പരിചിതയാണ്.
കഥയിലേക്ക്
അദാ ശര്‍മ അവതരിപ്പിക്കുന്ന ശാലിനി ഉണ്ണികൃഷ്ണനാണ് കേരള സ്റ്റോറിയിലെ നായിക. കാസര്‍ഗോഡ് നഴ്സിങ് പഠിക്കാനെത്തുന്ന ശാലിനിയുടെയും സുഹൃത്തുക്കളായ ഗീതാഞ്ജലി, നിമ എന്നിവരുടെയും ജീവിതത്തില്‍ സംഭവിക്കുന്ന വഴിത്തിരിവുകളാണ് സിനിമ അവതരിപ്പിക്കുന്നത്. മൂവരുടെയും സുഹൃത്തായ മറ്റൊരു പെണ്‍കുട്ടിയാണ് ആസിഫ. ആസിഫയുമായുള്ള ബന്ധംവഴിയായി മൂവരുടെയും ജീവിതത്തില്‍ വലിയ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഘട്ടംഘട്ടമായ ആസിഫയുടെ ഇടപെടലുകള്‍ ശാലിനിയെയും ഗീതാഞ്ജലിയെയും രണ്ടു മുസഌം യുവാക്കളുമായി അടുപ്പിക്കുന്നു. പലരീതിയിലുള്ള സ്വാധീനങ്ങള്‍ ആ ഘട്ടത്തില്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നതായി ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. ചില തീവ്ര ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ളവരായിരുന്നു ആസിഫയും സുഹൃത്തുക്കളും. അമുസ്ലീങ്ങളായ പെണ്‍കുട്ടികളെ വരുതിയിലാക്കാനായി അവര്‍ പല തന്ത്രങ്ങളും പ്രയോഗിക്കുന്നു. അതില്‍ മതപഠനവും പ്രണയവും മയക്കുമരുന്നിന്റെ ഉപയോഗവുമുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഒരു യുവാവാണ് ശാലിനിയുടെ ആദ്യ കാമുകന്.
ഒടുവില്‍ അപ്രതീക്ഷിതമായി ശാലിനി ഗര്‍ഭിണിയാകുന്നു. ആ സാഹചര്യത്തില്‍ മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ കഴിയാതെ പതറി പോകുന്ന അവള്, കാമുകനെ വിവാഹം കഴിക്കാനായി മതംമാറാന്‍ തയ്യാറാവുകയാണ്. ഇസ്ലാം മതം സ്വീകരിച്ച അവള് ഫാത്തിമ എന്ന പേരാണ് സ്വീകരിക്കുന്നത്. എന്നാല്‍ തുടര്‍ന്ന് മറ്റു ചില വഴിത്തിരിവുകളിലൂടെ കടന്നുപോകുമ്പോള്‍ അവള് മറ്റൊരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിതയാവുന്നു. തുടര്‍ന്നുള്ള ജീവിതം അവളുടെ നിയന്ത്രണത്തിനപ്പുറത്തേയ്ക്ക് സഞ്ചരിക്കുകയാണ്. വിവാഹശേഷം ആദ്യം ശ്രീലങ്കയിലേയ്ക്കും അവിടെനിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്കും ഭര്‍ത്താവിനെ അനുഗമിക്കാന്‍ ഗര്‍ഭിണിയായ അവള് നിര്‍ബ്ബന്ധിതയാകുന്നു. ഒടുവില്‍ മറ്റു ചിലരെപ്പോലെ അവളും ലൈംഗിക അടിമയായി മാറുകയും പിന്നീട് രക്ഷപെട്ട് പട്ടാളത്തിന്റെ പിടിയില്‍ പെടുകയും ചെയ്യുകയാണ്. ഇതിനെല്ലാം ശേഷം തന്റെ ജീവിതാനുഭവങ്ങള്‍ പട്ടാള ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ അവള് വെളിപ്പെടുത്തുന്നതാണ് സിനിമ.
പ്രധാന കഥാപാത്രമായ ശാലിനിയുമായി സാമ്യമുള്ള മലയാളികള്‍ക്ക് ചിരപരിചിതയായ ഒരു വ്യക്തിയുണ്ട്, നിമിഷ ഫാത്തിമ. കാസര്‍ഗോഡ് ഒരു ഡെന്റല്‍ കോളേജില്‍ പഠിക്കാനെത്തിയ നിമിഷ ഒരു സുഹൃത്തിന്റെ സ്വാധീനം വഴിയായാണ് മതപഠനത്തിനും മതം മാറ്റത്തിനും വിധേയായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മതം മാറിയ നിമിഷ ഫാത്തിമയും വിവാഹം ചെയ്തത് ആദ്യ കാമുകനെയല്ല, മറ്റൊരാളെയാണ്. പിന്നീട് ഭര്‍ത്താവിനൊപ്പം അഫ്ഗാനിസ്ഥാനിലേയ്ക്ക് പോയ നിമിഷ ഫാത്തിമ ഭര്‍ത്താവിന്റെ മരണശേഷമാണ് കീഴടങ്ങുന്നത്. ഇന്ത്യയിലേയ്ക്ക് തിരികെയെത്താന്‍ അവള് താല്‍പ്പര്യം അറിയിച്ചിരുന്നെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ അവളെ ഇനിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ദ കേരള സ്റ്റോറി ഒടുവില്‍ പറഞ്ഞുവയ്ക്കുന്നതും ഭീകര പ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ ‘സീറോ ടോളറന്‍സ്’ നയമുള്ള ഇന്ത്യ അഫ്ഗാന് ജയിലില്‍ കഴിയുന്ന ശാലിനിയെയും തിരികെ സ്വീകരിക്കാന്‍ തയ്യാറാവാന്‍ ഇടയില്ല എന്നുതന്നെയാണ്.
സിനിമ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍
ഇത്തരത്തില്‍ വളരെ വ്യക്തമാണ്, സിനിമ കൈകാര്യം ചെയ്യുന്ന വിഷയം ഐഎസ്ഐഎസ് ഭീകരവാദം തന്നെയാണ്. ചില തീവ്ര ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധംവഴി കേരളത്തില്‍നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് കടന്നതിന് ശേഷം മാത്രമല്ല, അതിന് മുമ്പും ഐഎസ്ഐഎസ് ഭീകരവാദികളുമായുള്ള ഈ സംഘത്തിന്റെ ബന്ധം സിനിമയില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ ഐഎസ്ഐഎസ് പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പുകള്‍ പലപ്പോഴായി ഉണ്ടായിട്ടുള്ള ചരിത്രമാണ് കേരളത്തിന്റേത്. ചെറിയ ഒരു വിഭാഗം ഇത്തരത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാകുന്നുണ്ട് എന്നുള്ളതും രഹസ്യമല്ല. കേരളത്തിന്റെ മുഖ്യമന്ത്രിതന്നെ ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം വിട്ടു പോയിട്ടുള്ളവരും കൊല്ലപ്പെട്ടവരുമായി പലരുമുണ്ടായിട്ടുണ്ട്. ഒരുപാടുപേരാണോ അതോ കുറച്ചുപേര്‍ മാത്രമാണോ അപ്രകാരം നാടുവിടുന്നത് എന്ന ചോദ്യത്തില്‍ പ്രസക്തിയില്ല. കാരണം, എണ്ണത്തിലല്ല, അത്തരം ചില സ്വാധീനശക്തികള്‍ ഈ സമൂഹത്തിലുണ്ടോ എന്നുള്ളതാണ് വിഷയം. ഇസ്ലാമിക ഭീകരവാദം എന്നുള്ളത് ഒരു ആനുകാലിക യാഥാര്‍ഥ്യം തന്നെയാണ്. അങ്ങനെയിരിക്കെ ഇത്തരം ചില തുറന്നുപറച്ചിലുകളും ചര്‍ച്ചകളും സമൂഹത്തിന് ഗുണം ചെയ്യും എന്നുള്ളതാണ് വാസ്തവം.
ഒരു വ്യക്തിയുടെ ജീവിതം എന്നതിനപ്പുറം ഒട്ടേറെ പേരുടെ അനുഭവങ്ങളും സിനിമ പരാമര്‍ശ വിഷയമാക്കുന്നുണ്ട്. അവിടെയും തീവ്രവാദ ബന്ധമുള്ള, അക്രമ സ്വഭാവികളായ ഒരുപറ്റം ആളുകളെയാണ് കുറ്റക്കാരാക്കി ചിത്രീകരിക്കുന്നത്. മുഖ്യധാരാ ഇസ്ലാമിക സമൂഹം ഒരിടത്തുപോലും പ്രതികളാക്കി ചിത്രീകരിക്കപ്പെടുന്നതായി തോന്നിയില്ല. നിമിഷ ഫാത്തിമയ്ക്ക് ഒപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നാടുവിട്ടുപോയ മെറിന് ജോസഫും സോണിയ സെബാസ്റ്റ്യനുമാണ് സിനിമയിലെ മറ്റുരണ്ടു സ്ത്രീ കഥാപാത്രങ്ങള്‍ എന്നുകരുതിയാല്‍ തെറ്റി. നായികയായ ശാലിനി മാത്രമാണ് നാടുവിട്ടു പോകുന്നതും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതുമായുള്ളത്. മറ്റു രണ്ടുപേരുടെ ജീവിതം രണ്ടു രീതിയിലാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. താന്‍ ഉദ്ദേശിച്ച വഴിക്ക് വരുന്നില്ല എന്ന് കാണുന്ന കാമുകന് ഗീതാഞ്ജലിയുടെ ചില സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ അവള് ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. മൂന്നാമത്തെ കഥാപാത്രമായ നിമ ഒരു ഘട്ടത്തില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയാണ്. ഇങ്ങനെയും ചിലതൊക്കെ ഈ സമൂഹത്തില്‍ സംഭവിക്കുന്നുണ്ട് എന്ന് ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സിനിമയില്‍ അവതരിപ്പിക്കുന്നതെന്നതിന് തെളിവുകള്‍ കൂടി കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഗീതാഞ്ജലിയുടെ മാതാവും, നിമ തന്നെയും സിനിമയുടെ അവസാനഭാഗത്ത് നേരിട്ട് പ്രത്യക്ഷപ്പെടുന്നുണ്ട്.
വിവാദങ്ങള്‍
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍നിന്ന് പതിനായിരക്കണക്കിന് പെണ്‍കുട്ടികളെ മതം മാറ്റി കൊണ്ടുപോകുന്നു എന്നു സിനിമ പറയുന്നു എന്നതായിരുന്നു പ്രധാന ആരോപണം. എന്തുകൊണ്ടാണ് അത്തരമൊരു ആരോപണം ഉണ്ടായത് എന്നതിന് വ്യക്തതയില്ല. സിനിമയില്‍ അത്തരമുള്ള പരാമര്‍ശങ്ങളൊന്നുമില്ല. പ്രധാനമായും നായികയാണ് ഐഎസ് പാളയത്തില്‍ എത്തിച്ചേരുന്നതായി കാണുന്നതെങ്കിലും, മതപഠന വേളയില്‍ യാദൃച്ഛികമായി കണ്ടുമുട്ടുന്ന ഒരു പെണ്‍കുട്ടിയെയും പിന്നീടൊരിക്കല്‍ ലൈംഗിക അടിമകളുടെ കൂടെ അവള് തിരിച്ചറിയുന്നുണ്ട്. അതില്‍ അസ്വാഭാവികമോ ഊതിപ്പെരുപ്പിച്ചതോ ആയ ഒരു ആശയാവതരണം കാണാനാവില്ല. പ്രത്യയ ശാസ്ത്രങ്ങളില്‍ ആകൃഷ്ടരായോ സമ്മര്‍ദംകൊണ്ടോ ഐഎസ്ഐഎസ് പാളയങ്ങളില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ ഒരു വിഭാഗം ലൈംഗിക അടിമകളായി മാറുന്നു എന്നു സാധൂകരിക്കുന്ന പത്രറിപ്പോര്‍ട്ടുകള്‍ ഏറെയുണ്ട്.
ക്രൂരപീഡനത്തിനിരയാകുന്ന നിമയും ശാലിനിയുടെ മാതാവും മറ്റു ചിലരും കൂടി പോലീസ് മേധാവിയെ കാണാനെത്തുന്ന വികാരനിര്‍ഭരമായ ഒരു രംഗമുണ്ട്. യോഗിത ബിഹാനി എന്ന അഭിനേത്രി നിമയായി ജീവിക്കുന്ന ആ നിമിഷങ്ങള്‍ ആരുടേയും നെഞ്ചില്‍ കനല് കോരിയിടും. തനിക്കും, തന്റെ സുഹൃത്തുക്കള്‍ക്കുമുണ്ടായ അനുഭവങ്ങള്‍ കണ്ണീരോടെ അദ്ദേഹത്തിന് മുന്നില്‍ വിവരിക്കുമ്പോള്‍ അവളുടെ വാക്കുകളിലൂടെ ചില കണക്കുകള്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. നിര്‍ബന്ധിതമായി മതം മാറ്റപ്പെടുകയും, കെണിയില്‍ അകപ്പെടുത്തപ്പെടുകയും ചെയ്യുന്ന അനേകം പെണ്‍കുട്ടികള്‍ ഈ സമൂഹത്തിലുണ്ട് എന്നാണ് അവള് പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ വാക്കുകള്‍ക്കൊണ്ട് പറഞ്ഞിട്ട് കാര്യമില്ല തെളിവുകള്‍ കൊണ്ടുവരൂ, അപ്പോള്‍ നോക്കാം എന്നാണ് പോലീസ് മേധാവിയുടെ മറുപടി. ഈ കാലഘട്ടത്തില്‍ പലരും കേള്‍ക്കുന്ന ഒരു പ്രതികരണം!
മതപഠന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന നായികാകഥാപാത്രം അവിടെവച്ചു കണ്ടുമുട്ടുന്ന പെണ്‍കുട്ടിയില്‍നിന്ന് അറിയുന്നതനുസരിച്ച് പ്രണയത്തെ തുടര്‍ന്ന് അവിടെ എത്തിച്ചേര്‍ന്നിരിക്കുന്ന 38 പെണ്‍കുട്ടികളുണ്ട് അവിടെ. ഇത്തരത്തില്‍ അവതരിപ്പിക്കപ്പെടുന്ന ചില കണക്കുകളുടെ യാഥാര്‍ഥ്യം സ്ഥിരീകരിക്കപ്പെടേണ്ടതുണ്ട്. എങ്കിലും, പ്രണയം മൂലമുള്ള മതംമാറ്റങ്ങള്‍, അതിനായുള്ള സമ്മര്‍ദങ്ങള്‍, തുടങ്ങിയവ ഈ സമൂഹത്തില്‍ ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്നുണ്ട് എന്നുള്ളത് അംഗീകരിച്ചേ മതിയാവൂ. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സംഘങ്ങളോ വ്യക്തികളോ നമുക്കിടയിലുണ്ടെങ്കില്‍ അവരെ തുറന്നുകാണിക്കാനും നിരുത്സാഹപ്പെടുത്താനും മടികാണിക്കേണ്ടതുമില്ല. അത് ഏതെങ്കിലും വിധത്തില്‍ ഒരു മതസമൂഹത്തെ അവഹേളിക്കുന്നതോ മതവികാരത്തെ വ്രണപ്പെടുത്തുന്നതോ ആയ പ്രവൃത്തിയാണ് എന്ന വാദഗതി യുക്തിസഹമല്ല. മറിച്ച്, പ്രസ്തുത സമുദായത്തിന്റെ മേല്‍ അനാവശ്യമാംവിധം ഉയര്ന്നുനില്ക്കുന്ന സംശയത്തിന്റെ പുകമഞ്ഞ് നീക്കം ചെയ്യപ്പെടാന്‍ അത് ഉപകരിക്കും.
ഐഎസ്ഐഎസ് ഭീകരവാദികള്‍
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിവിധ ലോകരാജ്യങ്ങള്‍ ഭീതിയോടെ കാണുന്ന ഐഎസ്ഐഎസ് എന്ന സംഘടനയെയാണ് സിനിമ തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ വിവിധ മേഖലകള്‍, തീവ്രവാദികളുടെയും പ്രദേശവാസികളുടെയും രൂപഭാവങ്ങള്‍, പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം ഉന്നതമായ സാങ്കേതിക, ദൃശ്യ മികവോടെ അവതരിപ്പിച്ചിരിക്കുന്നു. വളരെ വലിയ പ്രയത്നം സിനിമയ്ക്ക് പിന്നിലുണ്ടെന്ന് വ്യക്തം. ഇത്തരം ഭീകരവാദികളുടെ ലക്ഷ്യങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കാഴ്ചക്കാര്‍ക്ക് വ്യക്തമാകുന്ന രീതിയില്‍ വരച്ചുകാണിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ മൂന്നിലൊന്നോളം വരുന്ന ആ സീക്വന്‍സുകള്‍ വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നിട്ടും വളരെ തന്മയത്വത്തോടെ ചില ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
കേരളം പോലൊരു ചെറിയ കോണില്‍നിന്ന് തുടങ്ങുന്ന ചില വ്യക്തികളുടെ ഇത്തരം യാത്രകള്‍ എവിടെയാണ് ചെന്നെത്തുന്നതെന്ന് വ്യക്തമായി അവതരിപ്പിക്കാന്‍ പിന്നണി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരിക്കുന്നത് ചെറിയ കാര്യമല്ല. അതാണ് കേരള സ്റ്റോറിയുടെ വിജയവും അത് നല്കുന്ന സന്ദേശവും. ചെറിയൊരു ശതമാനമെങ്കിലും, എത്രമാത്രം അപകടകരമാണ് ആ കൂട്ടരും അവര്‍ പ്രചരിപ്പിക്കുന്ന സന്ദേശവുമെന്ന് സിനിമ വ്യക്തമാക്കുന്നു. പലപ്പോഴും പലകാരണങ്ങളാലും നിസാരവല്ക്കരിക്കപ്പെട്ടുപോകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും എത്രമാത്രമെന്നും, എത്രയോ കൂടുതല്‍ ഗൗരവത്തോടെ ഈ വിഷയത്തെ നാം പരിഗണിക്കേണ്ടതുണ്ടെന്നും ചലച്ചിത്രം അടിവരയിട്ട് ഓര്‍മിപ്പിക്കുന്നുണ്ട്.
ഇത്തരമൊരു ഉദ്യമത്തെ വളരെ വിജയകരമായി പൂര്‍ത്തിയാക്കിയ സംവിധായകന് സുദിപ്തോ സെന്നും കഥാപാത്രങ്ങള്‍ക്ക് ജീവനേകിയ നടീനടന്മാരും സഹപ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: