ലഖ്നൗ: ഐപിഎല്‍ പതിനാറാം സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 19.2 ഓവറില്‍ 125-7 എന്ന സ്കോറില്‍ നില്‍ക്കേയാണ് മഴ പെയ്തത്. പിന്നീട് മഴ മാറി മത്സരം പുനരാരംഭിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും മഴ കനത്തതോടെ കളി ഉപേക്ഷിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. 10 കളികളില്‍ 11 പോയിന്റ് വീതമുള്ള ലഖ്നൗവും ചെന്നൈയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുന്നു.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈയ്ക്ക് ഉജ്ജ്വല തുടക്കമാണ് ബൗളര്‍മാര്‍ നല്‍കിയത്. 6.5 ഓവറില്‍ 34 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ന്നപ്പോഴേക്കും നാല് വിക്കറ്റ് നഷ്ടമായി. പിന്നീട് 9.4 ഓവറില്‍ 44 റണ്‍സായപ്പോള്‍ അഞ്ചാം വിക്കറ്റും വീണു. ലഖ്നൗ ഇന്നിങ്സിലെ നാലാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ കെയ്ല്‍ മെയേഴ്സിനെ (17 പന്തില്‍ 14) റുതുരാജ് ഗെയ്ക്വാദിന്റെ കൈകളില്‍ എത്തിച്ചാണ് മൊയീന്‍ അലി വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടത്. കെ.എല്‍. രാഹുലിന്റെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ മനന്‍ വോറയ്ക്കും തിളങ്ങാനായില്ല. 11 പന്തില്‍ 10 നേടിയ വോറയെ ആറാം ഓവറിലെ നാലാം പന്തില്‍ മഹീഷ് തീക്ഷന ബൗള്‍ഡാക്കി. തൊട്ടടുത്ത ബോളില്‍ നായകന് ക്രുനാല്‍ പാണ്ഡ്യയെ സ്ലിപ്പില്‍ അജിങ്ക്യ രഹാനെ ഗംഭീര ക്യാച്ചില്‍ ഗോള്‍ഡന്‍ ഡക്കാക്കി മടക്കി.
ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ വെടിക്കെട്ട് വീരന് മാര്‍ക്കസ് സ്റ്റോയിനിസിനും ഇക്കുറി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രവീന്ദ്ര ജഡേജയുടെ പന്തില്‍ ബൗള്‍ഡായാണ് സ്റ്റോയിനിസ് മടങ്ങിയത്. പിന്നാലെ കരണ്‍ ശര്‍മ്മയെ (16 പന്തില്‍ 9) റിട്ടേണ്‍ ക്യാച്ചിലൂടെ മൊയീന്‍ അലി മടക്കി. ഇതോടെ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അലിക്ക് രണ്ട് വിക്കറ്റായി. പിന്നീട് നിക്കോളാസ് പൂരനും ആയുഷ് ബദോനിയും ചേര്‍ന്നാണ് സ്കോര്‍ 100 കടത്തിയത്. അധികം കഴിയും മുന്‍പേ മഹീഷ് പതിരാന, നിക്കോളാസ് പുരാനെ(31 പന്തില്‍ 20) ഡ്രസിംഗ് റൂമിലെത്തിച്ചു. ബദോനി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ പതിരാനയുടെ അവസാന ഓവറില്‍ കൃഷ്ണപ്പ ഗൗതം (3 പന്തില്‍ 1) രഹാനെയുടെ ക്യാച്ചില്‍ മടങ്ങി. ബദോനി 33 പന്തില്‍ രണ്ട് ഫോറും നാല് സിക്സുമടക്കം പുറത്താകാതെ 59 റണ്‍സെടുത്ത് നില്‍ക്കേ മഴയെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: