കോഴിക്കോട്: ഭീകരാക്രമണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെയും ആസൂത്രകരെയും ശിക്ഷിക്കുന്നതിന് പകരം അവരെ സംരക്ഷിക്കുകയാണ് ഒരു കൂട്ടം രാഷ്‌ട്രീയക്കാര്‍ ചെയ്യുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ പറഞ്ഞു. മാറാട് കൂട്ടക്കൊലയുടെ വാര്‍ഷികത്തില്‍ മാറാട്ട് നടന്ന സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരാക്രമണത്തില്‍ നിരപരാധികളായ മത്സ്യതൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഈ ആസൂത്രിത കൂട്ടക്കൊലയ്‌ക്ക് പിന്നിലാരെന്ന് കണ്ടുപിടിക്കണമെന്ന ആവശ്യം അന്ന് അംഗീകരിക്കപ്പെട്ടില്ല. പിന്നീട് കേരളത്തില്‍ ഉണ്ടായ ഭീകര ആക്രമണങ്ങളെ തടയാനും ഭീകര സംഘടനകളുടെ വളര്‍ച്ച തടയാനും കഴിയുമായിരുന്ന അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്.
മൈസൂര്‍ ആക്രമണം, 1921 ലെ മാപ്പിള ലഹള എന്നിവയുടെ ആഘാതമേറ്റുവാങ്ങിയ ജനതയാണ് മലബാറിലേത്. നിരന്തരമായ കലാപങ്ങളുടെ ഇരയായി മാറിയ ഹിന്ദുസമൂഹം മാറാട് കൂട്ടക്കൊലയില്‍ ഏറ്റ ആഘാതത്തില്‍ ഭയന്ന് ഓടിപ്പോകാതെ ജനാധിപത്യപരമായി ചെറുത്തുനിന്നു.
രാജ്യദ്രോഹശക്തികള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനുള്ള ആത്മവിശ്വാസവും ആര്‍ജ്ജവവും ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ടായി. ഹിന്ദുസമൂഹത്തിന്റെ സുരക്ഷയ്‌ക്ക് ശക്തവും സംഘടിതവുമായ ഹിന്ദു സമൂഹം തന്നെയാണെന്നുള്ളതാണ് മാറാട് നല്‍കിയ പാഠം, അദ്ദേഹം പറഞ്ഞു.
മാറാട് അരയസമാജം വൈസ് പ്രസിഡന്റ് സി. മധു അദ്ധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍, സഹ ബൗദ്ധിക് പ്രമുഖ് പി.പി. സുരേഷ് ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി.എന്‍. ബിനേഷ് ബാബു, സംസ്ഥാന ജനറല്‍സെക്രട്ടറി കെ. ഷൈനു, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ട്രഷറര്‍ ബബ്‌ലു, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേശന്‍, ഇ. പ്രശാന്ത് കുമാര്‍, ഷിനു പിണ്ണാണത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: