‘ദ കേരള സ്റ്റോറി’ എന്ന സിനിമ സംഘപരിവാര്‍ അജണ്ടയാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ഏറ്റുപിടിക്കുകയാണെന്നും ആരോപണം. കേരളം മതനിരപേക്ഷതയുടെ ഭൂമികയാണ്. കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘപരിവാര്‍ പ്രചാരണത്തെ ഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നത്. അന്വേഷണ ഏജന്‍സികളും കോടതികളും തള്ളിക്കളഞ്ഞ ‘ലൗവ് ജിഹാദ്’ ആരോപണങ്ങളെ പ്രമേയമാക്കിയതാണ് ‘ദ കേരള സ്റ്റോറി’. ഇത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാമെന്നും മുഖ്യമന്ത്രി പറയുന്നു.
ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. പക്ഷേ ഒറ്റ അല്ലെങ്കില്‍ ഓട്ടക്കണ്ണുകൊണ്ടെങ്കിലും സിനിമ കാണണ്ടെ. കാണാത്ത സിനിമക്കെതിരെ പ്രതികരിക്കുന്നതിന്റെ ദുഷ്ടലാക്ക് ആര്‍ക്കും മനസ്സിലാകും. ഇത് ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ലെന്നാണ് ശശി തരൂര്‍ പറയുന്നത്. സിനിമയെ നിരോധിക്കണമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ഹസ്സന് പ്രതികരിച്ചത്. സിനിമ കേരളത്തിനെതിരാണെന്നാണ് എല്‍ഡിഎഫ് കണ്‍വീനറുടെ അഭിപ്രായം. കണ്ണില്ലാത്തവന് ആനയെ കണ്ടതുപോലെ എന്നുപറയാറില്ലെ. അതുപോലെയാണ് ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം. സിനിമ ബന്ധപ്പെട്ട ഏജന്‍സികളെല്ലാം പരിശോധിച്ചു. സെന്‍സര്‍ ബോര്‍ഡാണല്ലോ സിനിമ പരിശോധിക്കാന്‍ അര്‍ഹതപ്പെട്ട വേദി. അത് പരിശോധിച്ച് ‘എ’ സര്‍ട്ടിഫിക്കറ്റോടെ അനുമതി നല്കി. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഭിപ്രായവും മറ്റും അടങ്ങിയ 10 ഭാഗങ്ങളും നീക്കി.
മാത്രമല്ല സുപ്രീം കോടതിയില്‍ സിനിമ എത്തി. സുപ്രീം കോടതിയില്‍ ജാസ്റ്റിസ് കെ.എം.ജോസഫ് വിധിച്ചു. സിനിമ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട ഒരാവശ്യവുമില്ലെന്ന് കോടതി പറഞ്ഞു. എന്നിട്ടും സിനിമ സംഘപരിവാറിന്റെ അജണ്ടയാണെന്ന് പറയുന്നവരുടെ തലയാണ് പരിശോധിക്കേണ്ടത്. സിനിമ മെയ് 5നേ തീയേറ്ററുകളില്‍ എത്തുന്നുള്ളൂ. സിനിമയുടെ ട്രെയിലറുകള്‍ മാത്രമാണിപ്പോള്‍ കണ്ടത്. അതു കാണാന്‍ തന്നെ വന്‍ തിരക്കാണ്. അതില്‍ കേരളത്തില്‍ നിന്ന് 32000 യുവതികളെ മതംമാറ്റി ഐസിലേക്കെത്തിച്ചു എന്നുപറയുന്നു എന്നാണ് പരാതി. അങ്ങനെയൊരു ഭാഗം ഇല്ലെന്നാണ് സിനിമാ പ്രവര്‍ത്തകര്‍ പറയുന്നത്.
വിപുല്‍ അമൃത്ലാല്‍ ഷാ പ്രൊഡക്ഷന്റെ ബാനറില്‍ സുദീപ്തോ സെന്‍ സംവിധാനം ചെയ്ത സിനിമ കേരളത്തെ അധിക്ഷേപിക്കുന്നതാണ് എന്നാണു വിമര്‍ശനം. അത് ശുദ്ധ അസംബന്ധമാണെന്നാണ് പൊതുവെ പറയുന്നത്. പാക്കിസ്ഥാന് വഴി ഭീകരര്‍ക്ക് അമേരിക്കയും സഹായം നല്കുന്നു, ഹിന്ദുക്കളെ ആചാരങ്ങള്‍ ചെയ്യാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ എന്നു പറയുന്ന ഭാഗത്തെ ഇന്ത്യന്‍ എന്നതു മാറ്റണമെന്നും നിര്‍ദേശിച്ചെന്നാണു റിപ്പോര്‍ട്ട്.
കേരളത്തില്‍ നിന്നുള്ള നാലു സ്ത്രീകള്‍ മതംമാറി ഭീകര സംഘടനയായ ഐഎസില്‍ ചേരുന്നതാണു സിനിമയുടെ പ്രമേയം. ട്രെയിലര്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസും മുസ്ലീം ലീഗും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. 32,000 അല്ല അതിലധികം ആളുകള്‍ മതം മാറി കേരളത്തില്‍നിന്ന് ഐഎസില്‍ പോയിട്ടുണ്ടെന്നു സംവിധായകന് സുദീപ്തോ സെന്‍ പറഞ്ഞതും വിവാദമായി. ആറായിരത്തോളം കേസുകള്‍ പഠിച്ചാണ് സിനിമ ഒരുക്കിയതെന്നും കണ്ടിട്ടുവേണം രാഷ്ട്രീയക്കാര്‍ വിമര്‍ശിക്കാനെന്നും സുദീപ്തോ സെന്‍പറയുന്നു.
കേരളത്തില്‍ എത്രപേര്‍ ഐഎസില്‍ ചേര്‍ന്നു എന്നത് മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തോടു പറയേണ്ട കാര്യമാണ്. ഒരു സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇരട്ടത്താപ്പ് ശരിയല്ല. ഐഎസിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമാണ്.
‘കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ ആരൊക്കെയാണ് പരസ്യമായി വരുന്നതെന്ന് അറിയാന്‍ കേരളസമൂഹം കാത്തിരിക്കുകയാണ്. ഈശോ എന്ന സിനിമയ്ക്കും കക്കുകളി എന്ന നാടകത്തിനും ഒരു നിയമവും കേരള സ്റ്റോറിക്ക് മറ്റൊരു നിയമവുമാകുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ആരും ഐഎസില്‍ ചേര്‍ന്നില്ലെന്നാണോ പറയുന്നത്? ആ സിനിമയെ സിനിമയായി കണ്ടാല്‍ പോരേ? എന്താ ഇത്ര വേവലാതി? ക്രിസ്ത്യാനികളെ ആകെ ആക്രമിക്കുന്ന നാടകത്തിന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി കൊടുക്കുന്നവര്‍, ക്രിസ്ത്യാനികളും ഹിന്ദുക്കളും പരാമര്‍ശ വിഷയമായിട്ടുള്ള സിനിമകളും നാടകങ്ങളും ആവിഷ്കാര സ്വാതന്ത്ര്യമായി പ്രഖ്യാപിച്ച് അനുമതി നല്കുന്നവര്, ഭീകരവാദത്തെക്കുറിച്ച് ഒരു സിനിമ വരുമ്പോഴും അത് ആവിഷ്കാര സ്വാതന്ത്ര്യമായി കാണേണ്ടേ? എന്ന കെ. സുരേന്ദ്രന്റെ ചോദ്യം തള്ളിക്കളയാന്‍ ഒക്കുമോ?
ആ സിനിമ കണ്ടുകഴിഞ്ഞല്ലേ വിലയിരുത്തേണ്ടത്? എന്താ ഇത്രയ്ക്കൊരു തിടുക്കം? അതില്‍ പറയുന്ന ആളുകളുടെ എണ്ണത്തിലാണ് തര്‍ക്കമെങ്കില്‍, അത് ചര്‍ച്ച ചെയ്യാം. ഐഎസിലേക്ക് ഇവിടെനിന്ന് ആളെ ചേര്‍ത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. തൃക്കരിപ്പൂരില്‍ നിന്നെല്ലാം അവര്‍ ആളെ ചേര്‍ത്തിരുന്നോ? എല്ലാ മാധ്യമങ്ങളും ഐഎസിലേക്ക് നടന്ന റിക്രൂട്മെന്റിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. എത്ര പേരാണ് ഐഎസില്‍ ചേര്‍ന്നതെന്ന് കൃത്യമായി പറയാന്‍ സാധിക്കുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണ്.
ഈ സിനിമയ്ക്കെതിരെ ആരൊക്കെ പരസ്യമായി രംഗത്തുവരുമെന്ന് കേരളത്തിലെ സമൂഹം കാത്തിരിക്കുകയാണ്. ഇതുവരെ മിണ്ടാത്തവരും, മറ്റു സിനിമകളും നാടകങ്ങളും വന്നപ്പോള്‍ അത് ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞവരും ഇപ്പോള്‍ എന്തിനാണ് ബഹളം വയ്ക്കുന്നതെന്നാണ് മനസ്സിലാകാത്തത്. മുന്‍പ് സിനിമാ തീയറ്ററുകള്‍ ആക്രമിച്ചിട്ടുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് എല്‍ഡിഎഫ്-യുഡിഎഫ് പ്രചാരണത്തിന് പിന്നിലെന്ന്് വ്യക്തമാണ്. ഒരുകോടി രൂപയാണ് മതംമാറിയവരുടെ എണ്ണം പറഞ്ഞാല്‍ ലീഗ് നേതാവിന്റെ ഇനാം. 1921 ലെ കലാപം വംശഹത്യയായിരുന്നു എന്ന സത്യം അംഗീകാരിക്കാത്തവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും. അത് കര്‍ഷക ലഹള എന്നായിരുന്നു ദിവ്യനാമം. ഐസിലേക്ക് പോകുന്നതായി പറയുന്ന സിനിമ സംഘപരിവാറിന്റെ നുണഫാക്ടറിയില്‍ നിര്‍മ്മിച്ചതാണെന്ന് ആരോപണം. പാര്‍ലമെന്റില്‍ മഹാഭൂരിപക്ഷം നേടിയതും ബഹുഭൂരിപക്ഷം സംസ്ഥാനം ഭരിക്കുന്നതും ഏതെങ്കിലും സിനിമയുടെ പിന്‍ബലത്തിലല്ലെന്ന് മനസ്സിലാക്കാനെങ്കിലും പൊട്ടന്മാര് തയ്യാറാകേണ്ടതല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: