ന്യൂദല്‍ഹി : ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്നുള്ള ദൗത്യമായ ഓപ്പറേഷന് കാവേരിയിലൂടെ ഇതുവരെ ഇന്ത്യയില്‍ എത്തിയത് 3200 ഓളം പേര്. പ്രശ്നബാധിത പ്രദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ജിദ്ദയില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയാണ് ദൗത്യ സംഘം ഇവരെ ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.
സുഡാനില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി 62 ബസുകള്‍ പോര്‍ട്ട് സുഡാനിലെക്ക് സര്‍വീസ് നടത്തിയാണ് ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസം പോര്‍ട്ട് സുഡാനില്‍ നിന്നും 116 പേരെയാണ് ജിദ്ദയിലേക്ക് എത്തിച്ചത്. സുഡാനില്‍ നിന്നും ഇന്ത്യന്‍ സംഘം രക്ഷപ്പെടുത്തുന്ന 20ാമത് ബാച്ചാണ് ഇത്. ഐഎഎഫ് സി130ജെ ഫ്ളൈറ്റില്‍ ജിദ്ദയിലേക്ക് എത്തിച്ച ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് എത്തിക്കും. ജിദ്ദ കൂടാതെ സൗത്ത് സുഡാന്, ഈജിപ്ത്, ചാഡ്, ജിബൂട്ടി എന്നിവിടങ്ങളിലേക്കും ആളുകളെ മാറ്റിയിട്ടുണ്ട്. എട്ട് ദിവസം കൊണ്ടാണ് മൂവായിരത്തിലധികം ഇന്ത്യക്കാരെ സുഡാനില്‍ നിന്നും രക്ഷപ്പെടുത്തിയത്.
ഇന്ത്യക്കാരെ കൂടാതെ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പൗരന്മാരെയും ഒഴിപ്പിച്ചു എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം കലാപം നടക്കുന്ന സാഹചര്യത്തില്‍ സുഡാനിലെ ഇന്ത്യന്‍ എംബസി മാറ്റി. ഖാര്‍ത്തൂമില്‍നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് താല്കാലികമായി മാറ്റിയത്. ഖാര്‍ത്തൂമിലെ സ്ഥിതി നിരീക്ഷിച്ചുവരികയാണ്. ഓപ്പറേഷന് കാവേരിയുമായി ബന്ധപ്പെട്ട സുഡാനിലെ നീക്കങ്ങളെല്ലാം ഇനി പോര്‍ട്ട് സുഡാനില്‍ നിന്നാകും നിയന്ത്രിക്കുകയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സുഡാനില്‍ ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: